ചില കുസൃതിത്തരങ്ങള്‍
റീഷ്മ ദാമോദര്‍
സാമൂഹ്യപ്രവര്‍ത്തകരായ മൈത്രേയന്റേയും ഡോ.എ.കെ.ജയശ്രീയുടെയും മകള്‍ കനിയുടെ ജീവിതത്തെക്കുറിച്ച് കേള്‍ക്കുന്നതുതന്നെ അദ്ഭുതമാണ്...
'അച്ഛനെ ഞാന്‍ മൈത്രേയനെന്നുതന്നെയാണ് വിളിക്കുന്നത്. അമ്മയെ ജയശ്രീച്ചേച്ചിയെന്നും. അവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ജയശ്രീച്ചേച്ചിയുടെ അച്ഛനെയും അമ്മയേയുമാണ് ഞാന്‍ അച്ഛനെന്നും അമ്മയെന്നും വിളിക്കുന്നത്. അവരോടൊപ്പമാണ് ഞാന്‍ പതിനഞ്ച് വയസ്സ് വരെ ജീവിച്ചതും. വളരെ കണ്‍സര്‍വേറ്റീവ് ആയ അന്തരീക്ഷത്തില്‍. മൈത്രേയനും ചേച്ചിയും രണ്ട് വീടപ്പുറമായിരുന്നു.''തിരുവനന്തപുരത്തെ കൊച്ചുവീട്ടിലിരുന്ന് കനി ചിരിയോടെ ഓര്‍മിച്ചു.
വ്യത്യസ്തരായ മാതാപിതാക്കളുടെ അതേ പാതയില്‍ത്തന്നെയാണ് മകളും. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ നാടകാഭിനയം. ജീവിക്കാന്‍ അതുപോരെന്നു തോന്നിയപ്പോള്‍ സിനിമയിലും അഭിനയിച്ചു കനി.
''എന്നോട് മൈത്രേയനും ചേച്ചിയും ആകെയൊരു കാര്യമേ പറഞ്ഞിട്ടുള്ളൂ, നിന്റെ ജാതിയും മതവും ചോദിച്ചാല്‍ അതിനോട് പ്രതികരിക്കാന്‍ പോവണ്ട എന്ന്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലൊന്നും മതവും ജാതിയും ഇല്ലെനിക്ക്.''
അച്ഛനും അമ്മയും വളരെ വ്യത്യസ്തരാണല്ലോ?...
തീര്‍ച്ചയായും. അവരെനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്നിട്ടുണ്ട്. നമ്മുടെ നാട്ടിലൊരു പെണ്‍കുട്ടി, ഒരുടുപ്പ് തിരഞ്ഞെടുക്കുമ്പോള്‍പോലും കുറെ പേരോട് സമ്മതം ചോദിക്കേണ്ടിവരും. അത് മോശമാണെന്നല്ല. പക്ഷേ, ആ പെണ്‍കുട്ടിയുടെ ആഗ്രഹങ്ങള്‍ക്ക് അവിടെ വിലയുണ്ടാവില്ല.
എന്നാല്‍, എന്റെ കാര്യത്തില്‍ അങ്ങനെയല്ല. എനിക്കൊരു സിഗരറ്റ് വലിക്കണമെന്നു തോന്നിയാല്‍പ്പോലും, അത് ചെയ്യാനെനിക്ക് ആരോടും ചോദിക്കേണ്ട കാര്യമില്ല. എന്നുവെച്ച് സിഗരറ്റ് വലിക്കുന്നതൊരു നല്ല കാര്യമാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, എന്റെ അത്തരം ആഗ്രഹങ്ങള്‍പോലും വേണ്ടെന്നു വയ്‌ക്കേണ്ടിവരാറില്ല.
മൈത്രേയനും ചേച്ചിയും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പറഞ്ഞുതരും. പക്ഷേ, ഒരിക്കലും അവരുടെ തീരുമാനങ്ങള്‍ എന്റെ മേല്‍ അടിച്ചേല്പിക്കാറില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നല്ല. ഞങ്ങള്‍ പരസ്പരം വിമര്‍ശിക്കാറുണ്ട്, ദേഷ്യപ്പെടാറുണ്ട്. പക്ഷേ, അല്പനേരത്തേക്കു മാത്രം. എനിക്കൊരു കാര്യം ചെയ്യാന്‍ തോന്നിയാല്‍, 'നിനക്ക് ഇഷ്ടമാണെങ്കില്‍ അത് ചെയ്യ്' എന്നു മാത്രമേ അവര്‍ പറയൂ.
പക്ഷേ, ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും ചെയ്‌തെന്നിരിക്കട്ടെ. അതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാവുമ്പോള്‍, 'നീയല്ലേ തീരുമാനമെടുത്തത്? അത് നീ തന്നെ ഡീല്‍ ചെയ്‌തോ' എന്നു പറഞ്ഞ് അവര്‍ മാറിനില്‍ക്കില്ല. എന്റെ കൂടെത്തന്നെ നില്‍ക്കും.
കനിക്കും അവരെപ്പോലെ വിവാഹത്തോട് എതിര്‍പ്പാണോ?
ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല. എന്റെ അച്ഛനും അമ്മയും എന്നോട് പറയുകയുമില്ല, 'ഇത്രയും വയസ്സായില്ലേ? ഇനി പോയി കല്യാണം കഴിച്ചുകൂടേ' എന്നൊന്നും. നിനക്ക് ഇഷ്ടമുള്ള ആളുടെകൂടെ ജീവിച്ചോ' എന്നുമാത്രമേ അവര്‍ പറയൂ. എന്റെ ചോയ്‌സ് ആണത്.
നാടകാഭിനയത്തില്‍ വീണതെങ്ങനെ?
സ്‌കൂളില്‍ പഠിക്കുമ്പോള്‍ സംസ്‌കൃതോത്സവത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു ഞാന്‍. കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളായിരുന്നു ചെയ്തിരുന്നത്.
അതിനും മുന്‍പ്, തിരുവനന്തപുരത്തെ സ്ത്രീസംഘടനയായ 'സഖി' കുറെ തെരുവ് നാടകങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതിന് അച്ഛനും അമ്മയും പോകുമ്പോള്‍, അവരുടെ കൂടെ ഞാനും പോകും. അന്ന് അഞ്ചില്‍ പഠിക്കുകയാണ് ഞാന്‍. അന്നൊന്നും യാതൊരു മടിയുമില്ലായിരുന്നു, ഇങ്ങനെ അഭിനയിക്കാന്‍.
പത്തില്‍ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്തെ 'അഭിനയ' തിയേറ്റര്‍ റിസര്‍ച്ച് സെന്ററില്‍ അഭിനയിക്കാന്‍ ഒരു പെണ്‍കുട്ടിയെ വേണമെന്ന് അറിയുന്നത്.
അപ്പോഴേക്കും നാടകം നല്ലതല്ലെന്നൊരു തോന്നല്‍ എന്റെ മനസ്സിലുണ്ടായിരുന്നു. പിന്നെ, വലുതായപ്പോ ഭയങ്കര ബോഡി കോണ്‍ഷ്യസ് ആയി. അങ്ങനെ ഒന്നും തീരുമാനിക്കാനാവാത്ത അവസ്ഥയിലായി ഞാന്‍. എന്റെ അവസ്ഥ കണ്ടിട്ട് ജയശ്രിച്ചേച്ചി പറഞ്ഞു, 'നീ അവിടെപ്പോയി നോക്ക്. ഇഷ്ടമില്ലെങ്കില്‍ അഭിനയിക്കേണ്ട' എന്ന്. 'അഭിനയ'യിലെത്തിയപ്പോഴാണ് നാടകത്തോട് ഇഷ്ടം തോന്നുന്നത്. നാടകം പ്രൊഫഷനാക്കാമെന്ന് തോന്നി.
ഒടുവില്‍ തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാന്‍ ചെന്നു. ഒന്നുരണ്ട് നാടകങ്ങളില്‍ അഭിനയിച്ചു. അപ്പോഴാണ് നാടകസംവിധായകന്‍ അഭിലാഷ് പിള്ള 'ഖസാക്കിന്റെ ഇതിഹാസം' ചെയ്യാനെത്തുന്നത്. അദ്ദേഹമാണ് ഫ്രാന്‍സിലെ 'ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ജാക്ക് ലൂക്കോക്കി'നെപ്പറ്റി പറയുന്നത്. അങ്ങനെ ഒരു വര്‍ഷത്തെ കോഴ്‌സിന് ചേര്‍ന്നു.
ഇവിടെ നമ്മള്‍ സംസ്‌കാരത്തിന് എതിരാണെന്നു പറഞ്ഞ് ഇഷ്ടമുള്ള കാര്യങ്ങള്‍പോലും ഒളിച്ചുചെയ്യുന്നു. ചെറിയൊരു ഉദാഹരണം പറയാം. ഞാനിപ്പോഴൊരു പബ്ലിക് സ്‌പേസില്‍ പോകുന്നു. അവിടെ ആണ്‍കുട്ടികള്‍ക്ക് പരസ്യമായി കുടിക്കാം. എന്നാല്‍, പെണ്‍കുട്ടികളെങ്ങാനും കുടിച്ചാലോ? അതു വലിയ പ്രശ്‌നമാകും. മുന്‍പൊക്കെ ഇങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ മാറ്റിവെക്കുമായിരുന്നു.
പക്ഷേ, അതിനുശേഷം വല്ലപ്പോഴും സോഷ്യലൈസിങ്ങിന്റെ ഭാഗമായിട്ടൊക്കെ ഞാന്‍ മദ്യപിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ കഴിക്കാറില്ല. എനിക്കതിന്റെ ടേസ്റ്റ് പിടിക്കാത്തതാണ് കാരണം. കുടിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഫ്രാന്‍സില്‍നിന്ന് തിരിച്ചെത്തിയശേഷം ഒരു റിബലായെന്നു ചുരുക്കം?
ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്നത് റിബലിസം ആണെന്നെനിക്ക് തോന്നുന്നില്ല.
മൈത്രേയന്റെ ഒരു കത്ത് വന്നിരുന്നു, ഈയടുത്ത്. അതില്‍ പറയുന്നത് ഇങ്ങനെയാണ്, 'ഏതൊരാളെയുംപോലെ നിനക്കും സിഗരറ്റ് വലിക്കാനും കുടിക്കാനുമുള്ള അവകാശമുണ്ട്. സിഗരറ്റ് വലിക്കുന്നത് കുറച്ചുകൂടി മോശം കാര്യമാണ്. കാരണം, അത് ബാക്കിയുള്ളവരെ ബാധിക്കും. സോഷ്യലി വല്ലപ്പോഴും കുടിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, ദയവ് ചെയ്ത് ഒളിച്ചും പാത്തുമിരുന്ന് എന്തെങ്കിലും കുറ്റം ചെയ്യുന്നതുപോലെ കള്ള് കുടിക്കരുത്' എന്ന്.
ഇതുപോലെ എനിക്കിഷ്ടമുള്ള കാര്യത്തിന് ഞാന്‍ കോംപ്രമൈസ് ചെയ്യില്ല. അതിനുള്ള സ്‌പേസ് ഉണ്ടാവാന്‍ ഞാനെപ്പോഴും ശ്രദ്ധിക്കും. രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍, ഒരാളെന്നെ കേറിപ്പിടിക്കാന്‍ വന്നെന്നിരിക്കട്ടെ. 'എന്നെ തൊടുന്നത് എനിക്കിഷ്ടമല്ല' എന്നൊക്കെ പറഞ്ഞ് അയാളെ കൂടുതല്‍ പ്രകോപിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. പലപ്പോഴും അത്തരം അനുഭവങ്ങല്‍ ഉണ്ടായിട്ടുണ്ട്. രാത്രി യാത്ര ചെയ്യുമ്പോള്‍, ഒന്നുരണ്ട് പേര്‍ വന്ന്, 'ഈ രാത്രിയില്‍ എങ്ങോട്ടാ?' എന്നൊക്കെ ചോദിക്കും. ഞാന്‍ പതുക്കെ, 'അയ്യോ, സോറി ചേട്ടാ' അറിയാതെ വന്നുപെട്ടതാ' എന്നൊക്കെ പറഞ്ഞ് ഊരിപ്പോരും.
എപ്പോഴാണ് സിനിമയിലും ഒരു കൈ നോക്കാമെന്നു വെച്ചത്?
ഫ്രാന്‍സില്‍ നിന്ന് മടങ്ങിയെത്തിയ സമയത്താണ്, ശങ്കര്‍ രാമകൃഷ്ണന്‍ 'കേരളാ കഫേ'യിലെ ഐലന്റ് എക്‌സ്പ്രസ്സില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. അതിനുശേഷം 'കോക്ക്‌ടെയില്‍' ചെയ്തു. അതിലൊരു വേശ്യയുടെ വേഷം. പിന്നെ, 'ശിക്കാറി'ലെ നക്‌സലൈറ്റ് പെണ്ണ്, പിന്നീട് 'കര്‍മയോഗി', 'ഉറുമി' എന്നിവയില്‍ ചെറിയ റോളുകളും.
സിനിമാ-നാടക സെറ്റുകളില്‍ ആരെങ്കിലും കൂട്ടു വരാറുണ്ടോ?
ഞാനെവിടെയാണെങ്കിലും ഒറ്റയ്ക്ക് തന്നെയാണ് പോവാറ്. സിനിമയിലായാലും നാടകത്തിലായാലും പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വം കുറവാണെന്നൊന്നും തോന്നിയിട്ടില്ല. ഇപ്പോള്‍, ഫിസിക്കലി എന്നോടൊരാള്‍ക്ക് ഇഷ്ടമുണ്ടെന്നിരിക്കട്ടെ. എനിക്ക് താത്പര്യമില്ലെന്ന് പറയുമ്പോള്‍, 'ഓകെ' എന്നു പറഞ്ഞ് പിന്‍വാങ്ങുന്നവരെ മാത്രമേ ഞാന്‍ രണ്ട് ഫീല്‍ഡിലും കണ്ടിട്ടുള്ളൂ. എന്നോടാരും അപമര്യാദയായി പെരുമാറിയിട്ടില്ല.
ആളെപ്പോലെത്തന്നെ വ്യത്യസ്തമാണല്ലോ പേരും?
കനി എന്നാണ് മൈത്രേയനും ചേച്ചിയുമിട്ട പേര്. എന്നെ സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത്, പ്രിന്‍സിപ്പല്‍ ചോദിച്ചു, 'കുട്ടിയുടെ ഇനീഷ്യല്‍ എന്താണെന്ന്?' അങ്ങനെ ചേച്ചി വെറുതെയൊരു ഇനീഷ്യല്‍ ഇട്ടു, 'കനി കെ'. ഞാന്‍ പത്തില്‍ എത്തിയപ്പോള്‍ ടീച്ചര്‍ പറഞ്ഞു,'പേരിന്റെ എക്‌സ്പാന്‍ഷന്‍ വേണം' എന്ന്. വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ മൈത്രേയനും ചേച്ചിയും പറഞ്ഞു, 'നിനക്കിഷ്ടമുള്ളത് ഇട്ടോളൂ.' അങ്ങനെ ഞാനിട്ട പേരാണ് 'കനി കുസൃതി'. എന്റെ പാസ്‌പോര്‍ട്ടിലൊക്കെ അതാണ് പേര്.
ഭാവി പരിപാടികള്‍?
പ്രശസ്തമായ ഒരു തിയേറ്റര്‍ ഗ്രൂപ്പുണ്ട്. ഫുട്‌സ്ബാന്‍. ഇനി രണ്ടുവര്‍ഷത്തേക്ക് ഫുട്‌സ്ബാനോടൊപ്പമാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നാടകാവതരണവുമായി യാത്ര ചെയ്യുക. അതാണെന്റെ പ്ലാന്‍.
| www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment