താലിബാന്കാര് ഇതൊക്കെ കേട്ടാല്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരേ മാനനഷ്ടത്തിനു കേസു കൊടുക്കും. കണ്ണൂരിലെ സിപിഎം-ലീഗ് സംഘര്‍ഷത്തെപ്പറ്റി പറയുമ്പോള്‍ കുറച്ചുദിവസമായി കേള്‍ക്കുന്നതാണ് സിപിഎം കോടതി, താലിബാന്‍ മോഡല്‍ കൊല എന്നൊക്കെ. താലിബാന്‍കാര്‍ ഭീകരന്മാരാണെങ്കിലും ഭീരുക്കളല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കണ്ണൂരിലെ ലോക്കല്‍ രാഷ്ട്രീയ തെരുവുഗുണ്ടകളെ താലിബാനോടുപമിക്കുന്നത് പാര്‍ട്ടിക്കാര്‍ ക്രൂരന്മാരാണ് എന്നതിനെക്കാള്‍ താലിബാന്‍കാര്‍ അന്തസ്സില്ലാത്ത ചെറ്റകളാണ് എന്ന സന്ദേശം നല്‍കാനേ ഉപകരിക്കൂ.
തളിപ്പറമ്പ് പട്ടുവത്ത് ഏതോ ഒരു ജയരാജന്‍ സഞ്ചരിച്ച വാഹനത്തിനു നേരെ നോക്കി കണ്ണിറുക്കുകയോ കല്ലെറിയുകയോ മറ്റോ ചെയ്ത പയ്യന്മാരെ സിപിഎം പാര്‍ട്ടി കോടതി (താലിബാന്‍ മോഡല്‍) പിടികൂടി ശിക്ഷ വിധിച്ച് വെട്ടിക്കൊല്ലുകയായിരുന്നു എന്ന് അന്വേഷണറിപ്പോര്‍ട്ട് വന്നിട്ട് സാംസ്കാരികകേരളത്തിന് ഞെട്ടലോ വിളര്‍ച്ചയോ ഒന്നുമില്ല. രാഷ്ട്രീയക്കാരുടെ കൊലപാതകങ്ങള്‍ ധര്‍മയുദ്ധത്തിന്റെ ഭാഗവും അല്ലാത്തവരുടേത് തീവ്രവാദവും എന്നാണല്ലോ നമ്മുടെ സങ്കല്‍പം.
ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായ സംഭവത്തെത്തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് അഞ്ചു മുസ്‍ലിം ലീഗ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വളഞ്ഞ് പിടികൂടുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് എംഎംഎസ് ആയി ആര്‍ക്കോ (പാര്‍ട്ടി മൊബൈല്‍ കോടതി?)അയച്ചുകൊടുക്കുകയും ഫോട്ടോ കിട്ടിയവര്‍ സഖാവിന്റെ വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ച്, പിടിയിലായവരില്‍ നിന്ന് മൂന്നു പേരെ വിട്ടയക്കുകയും കല്ലെറിഞ്ഞവരെന്നു സ്ഥിരീകരിച്ച രണ്ടുപേരെ നടത്തിക്കൊണ്ടു പോയി വിചാരണ നടത്തി വധശിക്ഷ വിധിക്കുകയും ഒരാളെ നാട്ടുകാരുടെ മുന്നിലിട്ട് പരസ്യമായി വെട്ടിക്കൊല്ലുകയും ചെയ്തു എന്നായിരുന്നു റിപ്പോര്‍ട്ട്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടെയുമായിരുന്നു കൊലപാതകം എന്നും പറയുന്നു.
താലിബാന്‍ സ്റ്റൈലില്‍ വിചാരണ നടത്തുകയും അതേ സ്‍റ്റൈലില്‍ ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തുകയും ചെയ്തതല്ല, അങ്ങനെ പറഞ്ഞതാണ് തെറ്റ് എന്നാണ് സഖാക്കന്മാര്‍ പറയുന്നത്. എല്ലാം പിറവം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് കെട്ടിച്ചമച്ചതാണെന്ന് ഒരു ജയരാജന്‍ പറഞ്ഞിട്ടുണ്ട്. ജയരാജന്റെ വണ്ടിക്ക് കല്ലെറിഞ്ഞവനെ ഇത്തരുണത്തില്‍ കൊലപ്പെടുത്തിയെങ്കില്‍ ആരെങ്കിലും അങ്ങേരുടെ തലവെട്ടുകയോ മറ്റോ ചെയ്താല്‍ സിപിഎം മനുഷ്യബോംബുകള്‍ കണ്ണൂര്‍ തരിപ്പണമാക്കുമോ എന്നു ഞാന്‍ ആശങ്കപ്പെടുകയാണ്. ജയരാജന്‍മാര്‍ ചിരഞ്ജീവികളായിരിക്കട്ടെ. ചത്തുതുലയാന്‍ അണികള്‍ അണിയണിയായി മുന്നോട്ടുവരട്ടെ.
താലിബാനെന്നും പാര്‍ട്ടി കോടതിയെന്നുമൊക്കെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ദേശാഭിമാനി അവരുടെ വായനക്കാര്‍ക്കു വേണ്ടി അസ്സല്‍ ഒരു റിപ്പോര്‍ട്ടുണ്ടാക്കി. അത് വായിക്കുന്ന കറതീര്‍ന്ന പാര്‍ട്ടിക്കാര്‍ക്ക് അഞ്ച് ലീഗുകാരെയെങ്കിലും കൊല്ലാനുള്ള പ്രചോദനം നല്‍കുന്ന തരത്തിലാണ് ലേഖകനായ പി.സുരേശന്‍ സംഗതി ചമച്ചിരിക്കുന്നത്. പട്ടുവത്ത് ലീഗ് നടപ്പാക്കിയത് താലിബാനിസം എന്ന തലക്കെട്ടോടെയാണ് കൃതി.ഈ ലിങ്കില്‍ സാധനം ലഭ്യമാണ്. സിപിഎം കോടതി,താലിബാനിസം എന്നിവ കൊണ്ടുണ്ടായ ഡാമേജിനെ കവച്ചു വയ്‍ക്കാന്‍, ലീഗ് കോടതി, താലിബാന്‍ മോഡല്‍ എന്നീ വാക്കുകള്‍ ഇടവിട്ട് ഇടവിട്ട് വരുന്നതുപോലെ ഒരു റിപ്പോര്‍ട്ട് എഴുതണമെന്ന ലക്ഷ്യത്തോടെ ചമച്ചതാണ് വാര്‍ത്ത എന്നു വായിച്ചാല്‍ മനസ്സിലാവും. മുസ്‍ലിം ലീഗുകാര്‍ താലിബാന്‍കാരാണെന്ന് എഴുതിത്തുടങ്ങിയ ലേഖകന്‍ ഉപമകള്‍ക്കു വേണ്ടി കാടുകയറിയപ്പോള്‍ ആദ്യ ഖണ്ഡികയില്‍ തന്നെ ലീഗിനെ പലസ്തീന്‍ ജനതയെ പീഡിപ്പിക്കുന്ന ഇസ്രായേലിനോടുപമിക്കുകയാണ്.
"തളിപ്പറമ്പിലെ പട്ടുവം അരിയില്‍ മുസ്ലിംലീഗ് തീവ്രവാദികള്‍ നടപ്പാക്കിയത് താലിബാനിസം. അധികാരത്തിന്റെ ഹുങ്കില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിനുറുക്കി കാട്ടിലെറിയുമ്പോഴും വീടുകള്‍ തകര്‍ത്ത് കൊള്ളയടിക്കുമ്പോഴും ലീഗ് നടപ്പാക്കിയത് താലിബാന്‍ മോഡല്‍ . "വീടും പറമ്പും കിട്ടിയ കാശിന് കൊടുത്ത് സ്ഥലം വിട്ടേക്കണം. ഇല്ലെങ്കില്‍ കൊന്നുകുഴിച്ചുമൂടും" – ഇതായിരുന്നു "ലീഗ് കോടതി"യുടെ വിധി. സിപിഐ എം കുടുംബങ്ങളെയും അനുഭാവികളെയും തുരത്തിയോടിച്ച് പട്ടുവം അരിയില്‍ "പച്ചത്തുരുത്താക്കുക"യായിരുന്നു ലക്ഷ്യം. തലമുറകളായി ഈ പ്രദേശത്ത് താമസിക്കുന്നവരെ നാടുകടത്തുന്ന പദ്ധതിയാണ് ലീഗ് തീവ്രവാദികള്‍ നടപ്പാക്കിയത്. പലസ്തീനികളെ സ്വന്തം നാട്ടില്‍നിന്ന് ആട്ടിയോടിക്കുന്നതിന് ഇസ്രയേല്‍ സ്വീകരിക്കുന്ന കുടിലതന്ത്രമാണ് ലീഗ് ഇവിടെ പ്രയോഗിച്ചത്."
ഒരു വള്ളേരി മോഹനനെ ലീഗുകാര്‍ ആക്രമിച്ചതിനെപ്പറ്റി പറയുന്നുണ്ട്. വള്ളേരി മോഹനന്‍ ലീഗുകാരുടെ ആക്രമത്തില്‍ കൊല്ലപ്പെടാത്തതിന്റെ നിരാശ വളരെ പ്രകടമായി നിഴലിക്കുന്നുണ്ട് വാര്‍ത്തയിലുടനീളം. " ലീഗ് കോടതി മോഹനന് മരണമാണ് വിധിച്ചത്. ഭാര്യയും ഏതാനും സ്ത്രീകളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചതിനാലാണ് വിധി നടപ്പാകാതിരുന്നത്… ഇപ്പോഴും ബോധം തിരിച്ചുകിട്ടിയില്ല. അക്ഷരാര്‍ഥത്തില്‍ മരിച്ച് ജീവിക്കുകയാണ്. നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്ന രീതിയിലാണ് മോഹനനെ വെട്ടിയത്. വെട്ടേറ്റയാള്‍ മരിച്ചില്ലെങ്കില്‍ ജീവച്ഛവമാകണമെന്ന വ്യക്തമായ ഉദ്ദേശ്യം ലീഗ് തീവ്രവാദികള്‍ക്കുണ്ടായിരുന്നു." ഇങ്ങനെ പോകുന്നു ദേശാഭിമാനിയുടെ താലിബാന്‍ ജേണലിസം.
തീവ്രവാദം ചിലരില്‍ നിന്നു മാത്രമാകുമ്പോഴേ അതിനു ഗൗരവമുണ്ടാവുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ പോലും കരുതുന്നതെന്നു തോന്നുന്നു. അല്ലെങ്കില്‍ കണ്ണൂരിലെ അക്രമങ്ങളെ ദേശവിരുദ്ധമായി കണ്ട് ലീഗെന്നോ സിപിഎമ്മെന്നോ വ്യത്യാസമില്ലാതെ കുറ്റവാളികളെ ശിക്ഷിക്കാന്‍ സര്‍ക്കാരിനു കഴിയണം. കൊലപാതകികള്‍ക്ക് വീരപരിവേഷവും താരമൂല്യവും കല്‍പിച്ച് ആരാധിക്കുന്ന മണ്ണില്‍ രാഷ്ട്രീയ പിന്തുണയില്ലാത്തവന്‍ വല്ല കയ്യോ കാലോ വെട്ടുമ്പോള്‍ കേരളം എങ്ങോട്ടാ പോകുന്നതെന്നു വിസ്മയിക്കുന്ന തലെവെട്ടു പാര്‍ട്ടികള്‍ തന്നെയാണ് ഈ മണ്ണിലെ എല്ലാ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദികള്‍.
No comments:
Post a Comment