ഗിന്നസ് ബുക്കില്‍ എത്തേണ്ട സമരം...!!
ആറന്മുള വിമാനതാവളത്തിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തക൪ ഇന്നലെ നടത്തിയ സമരം(18 ആഗസ്റ്റ്) നമ്മള്‍ മലയാളികളൊക്കെ ശ്രദ്ധിക്കേണ്ട ഒന്നാണ്.വിമാനത്താവളം നിര്‍മിക്കാനുള്ള സ്ഥലത്തുള്ള കെട്ടിടങ്ങള്‍ സമരക്കാ൪ പൊളിച്ചു നീക്കിയത്രേ! ഒരു കോണ്‌ക്രീറ്റ് കെട്ടിടവും ഒരു താല്‍ക്കാലിക കെട്ടിടവും ആണ് പൊളിച്ചു മാറ്റിയത്.പോളിക്കുന്നതും പോളിച്ചടുക്കുന്നതും ഒന്നും നാം കേരളീയര്‍ക്ക് ആദ്യ അനുഭവം ഒന്നും അല്ല. സമരങ്ങളുടെ സ്വന്തം നാടായ നാം എന്തൊക്കെ സമരങ്ങള്‍ കണ്ടിരിക്കുന്നു! എന്നാല്‍ ഇവിടെ ഒരു പ്രത്യേകത ഉണ്ട്. ജെ.സി.ബി. ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചത്! ടിവിയില്‍ ആ വിഷ്വലുകള്‍ കണ്ട ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല!
കേരളീയര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാ൯ വകയുണ്ട്! കാരണം, കേരളത്തിലെന്നല്ല ലോകത്തില്‍ തന്നെ ആദ്യമാവണം ഇങ്ങിനെ ജെ.സി.ബി ഉപയോഗിച്ചുകൊണ്ടുള്ള ഒരു സമരം! ന്യൂസ് ചാനലുകള്‍ക്ക് ലഭിച്ച ക്ല്പ്പിങ്ങുകള്‍ ദയവായി ഗിന്നസ് ബുക്കുകാര്‍ക്ക് എത്തിക്കാനുള്ള ഏര്‍പ്പടുണ്ടാക്കണം.ഒരു റിക്കാര്‍ഡു എന്തായാലും ലഭിക്കും. "കേരളമെന്നു കേട്ടാല്‍....." ഇങ്ങിനെയും അഭിമാനിക്കാന്‍ ഒരു വകുപ്പുണ്ടാവട്ടെ!
മറ്റു രാഷ്ട്രീയ പാര്‍ട്ടികളും വേഗം തന്നെ ഈ രീതി അനുകരിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചോ ബക്കറ്റ് പിരിവു നടത്തിയോ മറ്റോ ജെ.സി.ബി ഇല്ലാത്ത പാര്‍ട്ടികള്‍ ഉട൯ തന്നെ ഓരോന്ന് വാങ്ങണം. പറ്റുമെങ്കില്‍ ഓരോന്ന് വീതം ഓരോ ജില്ലാ കമ്മിറ്റികള്‍ക്കും ആയിക്കോട്ടെ! പോസ്റ്റാഫീസ് പിക്കറ്റിങ്ങിനും കലക്ട്രേറ്റ് ധര്‍ണക്കും മറ്റും മുന്‍പില്‍ ഒരു ജെ.സി.ബിയും തൊട്ടു പുറകെ പ്രവര്‍ത്തകരും പോകുന്ന ദൃശ്യം ഒന്ന് ആലോചിച്ചു നോക്കൂ! രോമാഞ്ചം വരുന്നില്ലേ?! മാത്രമോ? ഇനി "സമര സഹായഫണ്ട്" എന്നൊക്കെ പറഞ്ഞു പിരിവിനു വരുമ്പോള്‍ "ജെ.സി.ബി വാടക" ഇനത്തിലൊക്കെ നാം സംഭാവന നല്‍കേണ്ടിയും വരും!
"ഇനിയും കളിച്ചാല്‍ നിന്റെ തലയിലെ തോപ്പിയല്ല,തലയേ കാണില്ല!!" എന്ന ഒരു സിനിമാ ഡയലോഗ് ഓര്‍മയില്ലേ? അതുപോലെ ഇനി കലക്ട്രേറ്റിനു മുന്നിലെ ധ൪ണ കഴിയുമ്പോഴേക്കും കലക്ട്രേറ്റ് തന്നെ കാണില്ല എന്ന സ്ഥിതി വരും!
