ധ്യാനത്തിന്റെ നിറഭേദങ്ങള്‍
ജന്മനാടിന്റെ ഓര്‍മകള്‍ കാത്തുസൂക്ഷിച്ച് കാതങ്ങള്‍ക്കിപ്പുറം അവയെ പുനരാഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്ന ഒരുഅഭയാര്‍ഥി സമൂഹം. നംഡ്രോളിങ് എന്ന ബൈലക്കുപ്പയിലെ ടിബറ്റന്‍ തുടിപ്പുകളിലൂടെ...
ഒരു മഹാപ്രയാണത്തിന്റെ അപൂര്‍ണത....ഉറ്റവരില്‍ നിന്ന് ഒറ്റപ്പെടുന്നതിന്റെ നിസ്സഹായത...ജീവിതം മുഴുവന്‍ അഭയാര്‍ത്ഥികളാകേണ്ടി വരുന്നവരുടെ മനസ്സിന്റെ നൊമ്പരം...പുറമേ കാണുന്ന പുഞ്ചിരികള്‍ക്കും സന്തോഷങ്ങള്‍ക്കും നിറങ്ങള്‍ക്കുമപ്പുറം ഇതൊക്കെയാണ് കൂര്‍ഗ്ഗിലെ ബൈലക്കുപ്പയും അവിടുത്തെ ടിബറ്റന്‍ വംശജരും...
1949ല്‍ ആയിരുന്നു അത്, ഹിമാലയത്തിന്റെ മടിത്തട്ടില്‍ എന്നും സമാധാനം മാത്രം ആഗ്രഹിച്ചിരുന്ന ടിബറ്റ് എന്ന കൊച്ചു രാജ്യത്തെ ചൈനയുടെ പട്ടാളം ആക്രമിച്ചു. രാജ്യത്തിന്റെ ജീവവായുവായ ബുദ്ധമതത്തെ സൈന്യം ചിന്നഭിന്നമാക്കാന്‍ തുടങ്ങി. ഒരു വംശം തന്നെ ഇല്ലാതാകുമെന്ന് കണ്ടപ്പോള്‍ അന്നത്തെ ബുദ്ധസന്യാസിമാരില്‍ പ്രമുഖനും യുവാവുമായ പെനോര്‍ റിംപോച്ചെ തന്റെ അനുയായികളുമായി നാടുവിട്ടു. ദീര്‍ഘമായ പലായനമായിരുന്നു അത്. തുടക്കത്തില്‍ മുന്നൂറോളം അനുയായികളാണ് പേനോര്‍ റിംപോച്ചേക്കൊപ്പമുണ്ടായിരുന്നത്. ചൈനീസ് പട്ടാളം ഇവരെ പിന്‍തുടര്‍ന്നു ഹിമാലയത്തിന്റെ പര്‍വ്വത പാര്‍ശ്വങ്ങളില്‍ അവരില്‍ പലരും മരിച്ചു വീണു. കഠിനമായ യാത്രയ്‌ക്കൊടുവില്‍ ഇന്ത്യയിലെത്തിയപ്പോള്‍ പെനോറിനൊപ്പം അവശേഷിച്ചത് 30 പേര്‍ മാത്രം. ഇന്ത്യയുടെ കൈകളില്‍ അഭയം തേടിയ അവര്‍ ആദ്യകാലങ്ങളില്‍ തങ്ങിയത് അരുണാചലിലായിരുന്നു.
1960 ആയപ്പോഴേക്കും ടിബറ്റില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് കൂടി. ഇവരെ ഉള്‍ക്കൊള്ളാന്‍ പുതിയ ഇടങ്ങള്‍ തേടേണ്ടി വന്നു. 1961 ല്‍ പെനോര്‍ റിംപോച്ചയും സംഘവും ദക്ഷിണേന്ത്യയിലേക്ക് തിരിച്ചു. ബൈലക്കുപ്പയായിരുന്നു ലക്ഷ്യം. അവിടെ കര്‍ണാടക സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്കായി നല്‍കിയ മൂവായിരം ഏക്കറില്‍, ഒരു വലിയ സംഘം ടിബറ്റുകാര്‍ ഇതിനകം തന്നെ എത്തിയിരുന്നു. 1963ല്‍ പെനോര്‍ റിംപോച്ചെയും എണ്ണത്തില്‍ കുറഞ്ഞ അനുയായികളും ബൈലക്കുപ്പയിലെത്തി. അവിടെ ഒരു ബുദ്ധവിഹാരം സ്ഥാപിക്കാന്‍ പെനോര്‍ തീരുമാനിച്ചു. വെറും മുന്നൂറു രൂപയും 10 സംന്യാസിമാരുമായിരുന്നു അദ്ദേഹത്തിനൊപ്പം അന്നുണ്ടായിരുന്നത്. വനപ്രദേശമായിരുന്ന അവിടെ ആദ്യം മുളകൊണ്ട് കെട്ടിടം നിര്‍മ്മിച്ചു, മൂന്ന് നിലകളിലായി. അന്നത്തെ എണ്‍പത് ചതുരശ്ര അടിയിലുണ്ടായിരുന്ന ബുദ്ധവിഹാരം, പിന്നീട് മുളങ്കാട് പോലെ പടര്‍ന്ന് പന്തലിച്ചു. ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ ദലൈലാമ ബൈലക്കുപ്പ ബുദ്ധവിഹാരത്തിന് നംഡ്രോളിങ് മോണാസ്ട്രി അഥവാ സുവര്‍ണ ക്ഷേത്രം എന്ന പേര് നല്‍കി. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധമത പഠന കേന്ദ്രമാണ് ബൈലക്കുപ്പ. അയ്യായിരത്തിലധികം സന്യാസിമാരാണ് വിഹാരത്തില്‍. ഇതുകൂടാതെ കോളേജും ആശുപത്രിയും വീടുകളും കൃഷിയിടങ്ങളുമെല്ലാമായി മൂന്നു തലമുറകളിലെ 18,000 ടിബറ്റന്‍ അഭയാര്‍ത്ഥികളാണ് ഇവിടെയുള്ളത്. പക്ഷേ എല്ലാമുണ്ടായിട്ടും ജന്മനാടും നാട്ടുകാരും ഓര്‍മകളായി അവശേഷിച്ചു...
അഭയാര്‍ത്ഥികളുടെ സ്വര്‍ഗ്ഗം തേടിയുള്ള യാത്രയില്‍ ആദ്യം എതിരേറ്റത് പ്രാര്‍ത്ഥനാ പതാകകളായിരുന്നു. തലേന്നത്തെ ഉറക്കക്ഷീണം കുടഞ്ഞുകളഞ്ഞ് ബൈലക്കുപ്പക്കാര്‍ എഴുന്നേല്‍ക്കുന്നതേയുണ്ടായിരുന്നുള്ളു. വലിയൊരു മൈതാനത്ത് മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് തോരണം തൂക്കിയത് പോലെയായിരുന്നു ബുദ്ധമത പ്രാര്‍ത്ഥനകള്‍ എഴുതിവെച്ച പതാകകള്‍.
ബൈലക്കുപ്പയുടെ മനസ്സ് പോലെ കാറ്റിനുമുണ്ട് സ്വഛത...ചോളം വിളയുന്ന പാടങ്ങള്‍ കടന്ന് നംഡ്രോളിങ് വിഹാരത്തിന്റെ കവാടത്തിലെത്തി. മൂന്ന് മകുടങ്ങളുമായി സ്വര്‍ണവര്‍ണത്തിലും കരിഞ്ചുവപ്പിലും കുളിച്ചു നില്‍ക്കുന്ന വിശാലമായ കവാടം. പൊടുന്നനെ ഒരു ട്രാക്ടര്‍ നിറയെ മഞ്ഞയും മറൂണും നിറത്തിലുള്ള വേഷത്തില്‍ ഒരു സംഘം ലാമമാര്‍ കവാടം കടന്ന് പുറത്തേക്ക് വന്നു. ടിബറ്റന്‍ അധിവാസഭൂമിയിലേക്ക് നീളുന്ന വഴിയിലൂടെ ലാമകളേയും വഹിച്ചു കൊണ്ടുള്ള ട്രാക്ടര്‍ കടന്ന് പോയി.
'ഏതെങ്കിലും ടിബറ്റന്‍ വീടുകളില്‍ പൂജയോ മറ്റോ കാണും, അതിനാണ് ഇവരെ കൊണ്ടു പോകുന്നത്...' മനസ്സിലെ സംശയത്തിന് മറുപടി തന്നത് ബുദ്ധവിഹാരത്തിന് മുന്നില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിക്കുന്ന മലയാളിയായ മുസ്തഫയാണ്. സംസാരിച്ച് നില്‍ക്കുന്നതിനിടെ മറ്റൊരു സംഘം കുഞ്ഞുലാമമാര്‍ മുസ്തഫയുടെ ഓട്ടോയില്‍ കയറി കുശാല്‍ നഗറിലേക്ക് പോയി....
ഇതിനിടെ വിഹാരം ലക്ഷ്യമാക്കി ചിലര്‍ വരുന്നുണ്ടായിരുന്നു. ബൈലക്കുപ്പയിലെ ടിബറ്റുകാര്‍ പ്രഭാത പ്രാര്‍ത്ഥനയ്ക്കായി ഒറ്റയ്ക്കും കൂട്ടമായും എത്തുന്നു...വളരെ പ്രായം ചെന്ന ഒരു ടിബറ്റന്‍ മുത്തശ്ശിയാണ് ശ്രദ്ധയില്‍പ്പെട്ടത്. കടും നീലനിറത്തിലുള്ള ഷര്‍ട്ടും ചാരനിറമാര്‍ന്ന കണങ്കാലില്‍ മുട്ടാത്ത പാവാടയുമായിരുന്നു അവരുടെ വേഷം. തലയില്‍ മറൂണ്‍ നിറത്തിലുള്ള തുണിതൊപ്പിയും കാലില്‍ കറുത്ത സോക്‌സും ചെരുപ്പും. വാര്‍ദ്ധക്യം തളര്‍ത്തിയ ടിബറ്റന്‍ മുത്തശ്ശിയുടെ നീളത്തിന്റെ കുറച്ചു ഭാഗം മുതുകിലെ കൂന് അപഹരിച്ചിട്ടുണ്ട്. ചുക്കിചുളുങ്ങിയ കൈവിരലുകള്‍ക്കിടയിലൂടെ ജപമാലയിലെ മുത്തുകള്‍ എണ്ണം പറഞ്ഞ് പോകുന്നു. ശ്വാസത്തിന് കീഴില്‍ എന്തോ ഉരുവിടുന്നു, 'ഓം മണിപദ്‌മേ ഹും' എന്നായിരിക്കണം. കൈവിരലുകള്‍ക്കിടയിലൂടെ ചലിച്ചു കൊണ്ടിരുന്ന ജപമാലയ്്ക്കും മന്ത്രമുരുവിടുന്ന ആ വൃദ്ധയുടെ ചുണ്ടുകള്‍ക്കും ഒരേ താളമായിരുന്നു...
അവര്‍ കവാടത്തിലൂടെയല്ല അതിനപ്പുറത്തുള്ള ഇടനാഴിയിലേക്കാണ് പോയതെന്നത് കൗതുകമുണര്‍ത്തി. കയ്യില്‍ ജപമാലയേന്തിയവര്‍ വീണ്ടുമെത്തി. ചിലര്‍ മാത്രമേ കവാടത്തിലൂടെ കയറുന്നുള്ളു. മിക്കവരും ആ ഇടനാഴിയിലേക്കാണ് പോകുന്നത്. വിഹാരത്തിന്റെ തന്നെ ഭാഗമായ പഠനകേന്ദ്രത്തില്‍ നിന്നെത്തിയ ലാമമാരും ആ വഴി തന്നെ സ്വീകരിച്ചു...അത് പ്രാര്‍ത്ഥനാ ചക്രങ്ങള്‍ നിറഞ്ഞ പ്രദക്ഷിണ പാതയായിരുന്നു, വിഹാരത്തെ ചുറ്റുന്ന പ്രദക്ഷിണവഴി. പ്രാര്‍ത്ഥനാ ചക്രങ്ങള്‍ തിരിച്ച്, മന്ത്രങ്ങള്‍ ഉരുവിട്ട് ലാമമാര്‍ കടന്ന് പോയി....
വ്യാളീമുഖങ്ങളും ശില്‍പ്പങ്ങളും മറ്റേതെല്ലാമോ അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ഗോപുരത്തിന്റെ മുകള്‍ ഭാഗം. പെനോര്‍ റിംപോച്ചയുടെ ചിത്രത്തിന് മുന്നില്‍, താലങ്ങളില്‍ പഴങ്ങളും മറ്റ് ധാന്യങ്ങളും. മുകളില്‍ ബുദ്ധഭിക്ഷുക്കള്‍ സ്ഥലം വൃത്തിയാക്കുന്ന തിരക്കിലാണ്. ഗോപുരത്തിന്റെ ഒത്ത മുകളില്‍ മഴവില്ലിന്റെ പ്രതീകം പോലെ അര്‍ദ്ധചക്രം. താഴെ പൂര്‍ണചക്രമായി പ്രദക്ഷിണം വെയ്ക്കുന്ന ലാമമാര്‍...ക്ഷേത്രത്തിനകത്തേക്കുള്ള മുന്തിരച്ചാറിന്റെ നിറമുള്ള വലിയ പ്രവേശനമുഖം അടഞ്ഞ് കിടന്നിരുന്നു.
ഗുരു പദ്മസംഭവ അഥവ ഗുരു റിംപോച്ചെയാണ് ടിബറ്റില്‍ ബുദ്ധമതം പ്രചരിപ്പിച്ചതെന്ന് വിശ്വസിക്കുന്നത്. ബുദ്ധന്റെ രണ്ടാം ജന്മമാണ് പദ്മസംഭവയെന്നാണ് ടിബറ്റുകാരുടെ വിശ്വാസം. സുവര്‍ണ പ്രതിമകളുടെ ഇരുവശത്തുമായി ഗുരു പദ്മസംഭവയുടെ 25 പ്രധാന ശിഷ്യന്‍മാരുടെ ചിത്രങ്ങള്‍. അതിന് മുകളിലത്തെ നിലയില്‍ ബുദ്ധന്റെ ജീവചരിത്രം. എല്ലാം ടിബറ്റന്‍ ശൈലിയിലുള്ള ചിത്രരചനകള്‍. ബുദ്ധമതത്തിലെ നിയന്‍ഗമ പരമ്പരയിലുള്ള സോഗോച്ചന്‍ രീതിയിലെ 12 ഗുരക്കന്‍മാരുടെ ചിത്രങ്ങളും നിരവധി ബോധിസത്വന്മാരുടെ ചുവര്‍ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ഈ വലിയ ഹാള്‍. രണ്ടു നിലകളിലായുള്ള വലിയ ഹാളിന്റെ ഇരുവശവും ചില്ലു കൂടുകളാണ.് അങ്ങേ തലയ്ക്കലെ കാഴ്ച്ചകള്‍ കാണാനാവില്ല. അവിടെയാണ് പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. നാദസ്വരങ്ങളും തുകല്‍ വാദ്യങ്ങളും കേള്‍ക്കുന്നുണ്ടായിരുന്നു.
മൊബൈലില്‍ സംസാരിച്ചു കൊണ്ട് നടന്നു പോകുന്ന ബുദ്ധഭിക്ഷു. അതിനേക്കാള്‍ കൗതുകമുള്ളകാഴ്ച്ചയായിരുന്നു വിഹാരത്തിന്റെ പിന്‍വശത്ത് കാത്തിരുന്നത്. ഉത്സവപ്പറമ്പുകളില്‍ രുചിയേറിയ ഭക്ഷണവിഭവങ്ങളുമായി സൈക്കിളില്‍ എത്തിയിരുന്ന കച്ചവടക്കാരെ പോലുള്ളവര്‍ വിഹാരത്തിന് പിന്നിലെ കവാടത്തില്‍! കുഞ്ഞു ലാമമാരും അത്ര കുഞ്ഞല്ലാത്ത ലാമമാരും എന്തൊക്കയോ ഭക്ഷണസാധനങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുന്നു.
അവിടെ നിന്ന് വന്ന വഴിയിലൂടെ പ്രധാന കവാടത്തിലേക്ക് നടന്നു. ഇരുവശത്തും പ്രാര്‍ത്ഥനാ മുറികളും പഠന മുറികളും. മറ്റൊരിടത്ത് സ്‌കൂള്‍. താമസ സ്ഥലത്തെ ഇടനാഴിയില്‍ കുഞ്ഞു ലാമമാരുടെ കളികള്‍. ഇടനാഴിയില്‍ നിലത്ത് കിടന്നുറങ്ങുകയായിരുന്ന കൂട്ടുകാരന്‍ ലാമയെ മറ്റു രണ്ടു പേര്‍ ചേര്‍ന്ന് കാലില്‍ പിടിച്ച് വലിച്ചിഴച്ചു കൊണ്ടു പോകുന്നു. ഇതിനിടെ ലാമവേഷത്തില്‍ സ്ത്രീകളേയും കണ്ടു. തലമുണ്ഡനം ചെയ്ത ഇവരെ തിരിച്ചറിയുക അല്‍പ്പം ബുദ്ധിമുട്ടാണ്. പക്ഷേ വേഷവിധാനത്തില്‍ അല്പം മാറ്റമുണ്ട്.
പെനോര്‍ റിംപോച്ചയുടെ ചിത്രം വെച്ചിട്ടുള്ള ക്ഷേത്രഗോപുരത്തിനടുത്തെത്തിയപ്പോള്‍ അതുവരെ കണ്ട ലാമമാരില്‍ നിന്ന് തികച്ചും വ്യത്യസ്തനായ ഒരാളെ കണ്ടു. വന്ദ്യവയോധികനായ ബുദ്ധഭിക്ഷു. പതുക്കെ നടന്നുവരുന്ന അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ട്. നെഞ്ചുവരെ നീളുന്ന നരച്ച താടിരോമങ്ങള്‍ അദ്ദേഹത്തിന് ദൈവീകമായ ഒരു പരിവേഷം നല്‍കുന്നുണ്ട്. 'ഫെന്‍' അങ്ങനെയാണ് സ്വന്തം പേര് ആ വൃദ്ധനായ സംന്യാസി ഉച്ചരിച്ചത്, വളരെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞ് തുടങ്ങി.. 'ഇരുപതാം വയസ്സില്‍ ടിബറ്റ് വിട്ടതാണ്. അഭയം തേടി ഇന്ത്യയിലെത്തി. ഇപ്പോള്‍ എണ്‍പത് വയസ്സായി. ഞങ്ങളന്ന് വരുമ്പോള്‍ ഇവിടം വലിയൊരു കാടായിരുന്നു. ഇന്നത്തെ വലിയ പ്രാര്‍ത്ഥനാ മുറികള്‍ വളരെ ചെറിയ മുളം കുടിലുകളും. മിക്കപ്പോഴും പാടത്ത് പണിയെടുത്തു. ചോളമായിരുന്നു പ്രധാന കൃഷി. കാട്ടാനകള്‍ കൃഷിയും കുടിലുകളും നശിപ്പിക്കുന്നത് നിത്യ സംഭവമായിരുന്നു...'
പുറത്ത് ഒരു ടിബറ്റന്‍ തട്ടുകടിയില്‍ കയറി, 'കോംഗ്‌പോ റസ്‌റ്റോറന്റ്'. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ റോഡിന്റെ അപ്പറുത്തെ വശത്ത് സഞ്ചരിക്കുന്ന ഒരു തട്ടുകട വന്നു. ലാമമാര്‍ ഓരോരുത്തരായി വന്നു തുടങ്ങി. ചൂടുള്ള ദോശ തിന്നാന്‍.... അവിടെ വെച്ച് 'തഷി' എന്ന ടിബറ്റന്‍ വനിതയെ പരിചയപ്പെട്ടു. ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു..'സന്തോഷമാണ്, ഇവിടമാണ് ജന്മനാടെന്ന് വിശ്വസിക്കാനാണിഷ്ടം. വര്‍ഷാവര്‍ഷം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന നിമിഷത്തില്‍ മാത്രമാണ് ഞാനൊരു അഭയാര്‍ത്ഥിയാണെന്ന സത്യം ഓര്‍മ്മിക്കുക. ഒരിക്കലെങ്കിലും ടിബറ്റിലേക്ക് പോകണമെന്നുണ്ട് പക്ഷേ...'
Travel Info
Namdroling Monastery
Namdroling was established by Pema Norbu Rinpoche. With only 300 rupees in his hand and with just a handful of monks, he laid the foundation stone of the three-storied main temple that then covered an area of 80 square feet. The Dalai Lama consecrated the spot and bequeathed the name 'Namdroling Monastery.' Today the monastery is home to nearly 5000 monks and nuns.
How to Reach
By rail: Hassan, Kasaragod, Cannanore and Tellicherry (each of which are almost equidistant 115 km away). Mysore and Mangaluru have railway stations with very good rail connectivity and are good alternatives to reach Madikeri.
By air: Bengaluru (225 Km)
Visiting the Monastery
Visitors are allowed to make day trips to the monastery without permit.
Protected Area Permit: It is not legal to stay the night in the monastery without a P.A.P (Protected Area Permit )
For the application and other details visit www.tibet.net. Indian Goverment strictly requires a 'PAP' for those wishing to spend the night at any Tibetan settlement. This approval process takes up to four months. Plan in advance.
Contact:
Namdroling Nyingmapa Monastery, Arlikumari, P.O. Bylakuppe pin 571104, Mysuru District, Karnataka. Ph: 08223-254318, Ph: 08223-2540383,
Email: namdroling@palyul.org
Stay:
For Reservations: Ph: 08223-252-962 (Note that rooms cannot be guaranteed). Its better to stay at Kushalnagar.
Tips:
The shops on the premisis of the Monastery include a restaurant, an internet station, there are a variety of Tibetan artefacts such as rings, necklaces, beads, stones, bells, jewellery boxes etc.
Western Union with a money changing facility (although exchange rates are likely lower in Bangalore)
There are two ATM's in Kulshanagar.
║│││▌│█║▌║│ █║║▌█ ║
╚»+91 9447 14 66 41«╝
| www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment