സാംസ്കാരിക നായകര്‍ ക്വട്ടേഷന്‍ ജോലിക്കു പോയാല്‍ നിലവിലുള്ള ഗുണ്ടകളെ അതിശയിപ്പിക്കുന്ന പ്രകടനമായിരിക്കും കാഴ്ച വയ്‍ക്കുക. കൊല്ലുക മത്രമല്ല, ശവം തിന്നുക ചൂടി ചെയ്യുന്ന പെര്‍ഫെക്ഷനും ആത്മാര്‍ത്ഥതയും കണ്ട് ക്വട്ടേഷന്‍ കൊടുത്തവര്‍ പോലും വിസ്മയിക്കും. അത്യാവശ്യം എഴുത്തും വായനയും വിവരവുമുള്ള സെബാസ്റ്റ്യന്‍ പോള്‍ കേരളത്തെ നടുക്കിയ ഒരു കൊലപാതകത്തെ വ്യാഖ്യാനിച്ചത് പത്രത്തില്‍ വായിച്ചപ്പോള്‍ ആരോഗ്യദൃഢമായിരുന്ന അദ്ദേഹത്തിന്‍റെ ധിഷണാശക്തിക്കും ധാര്‍മികബോധത്തിനും പോളിയോ ബാധിച്ചു എന്നു മനസ്സിലായി.
ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിലും മാധ്യമങ്ങള്‍ അതു സംബന്ധിച്ച വാര്‍ത്തകള്‍ കൊടുക്കുന്നതിലും ജനങ്ങള്‍ അതു വായിക്കുന്നതിലും മറ്റും പ്രതിഷേധിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന പുരോഗമന(ആ വാക്കിന്‍റെ ഒരു ഗതികേട്) കലാസാഹിത്യസംഘം സാംസ്കാരികസമ്മേളനത്തിലാണ് ഡോ.സെബാസ്റ്റ്യന്‍ പോള്‍ ക്വട്ടേഷന്‍കാര്‍ പോലും പറയാനറയ്‍ക്കുന്ന തിയറികള്‍ അവതരിപ്പിച്ചത്. കൊല്ലപ്പെട്ട ടിപിയെ കുലംകുത്തി എന്നു വിശേഷിപ്പിക്കുന്നതിനെക്കാള്‍ നികൃഷ്ടമായി, ടിപി ആ മരണം അര്‍ഹിക്കുന്നു എന്നോ അയാളുടെ മരണത്തില്‍ സഹതപിക്കുന്നവര്‍ വിഡ്ഡികളാണെന്നോ വരുത്തിത്തീര്‍ക്കാനാണ് ഡോ.സെബാസ്റ്റ്യന്‍ പോള്‍ ശ്രമിച്ചിരിക്കുന്നത്.
ടിയാന്റെ മൊഴിമുത്തുകള്‍ ഇങ്ങനെ:-
"രക്തം ചിന്തിയുള്ള എല്ലാ മരണങ്ങളും രക്തസാക്ഷികളെ സൃഷ്ടിക്കുന്നില്ല. ചന്ദ്രശേഖരന്റെ മരണത്തേക്കാള്‍ ക്രൂരമായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് കക്കയത്തു രാജന്റെ മരണം. അന്നൊന്നും മാധ്യമങ്ങള്‍ ഈ ധാര്‍മികത കാണിച്ചില്ല. ചന്ദ്രശേഖരനു വെട്ട് എത്രകൊണ്ടാലും മിനിറ്റുകള്‍കൊണ്ടു മരിച്ചു. കൊലപാതകം ഉണ്ടായ ഉടന്‍ മാധ്യമങ്ങളിലൂടെ ഒരു പ്രത്യേക അജന്‍ഡ പുറത്തുവന്നു. അതിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കുക എന്നതായിരുന്നു അത്. ഡിജിപി പോലും ചന്ദ്രശേഖരന്റെ മരണത്തെ രാഷ്ട്രീയ കൊലപാതകമായി കണ്ടിട്ടില്ല."
ഡോ.സെബാസ്റ്റ്യന്‍ പോളിന് ആദരാഞ്ജലികള്‍ എന്നേ പറയാനുള്ളൂ. ജീവിച്ചിരിക്കുന്ന ഒരു പച്ചമനുഷ്യന് (ഏതു പാര്‍ട്ടിക്കാരനായാലും ശരി) ക്രൂരമായ ഒരു കൊലപാതകത്തെ ഇത്തരത്തില്‍ ദയാവധമായി ചിത്രീകരിക്കാനാവില്ല. എം. വി. ജയരാജനെപ്പോലെയോ പി. സി.ജോര്‍ജിനെപ്പോലെയോ ജനക്കൂട്ടത്തെ കാണുമ്പോള്‍ മതിമറന്നു സംസാരിച്ചുപോവുന്ന ആളല്ല സെബാസ്റ്റ്യന്‍ പോള്‍. വാക്കുകളുടെ അര്‍ത്ഥവും മൂര്‍ച്ചയും അതിന്‍റെ പ്രത്യാഘാതങ്ങളും വളരെ നന്നായി അറിയാവുന്ന കേരളത്തിലെ അപൂര്‍വം പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ്. മുഖത്ത് വെട്ടിക്കൊല്ലുന്ന രീതി കേരളത്തെ നടുക്കിയപ്പോള്‍ സെബാന്‍ പറയുന്നത് വെട്ടിയെങ്കിലും മിനിറ്റുകള്‍കൊണ്ട് അധികം വേദന അനുഭവിക്കാതെ ചന്ദ്രശേഖരന്‍ മരിച്ചു എന്നതുകൊണ്ട് അത് ക്രൂരമായ കൊലപാതകമല്ല എന്നാണ്.
വിവരവും വിവേകവുമുള്ള സെബാസ്റ്റ്യന്‍ പോള്‍ ടിപി വധത്തെ നിസ്സാരവല്‍ക്കരിക്കുകയും പതിറ്റാണ്ടുകള്‍ പിന്നോട്ട് പോയി രാജന്‍റെ കൊലപാതകമായിരുന്നു കൂടുതല്‍ ക്രൂരം എന്നു സ്ഥാപിക്കുകയും ചെയ്യുന്നു. രക്സസാക്ഷികളുടെ എണ്ണത്തിലും കണക്കെടുപ്പിലുമായിരുന്നു പണ്ട് ശ്രദ്ധ ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് ഓരോ രക്തസാക്ഷിയും എത്ര ക്രൂരമായി കൊല്ലപ്പെട്ടു, എത്ര വേദന അനുഭവിച്ചു എന്നതിലേക്ക് സെബാസ്റ്റ്യന്‍ പോളിനെപ്പോലെയുള്ളവര്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വെറുതെ ക്വട്ടേഷന്‍കാരെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല. ഇത്തരം മനസ്സുള്ള സാംസ്കാരികനായകന്മാരോടു കിടപിടിക്കുന്ന ക്വട്ടേഷന്‍കാര്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.
വേദന അനുഭവിച്ച് മണിക്കൂറുകളോളം പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നതാണ് മഹത്തരമെങ്കില്‍, അതിനുള്ള ഉദാഹരണങ്ങള്‍ തേടി അടിയന്തരാവസ്ഥക്കാലത്തേക്കൊന്നും പോകേണ്ടതില്ല. കേരളത്തിലെ റോഡുകളില്‍ നിത്യവും നാലോ അഞ്ചോ പേരെങ്കിലും അങ്ങനെ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നുണ്ട്. ഡോ.സെബാസ്റ്റ്യന്‍ പോളും ഞാനും ഇത് വായിക്കുന്ന ഓരോരുത്തരും ഉള്‍പ്പെടുന്ന സമൂഹം അത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യാത്ര തുടരുകയോ വഴിമുടക്കി കിടക്കുന്ന അതിന്‍റെ നെഞ്ചിലൂടെ വാഹനം കയറ്റിയിറക്കുകയോ ചെയ്യാറുണ്ട്. നമ്മളൊക്കെ പ്രബുദ്ധരായതുകൊണ്ട് അതില്‍ തെറ്റില്ല എന്നു മാത്രം.
ടി.പി.ചന്ദ്രശേരന്‍ സമകാലിക കേരളത്തിലെ ഏറ്റവും വലിയ രക്തസാക്ഷിയാണെന്ന് ചരിത്രം പറയുമോ എന്ന ഭയമാവണം ടിപി രക്തസാക്ഷിയല്ല എന്നു സ്ഥാപിക്കാന്‍ ചരിത്രബോധമുള്ള ഡോ.സെബാസ്റ്റ്യന്‍ പോളിനെ പ്രേരിപ്പിച്ചത്. ചോര ചിന്തി മരിക്കുന്നവരെല്ലാം രക്തസാക്ഷികളാകുന്നില്ല എന്ന പ്രസ്താവന ഡോ.സെബാസ്റ്റ്യന്‍ പോളിനെ കൊള്ളാവുന്ന ഏതെങ്കിലും ഡോക്ടറെ കാണിക്കാറായി എന്നതിന്‍റെ സൂചനയാണ്. കത്തോലിക്കാസഭയില്‍ വിശുദ്ധന്മാരെ പ്രഖ്യാപിക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. അതുപോലെ ആരൊക്കെയാണ് രക്തസാക്ഷികള്‍ ആകുന്നത്, ആരൊക്കെയാണ് ആകാത്തത് എന്ന് ഡോ.സെബാസ്റ്റ്യന്‍ പോളും മറ്റും തീരുമാനിക്കുന്ന കാലമാണ് വരുന്നത്.
ടിപി വധത്തില്‍ സിപിഎമ്മിനു പങ്കില്ല എന്നതാണ് പാര്‍ട്ടിയുടെ ഔദ്യോഗികനയമെന്നിരിക്കെ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിപിഎം നേതാക്കന്മാരെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധവും രാജ്യദ്രോഹവുമാണെന്നും, റവലൂഷണറി മാര്‍ക്സ്റ്റിസ്റ്റ് പാര്‍ട്ടിക്കാരും ടിപിയുടെ ഭാര്യ രമയും മുല്ലപ്പള്ളി രാമചന്ദ്രനും പറയുന്നത് അനുസരിച്ചാണ് കേരള പൊലീസ് കേസന്വേഷിക്കുന്നതെന്നുമൊക്കെയുള്ള നഗ്നസത്യങ്ങള്‍ എളമരം കരീമിനെപ്പോലെയുള്ളവര്‍ക്ക് പറയാം. ഡോ.സെബാസ്റ്റ്യന്‍ പോളിനെപ്പോലെ, വിവേകശാലി എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ള ഒരാള്‍ ഇത്തരത്തില്‍ ബൗദ്ധികമായ ആത്മഹത്യയ്‍ക്ക് തുനിയുന്നത് എന്തു ലാഭത്തിനു വേണ്ടിയായാലും കഷ്ടമാണ്.
No comments:
Post a Comment