Saturday, 10 September 2011

[www.keralites.net] ബിവറേജസ് ട്രോഫി കരുനാഗപ്പള്ളിക്ക്

 

വര്‍ഷങ്ങളായി ചാംപ്യന്‍ പട്ടം അലങ്കരിച്ചുകൊണ്ടിരുന്ന ചാലക്കുടി ബിവറേജസ് ടീമിനെ ഒരു കൊടുവാളകലത്തിലാക്കി അഖിലകേരള ഓണക്കാല വെള്ളമടി മല്‍സരത്തില്‍ കരുനാഗപ്പള്ളി ബിവറേജസ് ടീം ട്രോഫി കരസ്ഥമാക്കി.ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ആവേശവും അക്രാന്തവും തിരതല്ലിയ ഈ ഓണക്കാലത്ത് കരുനാഗപ്പള്ളിയുടെ നേട്ടം കേരളത്തിലെ മറ്റ് ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ക്ക് മാതൃകയാകണമെന്നും ഈ നേട്ടത്തിന്റെ സ്മാരകമായി കരുനാഗപ്പള്ളി ടൗണില്‍ വലിയൊരു ഫുള്‍ റം ബോട്ടിലിന്റെ ശില്‍പം സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഉത്രാടം വരെയുള്ള ദിവസത്തെ കണക്കെടുപ്പ് കഴിഞ്ഞപ്പോഴാണ് ആയിരക്കണക്കിനു കേയ്‍സുകള്‍ക്ക് കരുനാഗപ്പള്ളി ചാലക്കുടിയെ പരാജയപ്പെടുത്തിയത്. വര്‍ഷങ്ങളായി ബിവറേജസ് ട്രോഫിക്കു വേണ്ടി കരുനാഗപ്പള്ളിയും ചാലക്കുടിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിവരുന്നത്. 2002ല്‍ ട്രോഫി നേടിയ ശേഷം ഏതാണ്ട് പത്തു വര്‍ഷത്തോളം ചാലക്കുടി തന്നെയായിരുന്നു ചാംപ്യന്‍മാര്‍. ട്രോഫി നേടിയതോടെ കരുനാഗപ്പള്ളി കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. വലിയൊരു മാധ്യമസംഘം തന്നെ അവിടെ ക്യാംപു ചെയ്യുന്നുണ്ട്. കരുനാഗപ്പള്ളിക്കാര്‍ ബോധമുണര്‍ന്നു വരുമ്പോള്‍ ഈ നേട്ടത്തെക്കുറിച്ചറിയുമ്പോള്‍ ആ വിജയാഘോഷം ആരംഭിക്കുന്നതോടെ വരുംദിവസങ്ങളിലും കരുനാഗപ്പള്ളിയില്‍ റെക്കോര്‍ഡ് വില്‍പന ആയിരിക്കുമെന്നാണ് കരുതുന്നത്.
വിജയം സാങ്കേതികം മാത്രം: ചാലക്കുടി

കരുനാഗപ്പള്ളി ടീമിന്റെ വിജയം വെറും സാങ്കേതികം മാത്രമാണെന്നും കണക്കുകള്‍ക്കതീതമായി ചിന്തിച്ചാല്‍ ആത്യന്തികവിജയം ചാലക്കുടിയ്‍ക്കു തന്നെയായിരിക്കുമെന്നും ചാലക്കുടിയിലെ കുടിയന്മാര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി വെള്ളമടിയില്‍ ചാലക്കുടിയ്‍ക്കുള്ള മേല്‍ക്കോയ്മയും ആധികാരികതയും കേരളാ ബിവറേജസ് കോര്‍പറേഷനെ താങ്ങിനിര്‍ത്തിയിട്ടുള്ളത് എങ്ങനെയാണെന്ന് സര്‍ക്കാരിനറിയാം. കണക്കിലെ കളി കൊണ്ട് വിജയം അവകാശപ്പടുന്ന കരുനാഗപ്പള്ളിയിലെ കുടിയന്മാരുടെ ആത്മാര്‍ത്ഥത സംശയിക്കപ്പെടേണ്ടതാണെന്നും ഓണം, വിഷു സീസണുകളില്‍ സമ്മാനം ലക്ഷ്യമാക്കി മാത്രം മദ്യപിക്കുന്ന അവര്‍ യഥാര്‍ഥ കുടിയന്മാരുടെ ആത്മാഭിമാനം കളഞ്ഞു കുളിക്കുമെന്നും ചാലക്കുടി ടീം കുറ്റപ്പെടുത്തി.
കരുനാഗപ്പള്ളിക്കാര്‍ കുടിച്ചു എന്നു പറയുന്ന മദ്യം കരുനാഗപ്പള്ളിക്കാര്‍ തന്നെയാണ് കുടിച്ചതെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല, എങ്കിലും പരാജയം അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ച് വരുന്ന ക്രിസ്മസിന് കൂടുതല്‍ ആവേശത്തോടെ കുടിച്ച് റെക്കോര്‍ഡോടെ ഒന്നാംസ്ഥാനത്തെത്തുമെന്ന് ചാലക്കുടി ടീം ക്യാപ്റ്റന്‍ അറിയിച്ചു.
കരുനാഗപ്പള്ളിയുടെ നേട്ടം: സിബിഐ അന്വേഷണം വേണം
ഓണക്കാലത്ത് ചാലക്കുടിയെ അട്ടിമറിച്ച് ഏറ്റവും അധികം വിദേശമദ്യം കഴിച്ചു എന്ന ബഹുമതി നേടിയ കരുനാഗപ്പള്ളിയുടെ വിജയത്തില്‍ തങ്ങള്‍ക്കു സംശയമുണ്ടെന്നും കണക്കുകള്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് പരിശോധിപ്പിക്കുകയും കരുനാഗപ്പള്ളിക്കാര്‍ തന്നെയാണോ ഈ മദ്യമെല്ലാം കുടിച്ചത് എന്നതിനെപ്പറ്റി സിബിഐ അന്വേഷിക്കുകയും വേണമെന്ന് ആവശ്യമുയര്‍ന്നു. ട്രോഫി ലക്ഷ്യമാക്കി കരുനാഗപ്പള്ളിക്കാര്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് കുടിപ്പിക്കുകയായിരുന്നു എന്നാണ് പ്രധാന ആരോപണം.വാഹനങ്ങളിലും മറ്റും അവിടെ നിന്നുള്ള ഫുള്ളുകള്‍ എന്തിന് കെയ്‍സുകള്‍ പോലും പുറത്തേക്ക് കൊണ്ടുപോയിട്ടുണ്ട് എന്നു സംശയിക്കണം. കണക്കുകള്‍ പെരുപ്പിച്ചുകാട്ടിക്കൊണ്ടുള്ള ഈ കളി മദ്യപരുടെ അന്തസ്സിനു ചേര്‍ന്നതല്ലെന്നും ഇത്തരം നീക്കങ്ങള്‍ ബിവറേജസ് കോര്‍പറേഷന്‍ പ്രോല്‍സാഹിപ്പിക്കരുതെന്നും ചാലക്കുടി ആല്‍ക്കഹോളിക്സ് ആസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചാലക്കുടിയെ തോല്‍പിക്കാന്‍ മാളിയേക്കലച്ചന് ഒത്തുകളിച്ചു
വര്‍ഷങ്ങളായി ഒന്നാമതുള്ള ചാലക്കുടിയെ തോല്‍പിക്കുന്നതിനു വേണ്ടി ചാലക്കുടി ഫൊറോന പള്ളി വികാരിയായ ഫാ.ജോസ് മാളിയേക്കല്‍ ഒത്തുകളിച്ചുവെന്നും ഇതിനുവേണ്ടി അച്ചന്‍ കരുനാഗപ്പള്ളിക്കാരുടെ കയ്യില്‍ നിന്നും കുര്‍ബാനയ്‍ക്കുള്ള കാശ് വാങ്ങിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും പ്രമുഖ കുടിയന്‍ പോട്ട അന്തോണി ആവശ്യപ്പെട്ടു. ഉത്രാടദിവസം നല്ല കച്ചവടം നടക്കുന്ന സമയത്ത് ബിവറേജസിനു മുന്നില്‍ അച്ചന്റെ നേതൃത്വത്തില്‍ പാല്‍പ്പായസവിതരണം നടത്തിയത് ചാലക്കുടിയിലെ മദ്യപിക്കുന്ന ക്രിസ്‍ത്യാനികളുടെ മനോവീര്യം കെടുത്തിയിട്ടുണ്ട്. ക്യൂവില്‍ നിന്ന പലരും ഓസില്‍ പായസം കിട്ടുമെന്നറിഞ്ഞ് അതും വാങ്ങിക്കുടിച്ച് വീട്ടില്‍പ്പോയിട്ടുണ്ട്. അച്ചനെ കണ്ട് പലരും ക്യൂവില്‍ നില്‍ക്കാന്‍ മടിച്ചിട്ട് തിരികെപ്പോയിട്ടുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മാളിയേക്കലച്ചന്റെ നേതൃത്വത്തില്‍ നടന്ന പായസ അട്ടിമറി ചാലക്കുടിയുടെ പരാജയത്തിനു കാരണമായിട്ടുണ്ടാവാം. ഇതു മുന്നില്‍ കണ്ട് ക്രിസ്മസിന് എല്ലാ കുടിയന്മാര്‍ക്കും വിപ്പ് നല്‍കുമെന്നും ക്രിസ്മസിന്റെ ആഴ്ചയില്‍ മിനിമം നാല് ഫുള്ളെങ്കിലും വാങ്ങാത്തവര്‍ക്കെതിരെ ബിവറേജസ് ഊരുവിലക്ക് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവുമെന്നും പോട്ട അന്തോണി പറഞ്ഞു.
ഞങ്ങളേം കളിക്കാന്‍ കൂട്ടണമെന്നു മാഹി

ചാലക്കുടിയും കരുനാഗപ്പള്ളിയും തമ്മിലുള്ള ഗുസ്തിപിടി അസഹനീയമാണെന്നും ഒരു മല്‍സരം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വെള്ളമടി മല്‍സരത്തിനു തങ്ങളെയും പങ്കെടുപ്പിക്കണമെന്നും മാഹിയിലെ മദ്യക്കച്ചവടക്കാര്‍ പറഞ്ഞു. മാസം 28 ദിവസം വെപ്പാട്ടിയോടൊപ്പം താമസിക്കുന്ന ഭര്‍ത്താവിന്റെ കൂടെ കൂടുതല്‍ സമയം ചിലവഴിച്ചതാരാണെന്ന കാര്യത്തില്‍ ഒന്നാം ഭാര്യയും രണ്ടാം ഭാര്യയും തമ്മില്‍ മല്‍സരിക്കുന്നതുപോലെ ബാലിശമാണ് ചാലക്കുടിയും കരുനാഗപ്പള്ളിയും തമ്മിലുള്ള മല്‍സരം. മാഹിയിലെത്തി മദ്യപിച്ചും മദ്യംവാങ്ങിയും പോകുന്ന കരുനാഗപ്പള്ളിക്കാരും ചാലക്കുടിക്കാരും മാത്രം നല്‍കിയിട്ടുള്ള പണം ഇരുടീമുകളുടെയും ഓണക്കാല റെക്കോര്‍ഡിനെക്കാള്‍ അധികമായിരിക്കുമെന്നും അമ്മയില്‍ അംഗത്വമില്ലാത്തവന്‍ നടനല്ല എന്നു പറയുന്നതുപോലെ കേരളത്തില്‍ അല്ല എന്ന കാരണം കൊണ്ട് മലയാളികളുടെ പള്ളനിറയ്‍ക്കുന്ന മാഹിയെ അവഗണിക്കുന്നത് അര്‍ഥശൂന്യവും ബാലിശവുമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment