സാക്ഷി എന്ന പദം സത്യത്തിന്റെ വശത്ത് നിലകൊള്ളുന്നു, അല്ലേ? കോടതിയില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സാക്ഷികളെ ഉപയോഗിക്കാറുണ്ട്. (സാക്ഷി സത്യം മാത്രമേ പറയൂ എന്ന് തല്‍ക്കാലം നമുക്ക് വിശ്വസിക്കാം.) അപ്പോള്‍ എന്താണീ മനസ്സാക്ഷി? മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിരിക്കുന്നത് എന്താണോ അതാണ് മനസ്സാക്ഷി. മനസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വശത്തുനിന്ന് വീക്ഷിച്ചു നമ്മോടുതന്നെ അഭിപ്രായം പറയുന്നു; ചിലപ്പോള്‍ നാം അത് കേള്‍ക്കുന്നു, അനുസരിക്കുന്നു, സമാധാനം അനുഭവിക്കുന്നു. ചിലപ്പോള്‍ നാം ആ അഭിപ്രായം കേള്‍ക്കാന്‍ കഴിയാറില്ല, പിന്നീട് കുറ്റബോധം തോന്നുന്നു. ചിലപ്പോള്‍ മനസ്സാക്ഷിയുടെ അഭിപ്രായം കേള്‍ക്കുന്നു, എന്നാല്‍ അതനുസരിക്കാതെ പിന്നീട് മാനസികവ്യഥ അനുഭവിക്കുന്നു. അഖന്ധബോധം അഥവാ ശുദ്ധബോധം അഥവാ ആത്മബോധം അഥവാ പ്രജ്ഞ അഥവാ ഈശ്വരനാണ് മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമായിരിക്കുന്നത് എന്ന് കരുതാം. അങ്ങനെയാവുമ്പോള്‍ ആ ഈശ്വരനാണ് നമ്മുടെ മനോവൃത്തികള്‍ക്ക് സാക്ഷി, അതായത്, ഈശ്വരനാണ് മനസ്സാക്ഷി, അഥവാ മനസ്സാക്ഷിയാണ് ഈശ്വരന്‍. അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? നാം കൂടുതല്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും – നാം ഓരോരോ പ്രവൃത്തി ചെയ്യുമ്പോഴും "അത് ചെയ്യാം", "അത് ചെയ്യരുത്" എന്ന് എവിടെ നിന്നോ ആരോ വിളിച്ചു പറയുന്നതുപോലെ മനസ്സില്‍ അറിയാം. ചില ദിവസങ്ങളില്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മനസ്സില്‍ തോന്നും 'എന്തോ എടുക്കാന്‍ മറന്നു പോയി' എന്ന്. പക്ഷെ എന്താണെന്ന് അപ്പോള്‍ ഓര്‍മ്മ വരില്ല. കുറച്ചു കഴിഞ്ഞിട്ട് തനിയെ ബോധ്യമാകുകയും ചെയ്യും. നാം മനസ്സിന്റെ വിക്ഷോഭങ്ങള്‍ക്ക് അടിമയാണെങ്കില്‍, മനസ്സാക്ഷി പറയുന്നത് കേള്‍ക്കില്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമില്ല. ആത്യന്തികമായ പരമസത്യത്തിന്റെ, ഈശ്വരന്റെ, ഇടപെടലുകളെ അങ്ങനെ നാം തിരസ്കരിച്ച് ആത്മവഞ്ചനയ്ക്ക്, ഈശ്വരനിന്ദയ്ക്ക്, പാത്രമാകുന്നു. അങ്ങനെ മനസ്സാക്ഷിയെ (ഈശ്വരനെ) മുന്‍നിര്‍ത്തി ജീവിക്കുന്നത് തന്നെയാണ് യഥാര്‍ത്ഥഭക്തി. അങ്ങനെ നമ്മുടെ എല്ലാ പ്രവര്‍ത്തനവും മനസ്സാക്ഷിയെ മുന്‍നിര്‍ത്തിയാവുമ്പോള്‍ അതുതന്നെയാണ് പൂര്‍ണ്ണമായ ഈശ്വരാര്‍പ്പണം. ആ അവസ്ഥയില്‍ ഞാന്‍ എന്ന ഭാവം (അഹംഭാവം) അല്ല പ്രവര്‍ത്തിക്കുന്നത്, ഈശ്വരനാണ്. അങ്ങനെ ചെയ്യുന്ന പ്രവൃത്തികളാണ് നിഷ്കാമകര്‍മ്മം. ഓരോ പ്രവൃത്തിയില്‍ ഈശ്വരന്‍ അഥവാ മനസാക്ഷിയുടെ അഭിപ്രായം അറിഞ്ഞു ചെയ്യുന്നതിനാല്‍, അതായത് വിവേകം പൂര്‍ണ്ണമായി ഉപയോഗിക്കുന്നതിനാല്‍, പ്രവൃത്തി ചെയ്യുന്നത് ശരീരം ആണെങ്കിലും ചെയ്യിപ്പിക്കുന്നത് മനസ്സാക്ഷി അഥവാ ഈശ്വരന്‍ ആണെന്നുവരുന്നു. അതിനാല്‍ ഞാന്‍ ചെയ്യുന്നു എന്ന കര്‍ത്തൃത്വവുമില്ല, ഞാന്‍ അനുഭവിക്കുന്നു എന്ന ഭോക്തൃത്വവുമില്ല. എല്ലാ പ്രവൃത്തിയും ഈശ്വര പ്രേരിതം മാത്രം. അപ്പോള്‍ ഈശ്വരന്‍ മാത്രമേയുള്ളൂ, ഈ ശരീരവുമില്ല, ഈ മായാപ്രപഞ്ചവുമില്ല. നാം കേള്‍ക്കുന്നതും വായിക്കുന്നതുമായ തത്ത്വങ്ങളെ വിചിന്തനം ചെയ്യുക അല്ലെങ്കില്‍ മനനം ചെയ്യുക വഴി നമ്മുടെ മനസ്സില്‍ ചിന്തകള്‍ ഉറയ്ക്കുകയും ആ വിഷയത്തില്‍ ശ്രദ്ധയോടെ ധ്യാനിച്ചു സാക്ഷാത്കരിക്കുകയും ചെയ്യാമെന്ന് പറയപ്പെടുന്നു. |
No comments:
Post a Comment