ആവണീമാസത്തില്‍ പൂവിളികളുമായി ഓണമെത്തുമ്പോള്‍ മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം…. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറവാര്‍ന്ന ഓണാശംസകള്‍….
ചിങ്ങം തുടങ്ങുന്നു. ഓണത്തിന്റെ ചിറകിലേറിയാണ് ആണ്ട് പിറക്കുന്നത്. ഓണത്തിന്റെ വിളംബരമായി പൂക്കളം ഇട്ടുതുടങ്ങിയത് ഇക്കുറി കര്‍ക്കടകത്തിലായിരുന്നു. നാലുനാള്‍ കര്‍ക്കടകത്തിന്, ബാക്കി ചിങ്ങത്തിന്, അതാണ് ഇക്കുറി ഓണത്തിന്റെ കാലവിഭജനം. കര്‍ക്കടകം ദാരിദ്ര്യത്തിന്‍േറതെന്നത് പഴംകഥ. ഇപ്പോള്‍ കര്‍ക്കടകവും സമൃദ്ധിയുടേത്.
കര്‍ക്കടകം തീരുന്നത് ഐശ്വര്യത്തിന്റെ വരവോടെ. ചിങ്ങം മുതല്‍ ആകാശം തെളിയും. ഓണവെയില്‍ പ്രശാന്തതയ്ക്ക് മേലാപ്പാകുന്നത് അപ്പോഴാണ്. ചെടിയായ ചെടിയെല്ലാം അപ്പോള്‍ പൂക്കും. പേരറിയാക്കിളികളും ഓണക്കിളികളും ഓണത്തുമ്പിയുമെത്തും. അതുവരെ വെറും തുമ്പപ്പൂവായിരുന്നത് ഓണപ്പൂവാകും.
വീട്ടിലെ അനൈശ്വര്യത്തിന്റെ മുദ്രകളായിരുന്ന എല്ലാം കളഞ്ഞിരുന്നത് കര്‍ക്കടകത്തിന്റെ അവസാന ദിനത്തിലെ പ്രദോഷസന്ധ്യയിലാണ്. അന്ന് ഉച്ചകഴിഞ്ഞ് വീട് ആകെ അടിച്ചുതളിച്ച് വൃത്തിയാക്കും.
ചിങ്ങത്തിന്റെ അടയാളങ്ങളെല്ലാം ഓണത്തിന്‍േറതുമായി ബന്ധപ്പെട്ടതാണ്. ചിങ്ങത്തിന്റെ വെയില്‍ ഓണവെയിലാണ്. അസാധാരണമായ തിളക്കമുണ്ടാകും അതിന്. മഴപെയ്ത് പൊടിയടങ്ങിയ ആകാശത്തിന്റെ നീലനിറത്തിന് സവിശേഷമായ വിശുദ്ധിയാണ്. ചിങ്ങനിലാവ് ഓണനിലാവാകുന്നു. ഈ നിലാവത്താണ് മലയാളം ആവോളം ഊഞ്ഞാലാടിയിരുന്നതും ഓണപ്പാട്ടുകള്‍ പാടിയിരുന്നതും. 'ഒന്നാം ചിത്തിരക്കൊമ്പേ... കൊമ്പത്തിരിക്കണ പൂവേ... പൂ പറിക്കെടീ പൂമാല കെട്ടടീ ചേര്‍ത്തടുക്കെടീ പെണ്ണേ...' എന്നു തുടങ്ങുന്ന ഊഞ്ഞാല്‍പ്പാട്ട് ചിങ്ങരാത്രികളുടെ സംഗീതമായിരുന്നു. ചിങ്ങത്തില്‍ വാങ്ങുന്ന വസ്ത്രമെല്ലാം ഓടപ്പുടവകള്‍. അങ്ങനെ ഓണത്തിന്റെ നിറഭേദങ്ങളും രുചിഭേദങ്ങളുമായാണ് ചിങ്ങമെത്തുന്നത്. പൂക്കളും പൂമ്പാറ്റയുംനിറഞ്ഞ സുവര്‍ണകാലത്തിന്റെ ഓര്‍മകളുമായി ഒരോണം കൂടി എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ " ഓണാശംസകള്‍ " അത്തം പത്തിനു പൊന്നോണം പൂക്കളമൊരുക്കി മലയാളിക്ക് കാത്തിരിപ്പിന്‍റെ പത്തു നാളുകള്‍. മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു.... എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍ |
No comments:
Post a Comment