Wednesday, 4 April 2012

[www.keralites.net] വീണ്ടുമൊരു പെസഹാ..

 

മറ്റൊരു പെസഹാദിനം കൂടി... മറ്റുള്ളവരുടെ വിടുതലിനു വേണ്ടി കൊല്ലപ്പെടുന്ന ആട്ടിന്‍കുട്ടിയുടെ ചിത്രമാണല്ലോ പെസഹ നമ്മുടെ മനസുകളിലേക്ക് ആദ്യം കൊണ്ടുവരുന്നത്... മറ്റുള്ളവര്‍ക്ക് പകരമായി കൊല്ലപ്പെടുന്ന ഒരു നിഷ്കളങ്ക ജീവി.. അതുകൊണ്ട് തന്നെ രക്തഗന്ധിയാണ് പെസഹ.. അതെ നറും ചോരയുടെ മണമാണ് പെസഹായ്ക്ക്.. വീട്ടുകാരുടെ പൊന്നോമനയായി തത്തിക്കളിച്ചിരുന്ന ഒരു കുഞ്ഞാട് അതാ ഒരു ദിവസം മുറ്റത്ത്‌ ചോര ചീറ്റി പിടഞ്ഞു പിടഞ്ഞു മരിക്കുന്നു... അരുതെന്ന് പറയുവാന്‍ ആര്‍ക്കു കഴിയും ?? ഇല്ല കഴിയില്ല, കാരണം, ആ കുഞ്ഞാടിനെ മരിക്കുവാനായി തിരഞ്ഞെടുത്തതാണ്..

Fun & Info @ Keralites.net

ഹോ, അരുമയായി പോറ്റി വളര്‍ത്തിയ ഒരു കുഞ്ഞാടിനെ ദാരുണം കൊല്ലുവാന്‍ ഏത് കര്‍ഷകന് മനസുണ്ട് ? മനസുണ്ടായിട്ടല്ല, പക്ഷെ, വേറെ ഉപാധിയില്ല.. ദൈവിക ശിക്ഷയില്‍ നിന്നും മനുഷ്യ പ്രാണങ്ങള്‍ രക്ഷപെടണമെങ്കില്‍ ഇനിയൊരു മാര്‍ഗം ശേഷിക്കുന്നില്ല.. രക്തം ചൊരിയണം... അല്ലാതെ വിമോചനം സാദ്ധ്യമല്ല! ഇതാണ് ദൈവിക പ്രമാണം.

പെസഹയുടെ ചരിത്രം യഹൂദനുമായി ബന്ധപ്പെട്ടതാണ്. ഈജിപ്തിലെ ഫറവോയ്ക്ക് അടിമകളായിരുന്ന യിസ്രായേല്‍ ജനതയെ അവിടെനിന്നും വിട്ടയക്കാന്‍ ആവശ്യപ്പെട്ട ദൈവത്തോട് എതിര്‍ത്ത ഫറവോയോടും ഈജിപ്ഷ്യരോടും ദൈവം ശിക്ഷയിലൂടെ ഇടപെട്ടു. ദൈവം അവരുടെ ദുഷ്ടതയ്ക്ക് ശിക്ഷയായി തന്റെ ദൂതനെ അയച്ചു ആ രാജ്യത്തെ എല്ലാ ഭവനങ്ങളിലെയും ആദ്യ ആണ്‍ സന്തതിയെ - മനുഷ്യരിലും ജീവികളിലും - കൊന്നു കളയാന്‍ തീരുമാനിച്ചു.

കൊല്ലപ്പെടാതിരിക്കണമെങ്കില്‍ അതിനും ഒരു മാര്‍ഗം വച്ചു. ദൈവം അറിയിച്ച പ്രകാരം ചില ചിട്ടകളോടെ ഒരു കുഞ്ഞാടിനെ തിരഞ്ഞെടുത്തു ചില ദിവസങ്ങള്‍ അതിനെ നന്നായി സൂക്ഷിച്ചശേഷം നിശ്ചയിച്ച സമയത്ത് അതിനെ കൊല്ലണം! എന്നിട്ട് അതിന്റെ രക്തം അവരവരുടെ വീടിന്റെ പൂമുഖവാതില്‍പ്പടിമേല്‍ പൂശണം. ഈ രക്തത്തിന്റെ അടയാളം അവരെ മരണ ശിക്ഷയില്‍ നിന്നും ഒഴിവുള്ളവരാക്കും... ആരൊക്കെ ഇത് ചെയ്യുന്നോ, അവര്‍ക്കൊക്കെ ഇങ്ങനെ രക്ഷപെടാം...!

അങ്ങനെ തന്നെ സംഭവിച്ചു.. ഈജിപ്തിലെ നല്ലൊരു കൂട്ടം ആളുകളുടെയും മൂത്ത പുത്രന്മാര്‍ നഷ്ടപ്പെട്ടു.. കുഞ്ഞാടിന്റെ രക്ത അടയാളം ഉണ്ടായിരുന്ന ഭവനക്കാര്‍ തരിപോലും ഭയക്കാതെ രക്ഷപെട്ടു... അന്ന് അവര്‍ക്കൊരു വലിയ വിടുതലിന്റെ ദിവസമായിരുന്നു. ഫറവോയുടെ ആധിപത്യത്തില്‍ നിന്നും സര്‍വശക്തനായ ദൈവം നല്‍കിയ വിടുതല്‍........ ഈ ചരിത്ര സംഭവങ്ങളുടെ വിവരണം ബൈബിളില്‍ നിന്നും ഇവിടെ വായിക്കാം.

മരണത്തിന്റെ കരുത്തുറ്റ ക്രൂര കരങ്ങളില്‍ നിന്നും ഇന്നും മനുഷ്യന് രക്ഷ നേടണമെങ്കില്‍ സ്വയം പരിശ്രമങ്ങള്‍ കൊണ്ട് സാദ്ധ്യമല്ല. അതിനു ദൈവം ചില പ്രമാണങ്ങള്‍ വച്ചിട്ടുണ്ട്.. അത് അനുസരിച്ചേ പറ്റൂ.. ഈ പ്രമാണം എന്താണെന്നു വ്യക്തമാക്കി തരുന്നതാണ് പെസഹായുടെ പാഠം. നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളെയും ഭാവിയും ബാധിക്കുന്നതാണ്. ദൈവം തന്റെ വചനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങളിലേക്ക്‌ ഒന്ന് കണ്ണോടിക്കാം..

  1. മനുഷ്യര്‍ക്ക്‌ എല്ലാവര്‍ക്കും ഒരു ന്യായവിധിയുണ്ട്. മരണം അതാണ്‌ സൂചിപ്പിക്കുന്നത്. ഇതിനു കാരണം മനുഷ്യന്റെ പാപം ഉള്ള അവസ്ഥയാണ്.
  2. പാപ സ്വഭാവം മാറ്റുവാനോ, മരണത്തെ ഇല്ലാതെയാക്കുവാനോ മനുഷ്യര്‍ക്ക് ആര്‍ക്കും ഏത് പ്രവര്‍ത്തിയിലൂടെയും സ്വയം സാദ്ധ്യമല്ല.
  3. പാപത്തില്‍നിന്നും നരകശിക്ഷയില്‍ നിന്നും മനുഷ്യരെ രക്ഷിക്കാന്‍ ശ്രമകരമായ പ്രവൃത്തിക്ക് - വില കൊടുക്കാന്‍ - ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ.
  4. ശിക്ഷ ഉള്ളതുപോലെ, രക്ഷയും ദൈവം തയാര്‍ ചെയ്തിട്ടുണ്ട്. അതിനാണ് ദൈവം മനുഷ്യനായി - കര്‍ത്താവായ യേശു ക്രിസ്തു - ഭൂമിയില്‍ ജന്മം എടുത്തത്‌.
  5. ദൈവം വച്ച മാര്‍ഗം സ്വീകരിക്കുന്ന ആര്‍ക്കും രക്ഷിക്കപ്പെടാം - സൌജന്യമായി..

പെസഹ ഒരു ചരിത്ര സംഭവം ആയിരുന്നു. അത് മാത്രമല്ല സകല മനുഷ്യര്‍ക്കും വേണ്ടി ദൈവം ഒരുക്കി അയച്ച ദൈവ കുഞ്ഞാടിന്റെ സാദൃശവും ആയിരുന്നു. ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ആണ് യേശു ക്രിസ്തു എന്ന വ്യക്തി. ജനനം മുതല്‍ മരണം വരെ പാപം ചെയ്യാതെ മറ്റുള്ളവരുടെ - ലോകത്തിന്റെ മുഴുവന്‍ - പാപം സ്വയം ഏറ്റെടുത്തു മരിക്കുവാന്‍ വേണ്ടിത്തന്നെ അവതാരം കൈക്കൊണ്ട ദൈവമാണ് യേശു ക്രിസ്തു. ഒരു കുഞ്ഞാട് കൊല്ലപ്പെടുന്നതുപോലെ രക്തം ചൊരിഞ്ഞു മരിച്ച യേശു മരിച്ചത് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടിയാണ് - പകരമാണ്.. ഇനി പാപം പരിഹരിക്കുവാനോ, ക്ഷമിക്കപ്പെടുവാനോ, മന:ശാന്തിക്കോ നിങ്ങള്‍ ആരുടെ അടുത്തും പോകേണ്ട.. മരിക്കുകയും ഉയിര്‍ക്കുകയും ചെയ്ത യേശുക്രിസ്തു എന്ന സര്‍വാധിപതിയായ ദൈവത്തോട് പാപങ്ങള്‍ ഏറ്റു പറഞ്ഞു അവിടുത്തെ നാഥനായി സ്വീകരിച്ചാല്‍ മതി..

ഒരു കോടി ജന്മങ്ങളുടെ പാപം, ഒരു കോടി പുണ്യങ്ങളാല്‍ നീങ്ങാത്ത പാപം, ഇതാ ഈ കുഞ്ഞാടിന്റെ പരിശുദ്ധമായ തിരു രക്തത്തില്‍ ഇതിനകം തന്നെ അലിഞ്ഞില്ലാതെയായിരിക്കുന്നു.. ഇത് നിങ്ങളൊന്നു മനസിലാക്കിയാല്‍ മതി, അംഗീകരിച്ചാല്‍ മതി.. ശക്തനായ ഫറവോയെ തോല്പിച്ച ദൈവം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു കൊള്ളും... ആ ഉറപ്പാണ് ഈ പെസഹാ നിങ്ങള്‍ക്ക് തരുന്നത്.. ലോകത്ത് മറ്റാര്‍ക്കും തരാനാവാത്ത നിത്യ ജീവന്റെ ഉറപ്പ്..

ഇനിയൊരു പെസഹ തിരുനാള്‍ നിങ്ങള്‍ കണ്ടെന്നു വരില്ല, ഇനിയൊരു കുഞ്ഞാടും നിങ്ങളുടെ തീരാത്ത പാപങ്ങള്‍ ഏറ്റെടുത്തത് കൊല്ലപ്പെടുവാനും ഇല്ല....!

"ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;"

"നമ്മുടെ പെസഹാക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു തന്നേ..!!!" .

"അവനെ കൈക്കൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു."

അതുകൊണ്ട് ഇന്ന് ഒരു തീരുമാനത്തിലൂടെ ദൈവം നല്‍കുന്ന പാപമോചനവും നിത്യ ജീവനും ആത്മരക്ഷയും താങ്കള്‍ക്കും സൌജന്യമായി അനുഭവിക്കാം.. തിരഞ്ഞെടുപ്പ് നിങ്ങളുടെ മാത്രം ! സൂക്ഷിച്ചില്ലെങ്കില്‍ ആപത്താണേ!

ദൈവപുത്രന്റെ കഷ്ടാനുഭവങ്ങളും മരണവും ഉയിര്‍പ്പും ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സുദിനങ്ങളില്‍ നിങ്ങളുടെ ഉള്ളില്‍ ഒരിക്കലും കെടാത്ത ആത്മീയജീവന്റെ ദീപം തെളിയിക്കുവാന്‍ സര്‍വശക്തനായ ദൈവം കൃപചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment