Sunday, 1 January 2012

[www.keralites.net] നവവത്സരാശംസകള്‍

 

1987 ജൂണ്‍ ഒന്നിന് മലയാളസാഹിത്യത്തിലെ എക്കാലത്തെയും ജീനിയസ് വൈക്കം മുഹമ്മദ് ബഷീര്‍, കേരളത്തിന്‍െറ ഗര്‍ജനമായ സുകുമാര്‍ അഴീക്കോട്, പണ്ഡിതശ്രേഷ്ഠനായ കെ.സി.അബ്ദുല്ല മൗലവി, കാതലുള്ള 'ധിക്കാരി' പി.കെ. ബാലകൃഷ്ണന്‍ തുടങ്ങിയ മഹത്തുക്കളുടെ സാന്നിധ്യത്തില്‍ ദേശീയ പത്രപ്രവര്‍ത്തന രംഗത്തെ അതികായനായ കുല്‍ദീപ് നയാര്‍ 'മാധ്യമ'ത്തിന്‍െറ പ്രഥമ ലക്കം മലയാളത്തിന് സമര്‍പ്പിച്ചിട്ട് കാല്‍ നൂറ്റാണ്ടാവാന്‍ പോവുന്നു. 2012 ഈ പത്രത്തിന്‍െറ രജതജൂബിലി ആഘോഷങ്ങളുടെ വര്‍ഷമാണ്.

വാര്‍ത്താമാധ്യമങ്ങളില്‍ വഴിത്തിരിവ് എന്നവകാശപ്പെട്ടുകൊണ്ടായിരുന്നു 'മാധ്യമ'ത്തിന്‍െറ പിറവി. മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനം ആയിരുന്നു അതിന്‍െറ പ്രഖ്യാപിത ഭൂമിക. ലക്ഷ്യസാഫല്യത്തിനായി കൃത്യമായ നയനിലപാടുകളും പെരുമാറ്റച്ചട്ടവും ആവിഷ്കരിച്ചു. കടുത്ത മത്സരവേദിയാണ് മലയാളത്തിലെ മാധ്യമരംഗം എന്നറിയാതെയോ അത്യന്താധുനിക സാങ്കേതിക വിദ്യ സ്വാംശീകരിക്കാതെയോ പരിചയസമ്പന്നരായ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉറപ്പുവരുത്താതെയോ  വഴിത്തിരിവ് സൃഷ്ടിക്കാനാവില്ല എന്നും തിരിച്ചറിഞ്ഞിരുന്നു. ജനങ്ങളില്‍നിന്ന് പരിമിത സംഭാവനകള്‍ സ്വരൂപിച്ച് അപര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങളോടെ പത്രപ്രവര്‍ത്തനരംഗത്തെ തുടക്കക്കാരുമായി ഒരേയൊരു പതിപ്പുമാത്രം പുറത്തിറക്കി പ്രയാണമാരംഭിച്ച 'മാധ്യമ'ത്തിന് അതിനാല്‍തന്നെ, അകാലചരമം വിധിച്ചവരാണ് സമൂഹത്തില്‍ വളരെ പേര്‍. പക്ഷേ, സത്യം, ധര്‍മം, നീതി എന്നീ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാല്‍ കരഗതമാവുന്ന ദൈവസഹായവും നന്മേച്ഛുക്കളുടെ സഹകരണവും പ്രവര്‍ത്തകരുടെ അര്‍പ്പണബോധവുമാണ് വിലമതിക്കാനാവാത്ത മൂലധനവും അടിയുറച്ച പിന്‍ബലവും മുന്നോട്ടു നയിക്കുന്ന ശക്തിയുമെന്നാണ് 25 സംവത്സരങ്ങളിലെ അനുഭവങ്ങള്‍ പഠിപ്പിച്ചത്.

ഇന്ന് ഇന്ത്യക്കകത്തും പുറത്തുമായി 19 പതിപ്പുകളോടെ മലയാള പത്രങ്ങളുടെ മുന്‍നിരയിലെത്താന്‍ 'മാധ്യമ'ത്തിന് കഴിഞ്ഞുവെങ്കില്‍, അത് സാമ്പ്രദായിക പത്രപ്രവര്‍ത്തനത്തിന്‍െറ ചിരപരിചിത പാത കൈയൊഴിഞ്ഞ് സമാന്തര രേഖയിലൂടെ സഞ്ചരിക്കാനും കണ്ടുനില്‍ക്കുകയല്ല, ഇടപെടുകയാണെന്ന് തെളിയിക്കാനും അരുതായ്മകളെ മുഖംനോക്കാതെ എതിര്‍ക്കാനും മര്‍ദിത, പീഡിത ജനവിഭാഗങ്ങളോടൊപ്പം നില്‍ക്കാനും ആര്‍ജവം കാട്ടിയതുകൊണ്ടാണ്.  ഭഗല്‍പൂര്‍ മുതല്‍ ഗുജറാത്ത് വരെ താണ്ഡവമാടിയ ന്യൂനപക്ഷവിരുദ്ധ കലാപങ്ങളുടെ നേരറിവുകള്‍ നല്‍കാനും ശിലാന്യാസം മുതല്‍ ബാബരി മസ്ജിദ് ധ്വംസനം വരെ നീണ്ട മതേതരത്വത്തിന്‍െറ കുരുതി രാജ്യത്തിന്നേല്‍പിച്ച ആഘാതങ്ങളിലേക്ക് ജനശ്രദ്ധ ക്ഷണിക്കാനും 'മാധ്യമം' കാട്ടിയ നൈതിക പ്രതിബദ്ധത അവിസ്മരണീയമാണ്. രാഷ്ട്രപുനര്‍നിര്‍മാണത്തോടും വികസനത്തോടുമൊപ്പം നിലയുറപ്പിച്ചപ്പോള്‍തന്നെ ചതിക്കുഴികളും മാനംമുട്ടേ വളര്‍ന്ന അഴിമതിയും കണ്ടില്ളെന്നു നടിക്കാന്‍ 'മാധ്യമ'ത്തിനായില്ല.  നാടിന്‍െറ ഉറക്കംകെടുത്തുന്ന തീവ്രവാദവും ഭീകരതയും സര്‍വശക്തിയും ഉപയോഗിച്ച് ചെറുത്തുതോല്‍പിക്കേണ്ടതാണെന്ന് അംഗീകരിച്ചപ്പോള്‍, അതിന്‍െറ പേരില്‍ താണ്ഡവമാടിയ ഭരണകൂട ഭീകരതയും പൊലീസ് അതിക്രമങ്ങളും ന്യൂനപക്ഷ വേട്ടയും മീഡിയ ദുഷ്പ്രചാരണവും തുറന്നുകാട്ടേണ്ടിവന്നിട്ടുണ്ട്.

അങ്ങനെ, തിരിഞ്ഞുനോക്കുമ്പോള്‍ ദുഃഖിക്കാനോ നിരാശപ്പെടാനോ ഒന്നുമില്ല എന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. എന്നാല്‍, പാളിച്ചകളും അബദ്ധങ്ങളും  പിണഞ്ഞതായി തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. തെറ്റുകള്‍ തിരുത്തി വര്‍ധിതാവേശത്തോടെ മുന്നേറാനുള്ള ദൃഢനിശ്ചയമാണ് സാഹചര്യങ്ങള്‍ അനിവാര്യമാക്കിയ പ്രതിസന്ധികള്‍ക്കിടയിലും കാല്‍നൂറ്റാണ്ടിന്‍െറ ബാക്കിപത്രം. വരിക്കാര്‍ക്കും വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വിമര്‍ശകര്‍ക്കും അകമഴിഞ്ഞ കൃതജ്ഞത, ഹൃദ്യമായ നവവത്സരാശംസകള്‍...


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment