Sunday, 18 December 2011

[www.keralites.net] പ്രമേഹവും നേത്രരോഗങ്ങളും

 


പ്രമേഹവും നേത്രരോഗങ്ങളും

 

മനുഷ്യശരീരത്തിലെ കാമറയാണു കണ്ണ്‌. കണ്ണിന്റെ ഏറ്റവും മുന്‍ഭാഗത്തു സുതാര്യമായ നേത്രപടലവും പിന്‍ഭാഗത്ത്‌ നേത്രാന്തര പടലവും സ്‌ഥിതി ചെയ്യുന്നു. ഒരു വസ്‌തുവില്‍നിന്നുള്ള പ്രകാശരശ്‌മികള്‍ നേത്രപടലത്തിലൂടെ കടന്ന്‌ കണ്ണിന്റെ ഉള്ളിലെ ലെന്‍സിലെത്തുകയും ലെന്‍സ്‌ ഈ പ്രകാശരശ്‌മികളെ നേത്രാന്തര പടലത്തില്‍ കേന്ദ്രീകരിക്കുകയും അവിടെനിന്ന്‌ ഈ ഇംപള്‍സുകള്‍ നേത്രനാഡി വഴി തലച്ചോറിന്റെ പിന്‍ഭാഗത്തെത്തുകയും ചെയ്യുമ്പോഴാണു നമുക്ക്‌ ഒരു വസ്‌തുവിനെ കാണാന്‍ സാധിക്കുന്നത്‌.

പ്രമേഹം പലതരത്തിലുള്ള കാഴ്‌ചവൈകല്യങ്ങള്‍ക്കു കാരണമാകും. റെറ്റിനോപ്പതിയാണ്‌ ഇവയില്‍ ഏറ്റവും പ്രധാനം. കൂടാതെ തിമിരം, കാഴ്‌ച ഞരമ്പ്‌ രോഗം, നേത്രചലന ഞരമ്പ്‌ രോഗം, രക്‌തധമനികളുടെ രോഗം എന്നിവയുടെ സാധ്യതയും പ്രമേഹരോഗികളില്‍ കൂടുതലാണ്‌. ഇതിനു പുറമേ രക്‌തത്തിലെ പഞ്ചസാരയുടെ അളവിന്റെ വ്യതിയാനം, കണ്ണിലെ ലെന്‍സിന്റെ പവറിനുണ്ടാക്കുന്ന വ്യതിയാനം തുടങ്ങിയവ കാഴ്‌ചയ്‌ക്കു താല്‍ക്കാലിക ബുദ്ധിമുട്ടുണ്ടാക്കും.

റെറ്റിനോപ്പതി

പഞ്ചസാരയുടെ അളവ്‌ രക്‌തത്തില്‍ ഉയര്‍ന്ന തോതിലാകുമ്പോള്‍ അതു നേത്രാന്തരപടലത്തിലെ (റെറ്റിന) രക്‌തക്കുഴലുകള്‍ക്കും പ്രകാശ സംവേദനം നടത്തി ഇമേജുകളെ തലച്ചോറിലെത്തിക്കാന്‍ സഹായിക്കുന്ന കണ്ണിന്റെ പിന്‍ഭാഗത്തുള്ള നാഡീപാളിക്കും ക്ഷതമേല്‍പ്പിക്കും. റെറ്റിനയിലെ രക്‌തക്കുഴലുകള്‍ക്കുണ്ടാകുന്ന ക്ഷതത്തെയാണു ഡയബറ്റിക്‌ റെറ്റിനോപ്പതിയെന്നു പറയുന്നത്‌.

രോഗനിര്‍ണയം

നേത്രപരിശോധനയാണു കണ്ണിനുള്ളിലെ മാറ്റം കണ്ടുപിടിക്കാനുള്ള ഏകമാര്‍ഗം. കാഴ്‌ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ നേത്രരോഗ വിദഗ്‌ധനു രോഗനിര്‍ണയം നടത്താനും റെറ്റിനോപ്പതിക്കു ചികിത്സിക്കാനും കഴിയും.

കൃഷ്‌ണമണി വികസിപ്പിച്ചശേഷം ഓഫ്‌താല്‍മോസ്‌കോപ്പിലൂടെ കണ്ണിനുള്ളില്‍ പരിശോധന നടത്തും. ഡയബറ്റിക്‌ റെറ്റിനോപ്പതി ഉണ്ടെന്നു രോഗനിര്‍ണയം നടത്തിക്കഴിഞ്ഞാല്‍ ചികിത്സ ആവശ്യമാണോയെന്നു തീരുമാനിക്കാന്‍ റെറ്റിനയുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കും. ഫ്‌ളോറോസൈന്‍ ആന്‍ജിയോഗ്രാഫി എന്ന പ്രത്യേകതരം പരിശോധനയും ചെയ്യാം. രക്‌തക്കുഴലുകള്‍ക്കു നിറം നല്‍കുന്ന വസ്‌തു കുത്തിവച്ചശേഷം കണ്ണിന്റെ ഫോട്ടോ എടുക്കുന്നു. അതില്‍നിന്ന്‌ എവിടെയൊക്കെയാണ്‌ ദ്രാവകച്ചോര്‍ച്ച ഉള്ളതെന്നു കണ്ടുപിടിക്കാം.

ചികിത്സ

കഴിയുന്നതും റെറ്റിനോപ്പതി ഉണ്ടാകാതെ നോക്കണം. ഡയബറ്റിക്‌ റെറ്റിനോപ്പതിയില്‍നിന്നു ദീര്‍ഘകാലമായുണ്ടാകുന്ന കാഴ്‌ച നഷ്‌ടം ഗണ്യമായി കുറയ്‌ക്കാന്‍ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കര്‍ശനമായി നിയന്ത്രിക്കണം. ഉയര്‍ന്ന രക്‌തസമ്മര്‍ദവും വൃക്ക സംബന്ധമായ പ്രശ്‌നങ്ങളും നിലവിലുണ്ടെങ്കില്‍ അവ ചികിത്സിക്കണം.

ലേസര്‍ ശസ്‌ത്രക്രിയ

ലേസര്‍ ചികിത്സയാണു സാധാരണ റെറ്റിനോപ്പതിക്ക്‌ ഉപയോഗിക്കുന്നത്‌. നഷ്‌ടപ്പെട്ട കാഴ്‌ച തിരിച്ചുനല്‍കാന്‍ ഇതിനു കഴിയില്ല. എന്നാല്‍, ഇതു കാഴ്‌ച കൂടുതല്‍ നഷ്‌ടപ്പെടുന്നതു തടയും.

കാഴ്‌ച നഷ്‌ടം തടയാം

കാഴ്‌ച ശക്‌തി നഷ്‌ടപ്പെടാതിരിക്കാന്‍ ഡയബറ്റിക്‌ റെറ്റിനോപ്പതി കാലേകൂട്ടി കണ്ടുപിടിക്കണം. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കര്‍ശനമായി നിയന്ത്രിക്കുകയും നേത്രരോഗവിദഗ്‌ധന്റെ ഉപദേശം തേടുകയും ചെയ്‌താല്‍ കാഴ്‌ച നഷ്‌ടമുണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്‌ക്കാം.

നേത്രപരിശോധന എപ്പോള്‍ നടത്തണം

പ്രമേഹരോഗികള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കണ്ണ്‌ വികസിപ്പിച്ചുള്ള നേത്രപരിശോധനയ്‌ക്ക് (ഡിലേറ്റര്‍ ഐ എക്‌സാമിനേഷന്‍) വിധേയരാകണം. പ്രമേഹരോഗമുള്ള ഗര്‍ഭിണികള്‍ക്കു ഗര്‍ഭകാലത്ത്‌ റെറ്റിനോപ്പതി അതിശീഘ്രം വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ ആദ്യത്തെ മൂന്നുമാസത്തിനുള്ളില്‍തന്നെ നേത്രരോഗവിദഗ്‌ധനെ കാണണം.

കണ്ണട വയ്‌ക്കാന്‍ പരിശോധന നടത്തേണ്ട ആവശ്യമുണ്ടെങ്കില്‍ നേത്രരോഗ വിദഗ്‌ധനെ കാണുന്നതിനു തൊട്ടുമുമ്പുള്ള ചില ദിവസങ്ങള്‍ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ സ്‌ഥിരമായി നിയന്ത്രണ വിധേയമാക്കേണ്ടതു സുപ്രധാനമാണ്‌. ബ്ലഡ്‌ ഷുഗര്‍ നിയന്ത്രണവിധേയമല്ലാത്തപ്പോള്‍ നല്ലതുപോലെ കാണാന്‍ കഴിയുന്ന കണ്ണട ബ്ലഡ്‌ ഷുഗര്‍ സ്‌ഥിര നിയന്ത്രണത്തിലാകുമ്പോള്‍ ഉപയോഗയോഗ്യമായിരിക്കുകയില്ല. റെറ്റിനോപ്പതി ഇല്ലെങ്കില്‍തന്നെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടെക്കൂടെ മാറിക്കൊണ്ടിരുന്നാല്‍ രണ്ടു കണ്ണിലേയും കാഴ്‌ച മാറിക്കൊണ്ടിരിക്കാന്‍ അതു കാരണമാകും.

തിമിരം എന്നാല്‍...

കണ്ണിന്റെ ലെന്‍സ്‌ സാധാരണ സുതാര്യമായിരിക്കും. ഈ സുതാര്യമായ ലെന്‍സിനുണ്ടാകുന്ന മങ്ങലാണ്‌ തിമിരം. വെളിച്ചം ഉള്ളില്‍ പ്രവേശിച്ച്‌ പുറകിലുള്ള നേത്രപടലത്തില്‍ (റെറ്റിനയില്‍) എത്തിക്കുന്നതു ലെന്‍സാണ്‌. ലെന്‍സിന്റെ സുതാര്യത കുറയുമ്പോള്‍ വെളിച്ചം ഉള്ളിലേക്കു കടക്കാതിരിക്കുകയും തന്മൂലം കാഴ്‌ചയ്‌ക്കു മങ്ങലുണ്ടാകുകയും ചെയ്യുന്നു.

തിമിരം ഉണ്ടാകുന്നതെങ്ങനെ

സാധാരണ ആളുകളേക്കാള്‍ പ്രമേഹ രോഗികളില്‍ നേരത്തെ തിമിരം ഉണ്ടാകാറുണ്ട്‌. ശരീരത്തിലെ ഗ്ലൂക്കോസ്‌ ലെന്‍സില്‍ പ്രവേശിച്ച്‌ കാഴ്‌ചയ്‌ക്ക് മങ്ങലുണ്ടാക്കുന്നു. വളരെ കുറഞ്ഞ അളവില്‍പോലും ഗ്ലൂക്കോസ്‌ ലെന്‍സില്‍ കടക്കുന്നത്‌ ലെന്‍സിലെ കോശങ്ങള്‍ തകര്‍ക്കുന്നതിനും തുടര്‍ന്ന്‌ കണ്ണില്‍ ഇരുള്‍ വന്നുമൂടുന്നതുപോലുള്ള അവസ്‌ഥയ്‌ക്കും കാരണമാകുന്നു. പ്രമേഹംമുലം രണ്ടുതരത്തിലുള്ള തിമിരമുണ്ടാവാറുണ്ട്‌. ശരിയായ രീതിയില്‍ പ്രമേഹം നിയന്ത്രിക്കാത്തതിനാല്‍ വളരെ പെട്ടെന്ന്‌ ബാധിക്കുന്ന തരത്തിലുള്ളതാണ്‌ ഒന്ന്‌. സാധാരണയായി കാണപ്പെടുന്നത്‌ വളരെ സാവധാനം കാഴ്‌ചയ്‌ക്ക് മങ്ങല്‍ കൂടിക്കൂടിവരുന്ന തരത്തിലുള്ളതാണ്‌. ഇത്തരം ആളുകളില്‍ പ്രകാശം വ്യക്‌തമായി തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. ഇവര്‍ക്ക്‌ രാത്രികാലങ്ങളിലെ ഡ്രൈവിംഗ്‌ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്‌. ഇത്തരക്കാരുടെ കണ്ണില്‍ ആനുപാതികമല്ലാതെ ചെറിയതോതില്‍ ഉണ്ടാകുന്ന തിമിരം ഡോക്‌ടര്‍ക്ക്‌ പരിശോധനയില്‍ കണ്ടെത്താനാകും.

തിമിരത്തിന്റെ ലക്ഷണങ്ങള്‍

പ്രകാശമുള്ളപ്പോഴും വ്യക്‌തമായി കാണാന്‍ സാധിക്കാതെവരുക. ഇരട്ട പ്രതിബിംബം കാണുക, വികൃതമായി കാണുക, രണ്ടു കണ്ണുകളിലും വ്യത്യസ്‌തമായി കാണുക

തിമിരത്തിന്റെ ചികിത്സ എപ്പോള്‍

ഇപ്പോള്‍ നിലവിലുള്ള മരുന്നുകളുപയോഗിച്ച്‌ രോഗത്തിന്റെ തീവ്രത കുറയ്‌ക്കാമെന്നല്ലാതെ രോഗം പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധ്യമല്ല. ശസ്‌ത്രക്രിയവഴി രോഗത്തെ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കും. കാഴ്‌ചയ്‌ക്ക് തടസമായവിധം തിമിരം വരുമ്പോള്‍തന്നെ ശസ്‌ത്രക്രിയ വഴി തിമിരത്തെ എടുത്തുകളയാവുന്നതാണ്‌.

ഫാക്കോ ഇമല്‍സിഫിക്കേഷന്‍

പാരമ്പര്യ രീതിയിലും നൂതന രീതിയിലും തിമിര ശസ്‌ത്രക്രിയ ചെയ്യാനാവും. ഫാക്കോ ഇമല്‍സിഫിക്കേഷന്‍ എന്ന നൂതന രീതിയില്‍ അള്‍ട്രാസോണിക്‌ പവര്‍ ഉപയോഗിച്ച്‌ കണ്ണിലെ ന്യൂക്ലിയസ്‌ ലെന്‍സിനെ അലിയിപ്പിച്ച്‌ കണ്ണില്‍നിന്നു നീക്കം ചെയ്യും.

അനുയോജ്യമായ രീതിയില്‍ അനസ്‌തേഷ്യ കൊടുത്തശേഷം ഫാക്കോ പ്രോബിന്റെ അഗ്രം കടത്തിവിട്ട്‌ ശസ്‌ത്രക്രിയ ചെയ്യാന്‍ പാകത്തിന്‌ മാത്രം കണ്ണിന്റെ കോര്‍ണിയായില്‍ 3.25 മി.മീ. വിസ്‌താരത്തില്‍ ഒരു ദ്വാരം ഉണ്ടാക്കുന്നു. തിമിരം മാറ്റിയതിനുശേഷം ഒരു ഇന്‍ട്രാ ഒക്കുലര്‍ ലെന്‍സ്‌ (ഐ.ഒ.എല്‍.) കണ്ണിന്റെ കാഴ്‌ചയ്‌ക്ക് അനുയോജ്യമായവിധത്തില്‍ ക്രമീകരിക്കാം. വായിക്കുന്ന സമയത്തു മാത്രം കണ്ണാടി ഉപയോഗിച്ചാല്‍ മതിയാകും. തിമിരം ആധുനിക ഉപകരണ സഹായത്തോടെയുള്ള ശസ്‌ത്രക്രിയവഴി നീക്കാമെന്നത്‌ പ്രമേഹരോഗികള്‍ക്ക്‌ അനുഗ്രഹമാണ്‌. വളരെ ചെറിയതും മൂന്നു മില്ലീമീറ്റര്‍ നീളത്തിലുള്ള മുറിവേ ഉണ്ടാകുന്നുള്ളൂ എന്നതിനാല്‍ അത്‌ പെട്ടെന്ന്‌ ഉണങ്ങുകയും അഞ്ചു മുതല്‍ ഏഴു വരെ ദിവസത്തിനുള്ളില്‍ സാധാരണ പ്രവൃത്തികളില്‍ ഏര്‍പ്പെടാവുന്നതുമാണ്‌.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment