കൊച്ചി ടസ്‍കേഴ്സ് കേരള എന്ന മിമിക്രി ട്രൂപ്പിനെ ഐപിഎല്ലില്‍ നിന്നു പുറത്താക്കുന്നതിലൂടെ ബിസിസിഐ എന്ന ക്രിക്കറ്റ് പിംപിങ് പ്രസ്ഥാനം കേരളത്തിന്റെ, മലയാളത്തിന്റെ മാനം കാത്തു. റസൂല്‍ പൂക്കുട്ടിക്ക് ഓസ്കര്‍ കിട്ടിയതിനു ശേഷം,മലയാളത്തിന് ക്ലാസിക്കല്‍ പദവി, കേരളത്തിന് ഐപിഎല്‍ കിരീടം അങ്ങനെ കൊക്കിലൊതുങ്ങാത്ത മോഹങ്ങളാണ് ബ്ലഡി മല്ലൂസിനുള്ളത്. എന്തേ മലയാളിക്കിതൊന്നും പാടില്ലേ എന്നു ചോദിച്ചാല്‍ പാടും. പക്ഷെ, ന്യൂസ് ചാനലിനു മുന്നിലിരുന്ന് വികാരം കൊണ്ടതുകൊണ്ട് ലോകം മാറ്റിമാറിക്കാമെന്നു കരുതുന്ന ഒരു സമൂഹം ഇതൊന്നും അര്‍ഹിക്കുന്നില്ല.
ആദ്യം മുതല്‍ പരിശോധിച്ചാല്‍ തന്നെ കേരളാ ടസ്‍കേഴ്സിന്റെ നില കുടുക്ക പൊട്ടിച്ച ചില്ലറയുമായി നക്ഷത്രവേശ്യയെ കാണാന്‍ പോയ അയല്‍വാസികളായ ദരിദ്രവാസികളുടേതു പോലെയാണ്. ലളിത് മോഡിയെന്ന രാജകുമാരനെ നാറ്റിച്ച് നാണം കെടുത്തി ഒരു വഴിക്കാക്കി.കളി തുടങ്ങിയപ്പോഴാകട്ടെ അതിനപ്പുറം.കൊച്ചിയില്‍ കളിച്ചതും കളിക്കാതിരുന്നതുമായി ബന്ധപ്പെട്ട് കോര്‍പറേഷനുമായുള്ള കളി മറ്റൊന്ന്. സര്‍വശ്രീ ശശി തരൂരിനും സുനന്ദ പുഷ്കറിനും ഒരു ജീവിതമുണ്ടായി എന്നതാണ് കൊച്ചിന്‍ കൊമ്പന് കാടുകയറുമ്പോള്‍ പനംപട്ട അയവിറക്കിക്കൊണ്ട് ആത്മനിര്‍വൃതിയാന്‍ പറ്റിയ ഒരേയൊരു കാര്യം. ടീമിന് അനുമതി കിട്ടിയോ കിട്ടിയില്ലേ,ഉടമകള്‍ ഉണ്ടോ ഉണ്ടില്ലേ തുടങ്ങി മൊത്തം മലയാളികളെയും മാനം കെടുത്താന്‍ പറ്റിയ ഒരു സംരംഭമാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. ഇതുകൊണ്ട് ബിസിസിഐയോ ഐപിഎല്ലോ ഗുണം പിടിക്കുമെന്നല്ല, കൊച്ചിയുടെ പേര് കൂടുതല്‍ ചീത്തയാവാതിരിക്കുമെന്നതാണ് ആകെയുള്ള പ്രയോജനം. മലയാളികളുടെ അഹങ്കാര സ്വകാര്യമായ ശ്രീശാന്ത് മുതലുള്ള പ്രഗല്‍ഭമതികളായ കളിക്കാര്‍ ഇനിയെന്തു ചെയ്യും എന്നു പറയുന്നില്ല. ടീമിനു പണി കിട്ടിയത് ടീം മാനേജ്‍മെന്റിന്റെ കയ്യിലിരിപ്പുകൊണ്ടാണ് എന്നാണ് ടീമിനു വേണ്ടി പരിശ്രമിച്ച ശശി തരൂര്‍ പറയുന്നത്.സകല മാധ്യമങ്ങളും ഇത് കൊച്ചി ടീം ചോദിച്ചുവാങ്ങിയതാണെന്ന മട്ടിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കൊച്ചി ടസ്‌കേഴ്‌സ് ടീമിനെ പുറത്താക്കാനുള്ള ബിസിസിഐ തീരുമാനം കേരള ക്രിക്കറ്റിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.സി.മാത്യുവും സംഗതി മാനേജ്മെന്റിന്റെ കയ്യിലിരിപ്പിന്റെ ഫലമാണ് എന്നാണ് പറയുന്നത്. അത്രയ്‍ക്ക് ആധികാരികമായി പറയാന്‍ നമുക്ക് പറ്റില്ലെങ്കിലും കളിക്കളത്തിനകത്തും പുറത്തും നാണം കെടാന്‍ വേണ്ടി മാത്രം ഒരു ടീം നമുക്ക് വേണ്ട എന്ന് ധൈര്യമായി പറയാം.
ഓരോ വര്‍ഷവും 156 കോടി രൂപ വീതം 10 വര്‍ഷത്തേക്കാണ് കൊച്ചി ടീം ബാങ്ക് ഗ്യാരന്റിയായി നല്‍കേണ്ടിയിരുന്നത്. ഈ വര്‍ഷത്തെ ബാങ്ക് ഗാരന്റി നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 27 ആണ്. അടയ്‍ക്കെടാ ഉവ്വേ എന്നും പറഞ്ഞ് ബിസിസിഐ നോട്ടീസയച്ചിട്ട് കൊച്ചിയുടെ കൊമ്പന്‍മാര്‍ മൈന്‍ഡ് ചെയ്യാത്ത സാഹചര്യത്തില്‍ അവസാന നിമിഷം കുടുക്കയും പൊട്ടിച്ച് പെട്ടിയോട്ടോയ്ഡക്ക് ചില്ലറയുമായി ചെന്നു കണക്കുപറയുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാവും ഒരാഴ്ട മുമ്പേ ടീമിനെ പടിയടച്ചു പിണ്ഡം വച്ചത്. ടീമിനായി കെട്ടിവെച്ച തുക കൊച്ചി ടസ്‌കേഴ്‌സിന് തിരിച്ചുനല്‍കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.സംഗതി വീതം വച്ച് പാപ്പാന്മാര്‍ക്കു മടങ്ങാം.
എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യുന്നതുപോലെയാണ് ടീം മാനേജ്‍മെന്റ് ഇതിനെ വിലയിരുത്തുന്നത്.പുറത്താക്കലും മറ്റും തികച്ചും സാങ്കേതികം മാത്രമാണെന്ന ലൈന്‍. വേണ്ടി വന്നാല്‍ ബിസിസിഐയെ പുറത്താക്കാന്‍ ഞങ്ങള്‍ വിചാരിച്ചാല്‍ പറ്റും എന്ന ആത്മവിശ്വാസം മാനേജ്മെന്റ് പ്രതിനിധികളുടെ വാക്കുകളിലുണ്ട്. ബാങ്ക് ഗാരന്റി അടയ്‍ക്കാന്‍ ഈ മാസം 27 വരെ സമയമുണ്ടെന്നിരിക്കെ ഇപ്പോള്‍ പുറത്താകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കണക്കെല്ലാം കൂടി കൂട്ടിക്കിഴിച്ചു നോക്കിയാല്‍ ബിസിസിഐ കൊച്ചി ടീമിന് 15 കോടി രൂപ അങ്ങോട്ടു കൊടുക്കാനുണ്ടെന്നുമാണ് കൊച്ചിക്കാരായ മുകേഷ് പട്ടേലും ചിന്തന്‍ വോറയും പറഞ്ഞിരിക്കുന്നത്.പാവങ്ങള്‍,പലയിടത്തായി പലിശയ്‍ക്കും മറ്റും കൊടുത്തിരിക്കുന്ന കാശ് പിരിച്ചെടുത്ത് ഇരുപത്തിയാറാം തീയതി രാത്രി 11.59ന് ബിസിസിഐ ഓഫിസില്‍ ചെന്ന് പൈസയടയ്‍ക്കാനിരുന്നതായിരിക്കണം.
എന്നാല്‍,കാശ് പിരിച്ച് രണ്ടു ദിവസത്തിനകം അടയ്‍ക്കുകയാണെങ്കില്‍ വീണ്ടുമൊരു ലേലവും കളിക്കാര്‍ക്കുള്ള നഷ്ടപരിഹാരവുമൊക്കെ ഒഴിവാക്കുന്നതിനായി ബിസിസിഐ ചിലപ്പോള്‍ കൊച്ചിയെ നിലനിര്‍ത്തിയേക്കുമെന്നു കേള്‍ക്കുന്നു. എന്നാല്‍, കാര്യങ്ങള്‍ വിശദമായി പഠിച്ച് രണ്ട് ദിവസത്തിനകം ബിസിസിഐക്കെതിരെ കേസ് കൊടുക്കുമെന്നും ബിസിസിഐയെ ഒരു പാഠം പഠിപ്പിക്കുമെന്നുമൊക്കെയാണ് പട്ടേല്‍ പള്ളുരുത്തി പറയുന്നത്. കളിച്ചാലും തോറ്റാലും പണി കൊടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല എന്നു ചുരുക്കം.
പിന്നേയ്: കേരളത്തിനു ടീമിനെ നഷ്ടമായ ഈ ദുഖവാര്‍ത്തയില്‍ സന്തോഷിക്കുന്ന നിലപാട് രാജ്യദ്രോഹമാണ് എന്നു ചില ക്രിക്കറ്റ് ഭ്രാന്തന്‍മാര്‍ക്കു തോന്നും.ഇന്ത്യയുടെ കായികസംസ്‍കാരം നശിപ്പിച്ച ക്രിക്കറ്റും നല്ല ക്രിക്കറ്റിനെ നശിപ്പിച്ച ഐപിഎല്ലും ക്രിക്കറ്റുമായി ബന്ധപ്പെട്ടതെല്ലാം വിറ്റ് കാശാക്കുന്ന ബിസിസിഐയും, ഏതാണ് കൂടുതല്‍ ആപത്ത് എന്ന കാര്യത്തില്‍ മാത്രമേ ഒരു കണ്‍ഫ്യൂഷന്റെ ആവശ്യമുള്ളൂ.
No comments:
Post a Comment