കണ്ണൂര്‍: ടി.പി. വധക്കേസില്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അറസ്‌റ്റോടെ സി.പി.എം. ദുര്‍ബല പ്രതിരോധത്തിലേക്ക്. സമര്‍ഥമായ അന്വേഷണത്തോടെ പോലീസ് നീങ്ങുമ്പോള്‍ സി.പി.എമ്മിനു മേല്‍ കുരുക്കു മുറുകുകയാണ്. കൊലനടന്ന അന്നുമുതല്‍ പ്രതിരോധ തന്ത്രങ്ങള്‍ പുറത്തെടുത്തു തുടങ്ങിയ സി.പി.എമ്മിന്റെ ആവനാഴിയിലെ അവസാനത്തെ അമ്പും തീര്‍ന്നപ്പോഴാണ് പോലീസ് ഉന്നതനേതാക്കളുടെ മേല്‍ പിടിമുറുക്കിയത്. ഇനി പാര്‍ട്ടി അനുഭാവികളെ തെരുവില്‍ ഇറക്കിയും ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തികാട്ടിയും പോലീസിനെയും സര്‍ക്കാരിനേയും സമ്മര്‍ദത്തിലാക്കുക എന്ന തന്ത്രം മാത്രമാണു പാര്‍ട്ടിക്കു മുമ്പിലുള്ളത്. ടി.പി. വധത്തില്‍ പങ്കില്ലെന്ന സി.പി.എമ്മിന്റെ ആദ്യ നിലപാടിനു വി.എസ്. അച്യുതാനന്ദനില്‍നിന്നുതന്നെ തിരിച്ചടി നേരിട്ടതോടെ പാര്‍ട്ടി പ്രതിരോധത്തിന് ഇളക്കം തട്ടിയിരുന്നു. വി.എസ്, ടി.പിയുടെ വീട് സന്ദര്‍ശിച്ചതും, ഒഞ്ചിയത്തെ റവലൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിക്കാര്‍ കുലം കുത്തികളാണെന്ന പിണറായിയുടെ നിലപാടിനെ ഖണ്ഡിച്ചതും പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു. അതിനിടെ കോഴിക്കോട് ജില്ലാ സെക്രട്ടറി അവധിയെടുത്തു റഷ്യ സന്ദര്‍ശിക്കാന്‍ പോയതിനു മുമ്പിലും മറുപടി നല്‍കാനാവാതെ നേതൃത്വം വലഞ്ഞു. നേതാക്കളുടെ അറസ്‌റ്റ് ഒഴിവാക്കാന്‍ സി.പി.എം. ആവുന്നതൊക്കെ ചെയ്‌തു. കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ അറസ്‌റ്റ് ചെയ്‌തപ്പോള്‍ സംസ്‌ഥാന നേതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നു, പ്രവര്‍ത്തകരെ തെരുവിലിറക്കി. ഈ സമയം തന്നെ പാര്‍ട്ടി പ്രത്യേക മേഖലാ യോഗങ്ങള്‍ നടത്തി അണികളെ ബോധവല്‍ക്കരിക്കാനും ശ്രമിച്ചു. കൊലയില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് ആദ്യം ഉറച്ചുപറഞ്ഞ സി.പി.എം. പിന്നീട് ഏതെങ്കിലും പാര്‍ട്ടി അംഗങ്ങള്‍ ഏതെങ്കിലും ഘട്ടത്തില്‍ പങ്കാളികളായാല്‍ നടപടിയെടുക്കുമെന്ന നിലാപടിലേക്കു മാറി. ഇതു കണ്ടുപിടിക്കാന്‍ സംഘടനാതലത്തില്‍ അന്വേഷണം നടത്തുമെന്നും നേതൃത്വം പ്രഖ്യാപിച്ചു. അന്വേഷണമോ, നടപടിയോ ഇതുവരെയുണ്ടാകാത്തതു വി.എസും പൊതു സമൂഹവും ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ശരിവക്കുന്ന തരത്തിലായിരുന്നു. കൊലയില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു പറയുമ്പോഴും ഓരോ പ്രതികള്‍ അറസ്‌റ്റിലാകുമ്പോഴും മറനീക്കി പുറത്തു വന്ന പാര്‍ട്ടി ബന്ധം ഇപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തില്‍ എത്തി. ടി.പി. കൊലക്കേസില്‍ അറസ്‌റ്റിയായവരില്‍ പത്തു പേരും സി.പി.എം. നേതാക്കളാണ്. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍, ജില്ലാ കമ്മിറ്റി അംഗവും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി.എച്ച.് അശോകന്‍, ഒഞ്ചിയം, തലശേരി, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.കെ. കുഞ്ഞനന്തന്‍, കെ.കെ.കൃഷ്‌ണന്‍, പി.പി. രാമകൃഷ്‌ണന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.സി. രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍, ജ്യോതി ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ വടക്കേയില്‍ മനോജ്, ഇ.എം. ഷാജി എന്നിവരാണ് അറസ്‌റ്റിലായവര്‍. ഒളിവിലായിരുന്ന കുഞ്ഞനന്തന്‍ പാര്‍ട്ടി സഹായത്തോടെ തന്നെയാണ് വടകര കോടതിയില്‍ നാടകീയമായി കീഴടങ്ങിയത്. മറ്റൊരു സംസ്‌ഥാന കമ്മിറ്റി അംഗമായ കെ.കെ. രാഗേഷാണ് കുഞ്ഞനന്തന് ഒളിത്താവളമൊരുക്കാന്‍ സഹായിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്ന കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ അറസ്‌റ്റിയലായത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നായിരുന്നു. ഇവര്‍ക്കു സഹായം ചെയ്‌തു കൊടുത്തതിനു പ്രാദേശിക സി.പി.എം. നേതാക്കളും അറസ്‌റ്റിലായിട്ടുണ്ട്. കൊലയും പാര്‍ട്ടിയും തമ്മില്‍ ഇത്രയേറെ ഇഴചേര്‍ന്നു കിടക്കുമ്പോഴാണ് പി. മോഹനനും അറസ്‌റ്റിലായിരിക്കുന്നത്. ഇനി അന്വേഷണത്തിന്റെ ദിശ നീളുക കണ്ണൂര്‍ നേതൃത്വത്തിലേക്കായിരിക്കുമെന്ന് സി.പി.എമ്മിനറിയാം. കേരള രാഷ്‌ട്രീയത്തില്‍ 51 വെട്ടുകളാല്‍ ചോരപ്പാടുകള്‍ തീര്‍ത്ത ഈ അറുംകൊലയുടെ ബാക്കിപത്രം എത്ര പ്രതിരോധകോട്ടകള്‍ കെട്ടിയാലും സി.പി.എമ്മിന്റെ ചരിത്രത്തില്‍ നിര്‍ണായകമായിരിക്കുമെന്നുറപ്പാണ്. |
No comments:
Post a Comment