പരാതികളില്ലാത്ത ഭാര്യ
ഭര്‍തൃവീട്ടില്‍നിന്നും മകളെത്തിയത് പരാതികളുടെ കൂമ്പാരവുമായിട്ടായിരുന്നു. എങ്ങനെയാണ് പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയുന്നതെന്നായിരുന്നു അവള്‍ അമ്മയോട് ചോദിച്ചത്. മകളെ അടുക്കളയിലേക്ക് വിളിച്ച് ഒരു പ്രാക്‌ടിക്കല്‍ ക്ലാസിലൂടെ അമ്മ അതിന് മറുപടി പറഞ്ഞു. മൂന്നു കുടങ്ങളില്‍ വെള്ളമെടുത്തിട്ട് ആദ്യത്തേതില്‍ കാരറ്റും അടുത്തതില്‍ മുട്ടയും മൂന്നാമത്തേതില്‍ കാപ്പിപ്പൊടിയും ഇട്ട് അടുപ്പില്‍ വച്ചു. വെള്ളം നല്ലതുപോലെ തിളച്ചുകഴിഞ്ഞപ്പോള്‍ മൂന്നു കുടങ്ങളില്‍നിന്നും ഉള്ളവ മൂന്നു കോപ്പകളിലേക്ക് പകര്‍ന്നുകൊണ്ട് മകളോട് വിശദീകരിച്ചു.
കാരറ്റ് കാഠിന്യമുള്ള വസ്‌തുവാണ്. പക്ഷേ, തിളപ്പിച്ചപ്പോള്‍ അതു വെള്ളത്തില്‍ അലിഞ്ഞുചേര്‍ന്നു. മുട്ടത്തോടിനുള്ളില്‍ ദ്രവരൂപത്തിലുണ്ടായിരുന്ന മുട്ട കട്ടിയായി മാറി. കാപ്പിപ്പൊടി വെള്ള ത്തെത്തന്നെ സൗരഭ്യമുള്ളതാക്കി മാറ്റി.
പ്രശ്‌നങ്ങളെ ഇതുപോലെ മൂന്നുവിധത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. കാരറ്റിന്റെ സ്വഭാവമാണ് സ്വീകരിക്കുന്നതെങ്കില്‍ നാം അതില്‍ അലിഞ്ഞുചേരും. സ്‌നേഹവും കരുണയുമൊക്കെ ഉള്ളവര്‍ക്ക് പ്രശ്‌നങ്ങളുടെ നേരെ ഹൃദയം കഠിനമാക്കുന്ന മുട്ടയുടേതുപോലുള്ള രീതി സ്വീകരിക്കാന്‍ സാധിക്കില്ല. കാപ്പിപ്പൊടി വെള്ളത്തിന്റെ നിറവും രുചിയുംതന്നെ മാറ്റിമറിച്ചു. എന്നുമാത്രമല്ല അതു സൗരഭ്യം പരത്തുകയും ചെയ്യുന്നു. വെള്ളത്തെ കാപ്പിയാക്കി മാറ്റിയതുപോലുള്ള സമീപനം പ്രശ്‌നങ്ങളോട് സ്വീകരിച്ചാല്‍ അതു ജീവിതത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കും. അവളുടെ മനസിലുണ്ടായിരുന്ന പരാതികള്‍ കൂടിയായിരുന്നു ആ മറുപടിയില്‍ അലിഞ്ഞുതീര്‍ന്നത്.
ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി മാതാപിതാക്കള്‍ ഏതുവിധത്തിലാണ് മക്കളെ ഉപദേശിക്കുന്നതെന്ന് ചിന്തിക്കണം.
No comments:
Post a Comment