തമിഴ്നാട് സഹകരിച്ചാല്‍ അഞ്ചു വര്‍ഷത്തിനകം പുതിയ ഡാം -കേരളം
ന്യൂദല്‍ഹി: തമിഴ്‌നാട് സഹകരിച്ചാല്‍ അടുത്ത അഞ്ചു കൊല്ലത്തിനുള്ളില്‍ മുല്ലപ്പെരിയാറില്‍ സ്വന്തം ചെലവില്‍ പുതിയ ഡാം നിര്‍മിക്കുകയും അതില്‍നിന്ന് മുടക്കംകൂടാതെ വെള്ളം നല്‍കുകയും ചെയ്യാമെന്ന് കേരളം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതി നിര്‍ദേശത്തിന് വഴങ്ങാനും പുതിയ കരാറുണ്ടാക്കാനും ഒത്തുതീര്‍പ്പിനും കേരളം സന്നദ്ധമാണ്.
'79ല്‍ കേരളവും തമിഴ്‌നാടും പരസ്‌പരം സമ്മതിച്ച് സാധ്യത നോക്കിയ സ്ഥലത്തുതന്നെ പുതിയ ഡാം നിര്‍മിക്കുന്നതിന് സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ആറു മാസംകൊണ്ട് തയാറാകും. തുടര്‍ന്ന് നാലു കൊല്ലംകൊണ്ട് പുതിയ ഡാം നിര്‍മിക്കാന്‍ കഴിയും -ഉന്നതാധികാര സമിതി ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള വിശദ മറുപടിയില്‍ കേരളം പറഞ്ഞു.
1979ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി താഴ്ത്തിയെങ്കിലും, അതുകൊണ്ട് തമിഴ്‌നാടിന് ഒരു ദോഷവുമുണ്ടായിട്ടില്ലെന്ന് കണക്കുകള്‍ നിരത്തി കേരളം സമര്‍ഥിച്ചിട്ടുണ്ട്.
'79നുമുമ്പ് നല്‍കിക്കൊണ്ടിരുന്നത് ശരാശരി 17 ടി.എം.സി വെള്ളമാണെങ്കില്‍ ഇപ്പോഴത് 19 ടി.എം.സിയാണ്. മുല്ലപ്പെരിയാറിലെ വെള്ളംകൊണ്ട് '79നുമുമ്പ് ഒന്നേമുക്കാല്‍ ലക്ഷം ഏക്കറില്‍ കൃഷി ചെയ്തിരുന്ന തമിഴ്‌നാട് ഇപ്പോഴത്തെ കണക്കുപ്രകാരം രണ്ടര ലക്ഷത്തോളം ഏക്കറില്‍ നനക്കുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം പുതിയ അണക്കെട്ടാണെന്ന വിലയിരുത്തലിലേക്ക് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും നീങ്ങിയതോടെ കേരളത്തിന് പ്രതീക്ഷയേറി. അതേസമയം, ജലനിരപ്പ് 120 അടിയാക്കി കുറക്കണമെന്ന കേരളത്തിന്‍െറ താല്‍ക്കാലിക ആവശ്യം സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് വിരുദ്ധമാണെന്ന് കണ്ട് ഉന്നതാധികാര സമിതി തള്ളി. വിദഗ്ധ സമിതിയുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശനം സംബന്ധിച്ച് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടും പ്രധാനമന്ത്രി കൈമാറിയ കേരള എം.പിമാരുടെ നിവേദനവും സ്വീകരിച്ച സമിതി ഇവക്ക് മറുപടി നല്‍കേണ്ടെന്നും തീരുമാനിച്ചു.
മറ്റൊരു പരിഹാരമാര്‍ഗം പ്രശ്നത്തിനില്ലാത്തതിനാല്‍ പുതിയ അണക്കെട്ടിനെക്കുറിച്ച് ചിന്തിക്കണമെന്ന അധ്യക്ഷന്‍ ജസ്റ്റിസ് ആനന്ദിന്‍െറ നിര്‍ദേശത്തോട് ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച അഞ്ചംഗ ഉന്നതാധികാര സമിതിയിലെ തമിഴ്നാട് നോമിനിയും വിദഗ്ധനും പിന്നീടത് മയപ്പെടുത്തി. ഇത് പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിന് കേരളം കാത്തിരിക്കുന്ന പരിഹാരമാര്‍ഗം നിര്‍ദേശിക്കുമെന്ന പ്രതീക്ഷക്ക് വഴിയൊരുക്കിയിരിക്കയാണ്. കേരളത്തിന്‍െറയും തമിഴ്നാടിന്‍െറയും ഒടുവിലത്തെ വാദം കഴിഞ്ഞതിനാല്‍ അധ്യക്ഷനടക്കമുള്ള സമിതിയിലെ അഞ്ച് അംഗങ്ങള്‍ മാത്രമാണ് ചൊവ്വാഴ്ചത്തെ യോഗത്തില്‍ സംബന്ധിച്ചത്. അന്തിമ റിപ്പോര്‍ട്ട് ഫെബ്രുവരി പകുതിയോടെ സുപ്രീംകോടതിക്ക് സമര്‍പ്പിക്കാനാകുമെന്നും റിപ്പോര്‍ട്ടിന് രൂപം നല്‍കാന്‍ ഈ മാസം 24, 25 തിയതികളില്‍ അവസാനത്തെ യോഗം ചേരുമെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കി.
പുതിയ അണക്കെട്ട് സംബന്ധിച്ച അഭിപ്രായങ്ങള്‍ സമര്‍പ്പിക്കണമെന്നത് സുപ്രീംകോടതിയുടെ കൂടി നിര്‍ദേശമാണെന്ന് സമിതിയെ ജസ്റ്റിസ് ആനന്ദ് ഓര്‍മിപ്പിച്ചു. ഇതേ തുടര്‍ന്ന് പുതിയ അണക്കെട്ടിന്‍െറ ഉടമസ്ഥാവകാശവും നിയന്ത്രണവും സംബന്ധിച്ച അഭിപ്രായങ്ങള്‍ സമിതിയിലുയര്‍ന്നു. കേരളത്തിന്‍െറ സ്ഥലത്ത് അവരുടെ മാത്രം പണമുപയോഗിച്ച് നിര്‍മിക്കുന്ന അണക്കെട്ടിന്‍െറ ഉടമസ്ഥാവകാശം കേരളത്തിനാണെന്ന കാര്യത്തില്‍ തര്‍ക്കത്തിന് സ്ഥാനമില്ളെന്ന ജസ്റ്റിസ് ആനന്ദിന്‍െറ അഭിപ്രായത്തോട് ഉന്നതാധികാര സമിതിയിലെ തമിഴ്നാട് നോമിനി ജസ്റ്റിസ് ലക്ഷ്മണയും ചര്‍ച്ചക്കൊടുവില്‍ യോജിച്ചു.
ചര്‍ച്ചയില്‍ ഇടപെട്ട കേരളത്തിന്‍െറ നോമിനി ജസ്റ്റിസ് തോമസും പുതിയ അണക്കെട്ടാണ് പരിഹാരമെന്ന് സമര്‍ഥിക്കുന്ന വാദങ്ങള്‍ മുന്നോട്ടുവെച്ചു. നിലവിലെ അണക്കെട്ടിന്‍െറ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമല്ളെന്നുള്ള സമിതിയുടെ വിലയിരുത്തല്‍, വിദഗ്ധനായ തട്ടെയും അംഗീകരിച്ചതോടെ പുതിയ അണക്കെട്ട് എന്നത് ഒരളവോളം സമിതിയുടെ മൊത്തം അഭിപ്രായമായി മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് അണക്കെട്ടിന്‍െറ പരിപാലനവും വെള്ളത്തിന്‍െറ നിയന്ത്രണവും സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാമെന്നും അതിന് ശേഷം ഈ രണ്ട് വിഷയങ്ങളില്‍ സമിതിക്കുള്ള നിര്‍ദേശങ്ങള്‍ തയാറാക്കിയാല്‍ മതിയെന്നും സമിതി ധാരണയായി.
ചൊവ്വാഴ്ചത്തെ യോഗം ചര്‍ച്ചക്കെടുത്ത ആദ്യ അജണ്ട മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി കുറക്കണമെന്ന കേരളത്തിന്‍െറ അപേക്ഷയായിരുന്നു. സുപ്രീംകോടതി നേരത്തെ ഈ അപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു കേരളം ഇതേ അപേക്ഷയുമായി ഉന്നതാധികാര സമിതിയെ സമീപിച്ചത്. എന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തല്‍സ്ഥിതി തുടരണമെന്നും ജലനിരപ്പ് 136 അടിയാക്കി നിലനിര്‍ത്തണമെന്നുമുള്ള സുപ്രീംകോടതിയുടെ നിര്‍ദേശം ചൂണ്ടിക്കാട്ടിയ ഉന്നതാധികാര സമിതി കേരളത്തിന്‍െറ അപേക്ഷ ഇതിന് വിരുദ്ധമായതിനാല്‍ അംഗീകരിക്കാനാവില്ളെന്ന് പറഞ്ഞ് തള്ളുകയായിരുന്നു
No comments:
Post a Comment