| | കണ്ണൂര്‍: സി.പി.എമ്മിനെയും എം.എം. മണിയേയും കൂടാതെ, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍ എം.പിയേയും അപമൃത്യുവിനിരയായവരുടെ 'ആത്മാക്കള്‍' വേട്ടയാടുന്നു. സി.പി.എം. പ്രവര്‍ത്തകരായ നാല്‍പ്പാടി വാസു, കെ. നാണു എന്നിവരുടെ കൊലപാതകങ്ങളില്‍ സുധാകരന്റെ പങ്ക് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും പാര്‍ട്ടിയും രംഗത്തുവന്നതോടെയാണിത്. വിവിധ വധശ്രമങ്ങളില്‍നിന്നു രക്ഷപ്പെട്ടവരും സുധാകരനെതിരേ അന്വേഷണം ആവശ്യപ്പെടുന്നു. സി.പി.എം. നേതാവ് ഇ.പി. ജയരാജനെ വധിക്കാന്‍ കെ. സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലാണു വഴിത്തിരിവായത്. ഇതോടെ, കണ്ണൂര്‍ സേവറി ഹോട്ടല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട കെ. നാണുവിന്റെ ഭാര്യ എ.എം. ഭാര്‍ഗവിയും രംഗത്തെത്തി. ഡി.സി.സി. പ്രസിഡന്റായിരിക്കേ സുധാകരന്‍ ആസൂത്രണം ചെയ്‌തു നടപ്പാക്കിയതാണ് നാണുവിന്റെ കൊലപാതകമെന്ന് ഭാര്‍ഗവി ആരോപിക്കുന്നു. ഭാര്‍ഗവി പറയുന്നതിങ്ങനെ- '1992 ജൂണ്‍ 13-നു കണ്ണൂര്‍ സേവറി ഹോട്ടലില്‍ ഊണു വിളമ്പുന്നതിനിടെ എത്തിയ സംഘം നാണുവിനുനേരേ ബോംബെറിയുകയും അദ്ദേഹം കൊല്ലപ്പെടുകയുമായിരുന്നു. ഹോട്ടലിലെ താല്‍ക്കാലിക തൊഴിലാളിയായിരുന്ന നാണു മറ്റേതെങ്കിലും കേസില്‍ സാക്ഷിയോ പ്രതിയോ ആയിരുന്നില്ല. കെ. സുധാകരന്‍ ആസൂത്രണം ചെയ്‌തു നടപ്പാക്കിയതാണ് കൊലപാതകം. തുടര്‍ന്ന് സുധാകരന്‍ പോലീസിനെ സ്വാധീനിച്ച് കേസ് അട്ടിമറിച്ചു. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചില്ല. സുധാകരന്‍ പോലീസുമായി ചേര്‍ന്നു ചിലരുടെ പേരുകള്‍ നല്‍കുകയും അവരെ പ്രതികളാക്കുകയുമാണ് ചെയ്‌തത്. അന്വേഷണത്തിലെ പാകപ്പിഴ മൂലം കോടതി പ്രതികളെ വിട്ടയച്ചു. കേസില്‍ സുധാകരനെതിരേ തുടരന്വേഷണമോ പുനരന്വേഷണമോ നടത്തണം'. സി.പി.എം. പ്രവര്‍ത്തകന്‍ നാല്‍പ്പാടി വാസു വെടിയേറ്റു മരിച്ച സംഭവത്തിലും കെ. സുധാകരന്‍ പ്രതിസ്‌ഥാനത്തായിരുന്നു. ഈ കേസില്‍ വാസുവിന്റെ കുടുംബാംഗങ്ങളും സുധാകരനെതിരേ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തുണ്ട്. ഈ രണ്ടു കൊലക്കേസുകള്‍ക്കു പുറമേ മറ്റു നിരവധി കൊലപാതകശ്രമങ്ങളിലും സുധാകരനു പങ്കുണ്ടെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അന്തരിച്ച മുന്‍ എം.എല്‍.എ: ടി.കെ. ബാലന്റെ മകന്‍ ടി.കെ. അരുണ്‍, കണ്ണൂര്‍ സഹകരണ പ്രസ് ജീവനക്കാരന്‍ വി. പ്രശാന്ത്, ചൊവ്വ സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.എം. എളയാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സി. വിനോദ് എന്നിവരാണ് സുധാകരന്‍ തങ്ങള്‍ക്കെതിരേ കൊലപാതകശ്രമം ആസൂത്രണം ചെയ്‌തെന്ന ആരോപണങ്ങളുമായി രംഗത്തെത്തിയത്. ടി.കെ. അരുണ്‍ പറയുന്നതിങ്ങനെ- '1993 മേയ് 15-നു തായത്തെരു വീട്ടില്‍ കഴിയുന്നതിനിടെ അച്‌ഛനെ അന്വേഷിച്ചെത്തിയ സംഘം ബോംബെറിഞ്ഞു വീട് തകര്‍ത്തു. സഹോദരന്‍ ഹിതേഷിനു ഗുരുതരപരുക്കേറ്റു. അച്‌ഛനോടുള്ള രാഷ്‌ട്രീയവിരോധം മൂലം കെ. സുധാകരന്‍ ഏര്‍പ്പെടുത്തിയവരാണ് അക്രമം നടത്തിയത്. കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായി അന്വേഷിച്ചില്ല. വി. പ്രശാന്ത്- '1992 ജൂണ്‍ 12-നു കണ്ണൂര്‍ സഹകരണ പ്രസില്‍ ജോലി ചെയ്യവേ, ഉച്ചകഴിഞ്ഞു മൂന്നിനെത്തിയ സംഘം കത്തി, വാള്‍ എന്നിവകൊണ്ട് എന്നെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. പ്രസില്‍ ബോംബെറിഞ്ഞു ഭീതിപരത്തി. ഒരുവര്‍ഷത്തെ ചികല്‍സയ്‌ക്കു ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. തലശേരി കോടതി പ്രതികളെ മുഴുവന്‍ വിട്ടയച്ചു. സുധാകരന്‍ പറഞ്ഞയച്ച അക്രമികളാണ് യഥാര്‍ഥ പ്രതികള്‍'. സി. വിനോദ്- '1992 മേയ് 29-ന് ചൊവ്വ സഹകരണ ബാങ്കില്‍ ജോലിക്കിടെ എട്ടംഗ സായുധസംഘം വധിക്കാന്‍ ശ്രമിച്ചു. ഒരു വര്‍ഷത്തിലധികം ചികിത്സ വേണ്ടിവന്നു. തലശേരി കോടതി പ്രതികളെ വിട്ടയച്ചു. അന്നു ഡി.സി.സി. പ്രസിഡന്റായിരുന്ന സുധാകരന്റെ ഗൂഢാലോചനപ്രകാരമാണ് വധശ്രമമുണ്ടായത്. സുധാകരന്റെ പങ്കിനെക്കുറിച്ചോ യഥാര്‍ഥ അക്രമികളെക്കുറിച്ചോ അന്വേഷണം നടന്നില്ല'. |
No comments:
Post a Comment