വിമാനത്താവളം വേണോ വേണ്ടയോ എന്ന കാര്യം വഴിയെ വേണ്ടപ്പെട്ടവര്‍ തീരുമാനിക്കട്ടെ.എന്നാല്‍ ജെ.സി.ബിയുമായി ഇറങ്ങി പുറപ്പെട്ട ഇവന്മാരെ വെറുതെ വിടരുത്.അവരുടെ കയ്യില്‍ നിന്നും പൊളിച്ച കെട്ടിടത്തിന്‍റെ നഷ്ടപരിഹാരം വാങ്ങിയാല്‍ മാത്രം പോര.അവരെക്കൊണ്ട് തന്നെ അത് നി൪മി പ്പിക്കണം എന്ന് തോന്നുന്നില്ലേ? അതിനൊക്കെ നമ്മുടെ നിയമത്തില്‍ വ്യവസ്ഥ ഉണ്ടെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്.ബാബരി മസ്ജിദു പൊളിച്ച ആവേശത്തോടെ അല്ലേ ആരോ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു കളഞ്ഞിരിക്കു ന്നത്!
മറ്റാരെങ്കിലും ഉണ്ടാക്കിയിട്ടുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാ൯ എന്ത് അവകാശമാണ് ഈ സമരക്കാര്‍ക്ക് ഉള്ളത്? നമ്മുടേത് ഒരു ജനാധിപത്യ രാജ്യം ആണ് എന്നാണ് വെപ്പ്.അത്തരം ഒരു രാജ്യത്ത് നിങ്ങള്‍ക്ക് എന്തിനോടെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ പ്രതിഷേധം പ്രകടിപ്പിക്കാം. എന്നാല്‍ ഇങ്ങിനെയൊക്കെ ജനങ്ങളുടെ തലയില്‍ കയറി നിരങ്ങാ൯ വന്നാലോ? ഏതു സമൂഹത്തിനാണ് ഇതൊക്കെ വകവച്ച് കൊടുക്കാ൯ സാധിക്കുക? നിയമസഭയിലേക്ക് ഒരു എം. എല്‍.എ യെപ്പോലും പറഞ്ഞയക്കാ൯ കഴിവില്ലാത്തവ൪ ആണ് ഇവ൪ എന്ന് ഓര്‍ക്കണം!
കേരളത്തില്‍ ഏതാണ്ട് എല്ലാ സമരങ്ങളും ഇതുപോലെ ജനങ്ങളെ വെല്ലുവിളിക്കുന്ന സമരാഭാസങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.പ്രത്യേകിച്ചും രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പോഷക സംഘടനകളും നടത്തുന്നവ. ശ്രീ.പി.ജയരാജന്‍റെ അറസ്റ്റില്‍ കേരളം മുഴുവന്‍ അക്രമങ്ങള്‍ അരങ്ങേറിയത് കഴിഞ്ഞ ആഴ്ചയാണ്.അതിനെ നഖശിഖാന്തം എതിര്‍ത്തവരാണ് ഇപ്പോള്‍ ജെ.സി.ബി എടുത്തു ഇറങ്ങിയത്! ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്ന തിനുള്ള മാര്‍ഗങ്ങളാണ് സമരങ്ങളും ഹര്‍ത്താലുകളും മറ്റും.എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്കൊക്കെ ഒരു അതിര്‍വരമ്പ് വേണ്ടേ? അതിര്‍വരമ്പുകലും നിയന്ത്രണങ്ങളും ഇല്ലാത്ത ഇത്തരം സമരരീതികള്‍ നമ്മളെ എവിടെ കൊണ്ടു ചെന്നു എത്തിക്കും? ലോകത്തില്‍ മറ്റേതെങ്കിലും സമൂഹത്തില്‍ ഇത്തരം അതിരു കടന്ന ആഭാസ സമരങ്ങള്‍ നടക്കുമോ? സമൂഹം അനുവദിക്കുമോ? അതിനേക്കാ ളെറെ, സമരം ചെയ്യുന്ന ആര്‍ക്കെങ്കിലും ഇങ്ങിനെ പെരുമാറാന്‍ ഉള്ള ധൈര്യം ഉണ്ടാകുമോ? മനസ്സാക്ഷി ഉണ്ടാകുമോ?
കുറെ മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനെതിരെ സി.പി.എം നടത്തിയ സമരവും ഇവിടെ ഓര്‍ത്തുപോവുകയാണ്.അന്ന് സി.പി.എമ്മിന്റെ ഒരു യുവ നേതാവ് "എന്റെ ശവശരീരത്തിന് മുകളിലേ വിമാനത്താവളം വരികയുള്ളൂ" എന്ന് ആവേശത്തോടെ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ വളരെ വൈകാതെ ഭരണം മാറി, ആ യുവ നേതാവ് മന്ത്രിയും ആയി.. പിന്നീട് നാം കണ്ടത് വിമാനത്താവള ത്തിന്റെ ഉത്ഘാടനത്തിനു മു൯നിരയില്‍ യാതൊരു നാണവും ഇല്ലാതെ ചിരിച്ചു കൊണ്ട് നില്‍ക്കുന്ന നേതാവിനെ ആണ്! കേരളത്തില്‍ നടന്നിട്ടുള്ള പല പ്രമുഖ സമരങ്ങളും ഇത് പോലെ ആയിരുന്നു..സമരക്കാരുടെ ആദ്യ നിലപാടുകള്‍ പലപ്പോഴും പിന്നീട് മാറിയിട്ടുണ്ട്.കമ്പ്യൂട്ടര്‍ വിരുദ്ധ സമരവും പ്രീഡിഗ്രീ ബോര്‍ഡ് സമരവുമൊക്കെ ഉദാഹരണം.എന്നാല്‍ അപ്പോഴേക്കും എത്ര വര്‍ഷങ്ങളാണ് സമൂഹത്തിനു നഷ്ടപെടുന്നത്! ഒരു പക്ഷെ നാളെ യുവ മോര്‍ച്ചയുടെ സമീപനവും മാറുമായിരിക്കാം... അപ്പോഴേക്കും കേരളത്തിന് എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടാവും? ഇന്ന് പൊളിച്ചതിനൊക്കെ അന്ന് ആരും സമാധാനം ചോദിക്കില്ലല്ലോ. രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഇങ്ങിനെ പലതും നഷ്ട പ്പെടുത്തുകയും വൈകി ലഭിക്കുകയും ചെയ്യേണ്ടി വന്നിട്ടുള്ള മറ്റൊരു ജനവി ഭാഗം ലോകത്തില്‍ എവിടെ എങ്കിലും ഉണ്ടാവുമോ? ഇതിനു എത്രയും പെട്ടെന്ന് അറുതി വരുത്തണ്ടേ? ഇല്ലെങ്കില്‍ ഭാവി തലമുറയോട് നാം ഉത്തരം പറയേണ്ടിവരില്ലേ?
എം.എം.മണിയുടെ പ്രസംഗവും കഴിഞ്ഞയാഴ്ചത്തെ ഇടതുപക്ഷ ഹര്‍ത്താലും ഈ ജെ.സി.ബി അതിക്രമവും ഒക്കെ കൂട്ടിവച്ച് ചിന്തിച്ചു നോക്കൂ! ഇതൊക്കെ ലോകം മുഴുവന്‍ അറിഞ്ഞാല്‍ എന്താവും സ്ഥിതി! കേരളം എന്ന നമ്മുടെ സംസ്ഥാനം ലോകത്തിന്റെ മുഴുവ൯ മുന്‍പില്‍ ഒരുപരിഹാസ കഥാപാത്രം പോലെ നില്‍ക്കുന്നത് കാണുന്നില്ലേ? നമ്മുടെ രാഷ്ട്രീയക്കാരുടെ തിമിരം ബാധിച്ച കണ്ണുകള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ഈ കാഴ്ച കാണാന്‍ കഴിയും.ഇവരില്‍ നിന്നും കേരളത്തെ രക്ഷിക്കാ൯ എന്ത് വഴി എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മൂന്നര കോടി മലയാളികളെ ഇത്തരം അന്ധത ബാധിച്ച, സ്വാര്‍ത്ഥരായ, മു൯ പി൯ നോക്കാത്ത,നോക്കാന്‍ താത്പര്യം ഇല്ലാത്ത രാഷ്ട്രീയക്കാരുടെ സ്വാര്‍ത്ഥ താല്പര്യത്തിനു മാത്രമായി വിട്ടു കൊടുക്കരുത്..
"രാഷ്ട്രീയം എന്നത് രാഷ്ട്രീയക്കാര്‍ക്ക് മാത്രമായി വിട്ടുകൊടുക്കാ൯ പറ്റാത്തത്രയും സുപ്രധാനമായ വിഷയമാണ്" എന്ന ഫ്രഞ്ചു രാഷ്ട്ര ചിന്തകന്‍ ചാള്‍സ് ഡി. ഗോളിന്‍റെ വാക്കുകള്‍ ഇന്നത്തെ കേരളത്തില്‍ എന്നത്തേയും കാള്‍ പ്രസക്തമാണ്...
-എം.കെ ദീപക്, കണ്ണൂര്‍
MK Deepak
trainerdeepak@gmail.com
mkdeepak1@yahoo.com
deepudayanand@yahoo.co.in
No comments:
Post a Comment