തൃശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കൊമ്പുകോര്‍ത്ത കേരളത്തിനെതിരേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധിശേഖരത്തിന്റെ പേരില്‍ തമിഴ്‌നാട് നിയമയുദ്ധത്തിന്. ഇടുക്കി തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെയാണു നിധിയുടെ അവകാശവാദം ഉന്നയിച്ചിരിക്കുന്നതും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള നിധിശേഖരത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമോപദേശം തേടി. തമിഴ്‌നാട് സര്‍ക്കാര്‍ നേരിട്ടു സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കുന്നതിനു പകരം തമിഴ്‌നാട്ടിലെ ചില സംഘടനകളെ രംഗത്തിറക്കാനാണു നീക്കം. തമിഴ്‌നാട്ടിലെ ചരിത്ര ഗവേഷകസംഘം, ഹിന്ദു ജീവിത അവകാശസംഘടന, അയ്യാ വൈകുണ്‌ഠ പരമ്പരയില്‍പ്പെട്ട ബാല പ്രജാധിപതി അടികള്‍ എന്നിവരെ മുന്നില്‍ നിര്‍ത്തിയാണു തമിഴ്‌നാട് പോരിനിറങ്ങുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ചെറുത്തുനില്‍പ്പില്‍ വിറളിപൂണ്ട തമിഴ്‌നാട് നിയമയുദ്ധത്തിന്റെ പുതിയ വഴികള്‍ കേരളത്തിനെതിരേ പ്രയോഗിക്കാനാണു നീക്കംനടത്തുന്നത്. നിലവറസ്വത്തില്‍ അവകാശം സ്‌ഥാപിക്കാനാവശ്യമായ ചരിത്രരേഖകള്‍ തമിഴ്‌നാട്ടിലെ ചരിത്രഗവേഷകസംഘം ശേഖരിച്ചുകഴിഞ്ഞു. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ തമിഴ്‌നാട് ശേഖരിച്ച ചരിത്രരേഖകളില്‍ അമൂല്യനിധിയുടെ പൂര്‍ണാവകാശം തമിഴ്‌നാട്ടിലെ രാജവംശമായ ചേരരാജപരമ്പരയ്‌ക്കാണെന്നു പറയുന്നു. 1209 ല്‍ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് ആസ്‌ഥാനമായി ഭരണം നടത്തിവന്ന രാമവര്‍മ്മ അഞ്ചാമന്റെ ഭരണകാലത്തു ക്ഷേത്രം ഭരിച്ചിരുന്നതു തമിഴ് ഉദ്യോഗസ്‌ഥരാണെന്നും 1458 ല്‍ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് ആസ്‌ഥാനമായി ഭരണംനടത്തിയ ഏഴാം രാമവര്‍മരാജാവ് ക്ഷേത്രം പുനരുദ്ധാരണം ചെയ്‌തു വട്ട തമിഴ് എഴുത്തുകള്‍ ക്ഷേത്ര കല്‍വെട്ടുകളില്‍ പതിച്ചിരുന്നതായും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു. 1620 ല്‍ ക്ഷേത്രം വീണ്ടും പുനരുദ്ധരിച്ചപ്പോള്‍ അതിന്റെ ചെലവില്‍ ഭൂരിഭാഗവും വഹിച്ചതു കന്യാകുമാരി ജില്ലയിലെ രാജക്കമംഗലം രാജകുടുംബമാണ്. 1729 ല്‍ കന്യാകുമാരി ജില്ലയിലെ പത്തനാപുരം ആസ്‌ഥാനമാക്കിയാണു മാര്‍ത്താണ്ഡവര്‍മ മഹാരാജാവായി വാഴിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. 1732 മുതല്‍ 1733 വരെ പത്മനാഭക്ഷേത്രം വികസിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതു മാര്‍ത്താണ്ഡവര്‍മയാണ്. 1735 മുതല്‍ തമിഴ് മാസ ആഘോഷങ്ങളുടെ ഭാഗമായാണു ക്ഷേത്രോത്സവങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. മാര്‍ത്താണ്ഡവര്‍മയുടെ കാലത്തു പടയെടുപ്പും എട്ടുവീട്ടില്‍ പിള്ളമാരുടെ വിപ്ലവവും പ്രശ്‌നങ്ങളുണ്ടാക്കിയതോടെ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന തമിഴ്‌ജനങ്ങള്‍ കൊടുത്ത നികുതി, ദാനം, സമ്മാനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും തിരുവട്ടാര്‍ ആദികേശവക്ഷേത്രം, പാര്‍ഥിവപുരം പെരുമാള്‍ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രാഭരണങ്ങളും മറ്റുവസ്‌തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ എത്തിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. 1887 ല്‍ മൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് അവിടെയുണ്ടായിരുന്ന ഓലകളില്‍ പത്മനാഭക്ഷേത്ര സ്വത്തില്‍നിന്നു യാതൊരുതരത്തിലുള്ള ക്രയവിക്രയങ്ങളും പാടില്ലെന്നു തമിഴ്‌ഭാഷയില്‍ എഴുതിവച്ചതിന്റെ രേഖകളും തമിഴ്‌നാട് ശേഖരിച്ചിട്ടുണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തിലെ ആഭരണങ്ങള്‍ തമിഴ്‌സംസ്‌കാരത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുടെ മാതൃകയിലാണെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച നിധിയില്‍ ഭക്‌തര്‍ നല്‍കിയ സംഭാവനകള്‍ക്കുപുറമേ തമിഴ്‌നാട്ടിലെ സ്‌ത്രീകളുടെ തലമുടിക്കും മാറിടത്തിനുംവരെ നികുതിചുമത്തി പിരിച്ച പണമുണ്ടെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നം ആറിത്തണുക്കുംമുമ്പേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ അവകാശംതേടി ഒപ്പുശേഖരണംനടത്തി തമിഴ് ജനതയുടെ വികാരം ഊതിക്കത്തിക്കാനും നീക്കംതുടങ്ങി. |
No comments:
Post a Comment