കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ച് ഇടതുമുണി സര്‍ക്കാരിന്റെ കാലത്ത് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനെതിരേ രാഷ്ട്രപതിക്ക് അയയ്‌ക്കാന്‍ നിയമസഭ പ്രമേയം പാസാക്കി. ജഡ്‌ജിക്കെതിരേ രാഷ്ട്രപതിക്ക് പരാതി അയച്ച ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം നേതൃത്വം ശാഠ്യം പിടിച്ചാണ് അന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷവുമായി സമവായമുണ്ടാക്കാതെയായിരുന്നു ഇത്. പ്രമേയം വോട്ടിനിട്ടപ്പോള്‍ പ്രതിപക്ഷമായ യുഡിഎഫ് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഭരണപക്ഷ അംഗങ്ങള്‍ വോട്ടു ചെയ്‌ത് പ്രമേയം പാസാക്കുകയും ചെയ്‌തു.
പാമോയില്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിച്ച തിരുവനന്തപുരം വിജിലന്‍സ് ജഡ്‌ജിക്കെതിരേ പി സി ജോര്‍ജ്ജ് പരാതി അയച്ചതുപോലെതന്നെ രാഷ്ട്രപതിക്കും സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസുമാര്‍ക്കും ഗവര്‍ണര്‍ക്കുമാണ് പ്രമേയം അയച്ചത്. വൈദ്യുതി മന്ത്രിയായിരുന്ന എ കെ ബാലന് അറസ്റ്റു വാറന്റ് അയച്ച ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനെതിരേയായിരുന്നു പ്രമേയം.
മന്ത്രിയല്ലാതിരുന്ന കാലത്ത് ഡിവൈഎഫ്‌ഐയുടെ ട്രെയിന്‍ തടയല്‍ ഉദ്‌ഘാടനം ചെയ്‌തതുമായി ബന്ധപ്പെട്ടായിരുന്നു വാറന്റ്. പ്രതിയായിരുന്ന ബാലന്‍ ശിക്ഷ വിധിക്കാന്‍ കോടതി തീരുമാനിച്ച ദിവസം ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നായിരുന്നു വാറന്റ്. 2007 മെയ് 26, 27 തീയതികളില്‍ നിയമസഭയെ ഇളക്കിമറിച്ച പ്രശ്‌നമായിരുന്നു ഇത്. 27നായിരുന്നു പ്രമേയം. ഇന്നത്തെ ചീഫ് വിപ്പിനു പകരം കഴിഞ്ഞ സര്‍ക്കാരില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന എം വിജയകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. പി സി ജോര്‍ജ്ജ് അന്ന് ഇടതുമുണി സഹയാത്രികനായിരുന്നു.
ജുഡീഷ്യറിയുമായുള്ള അനാരോഗ്യകരമായ ഏറ്റുമുട്ടലിലേക്ക് നിയമസഭയെ വലിച്ചിഴയ്‌ക്കുന്നു എന്നായിരുന്നു യുഡിഎഫിന്റെ വിമര്‍ശനം. അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ഇപ്പോള്‍ പി സി ജോര്‍ജ്ജിന്റെ പരാതിക്കതിരേ രംഗത്തുവന്നിരിക്കുന്ന കോഗ്രസ് എംഎല്‍എ വി ഡി സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രമേയത്തിനെതിരേ യുഡിഎഫ് ശക്തമായ നിലപാടാണു സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനും ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണനും പ്രമേയത്തിനു വേണ്ടി ശക്തമായി വാദിച്ചു. ബാലനെക്കൂടാതെ സിപിഎം എംഎല്‍എ എം ചന്ദ്രനും വാറന്റുണ്ടായിരുന്നു.
അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തില്‍ ബാലന്‍ മന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്‌ത് വി ഡി സതീശന്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയെങ്കിലും സ്‌പീക്കര്‍ അനുവദിച്ചില്ല. അഴിമതിക്കേസിലൊന്നുമല്ല, മറിച്ച് സമരം ചെയ്‌തതിന്റെ പേരിലാണ് ബാലനും ചന്ദ്രനുമെതിരേ കേസെടുത്തതും വാറന്റായതുമെന്നു വി എസ് വിശദീകരിച്ചതിനെത്തുടര്‍ായിരുന്നു ഇത്.
പ്രതിപക്ഷം ഇറങ്ങിപ്പോവുകയും പിന്നീടു മടങ്ങിവന്ന് വന്‍ ബഹളമുണ്ടാക്കുകയും ചെയ്‌തു. രണ്ടു മണിക്കൂറോളം സഭ നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നശേഷം മറ്റു സര്‍ക്കാര്‍ കാര്യങ്ങള്‍ക്കു ശേഷമാണ് വിജയകുമാര്‍ പ്രമേയം പുറത്തെടുത്തത്. അതോടെ സഭ മുമ്പില്ലാത്ത വിധം പ്രക്ഷുബ്ധമാവുകയും ചെയ്‌തു. ജുഡീഷ്യറിയും ലെജിസ്ലെറ്റീവും തമ്മില്‍ നിലനിര്‍ത്തേണ്ട പരസ്‌പര ബഹുമാനത്തിനു വിരുദ്ധമായാണ് മന്ത്രിക്കെതിരേ കോടതി അറസ്‌റ്റു വാറന്റ് പുറപ്പെടുവിച്ചതെന്നായിരുന്നു പ്രമേയത്തിലെ വിമര്‍ശം.
പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവു നല്‍കിയ വിജിലന്‍സ് കോടതി ജഡ്‌ജി പി കെ ഹനീഫക്കെതിരേയാണ് പി സി ജോര്‍ജ്ജ് രാഷ്ട്രപതിക്കും മറ്റും പരാതി അയച്ചത്. ജോര്‍ജ്ജ് ഭരണഘടന ലംഘിച്ചെന്നും രാജിവയ്‌ക്കണമെന്നുമാണ് സിപിഎമ്മും ഇടതുമുണിയും ആവശ്യപ്പെടുന്നത്.
No comments:
Post a Comment