ജീവിതം കാണാതെ പോയ എഴുത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ അശോകന്‍ ചരുവില്‍ അതുകൊണ്ട് ഭാഷയെ അത്യന്തം സൂക്ഷ്മമായി ഉപയോഗിക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു. വാക്കും വാക്കും ചേരുമ്പോള്‍ നക്ഷത്രമുണ്ടാവണമല്ലോ. കാരണം ഈ എഴുത്ത് രണ്ടായിരം വര്‍ഷം നിലനില്‍ക്കേണ്ട ചരക്കാണ്. ഇടപ്പള്ളിക്കാരനായ മേജര്‍, അന്യഭാഷക്കാരനായ പട്ടാള മേധാവിയോട് ചങ്ങമ്പുഴ കൃഷ്ണപ്പിള്ള എന്ന അധോമണ്ഡല ഗുമസ്തനെ പറ്റി പറഞ്ഞ വാചകം ഇങ്ങനെയായിരുന്നു. "സര്‍, നാം രണ്ടു നിമിഷംകൊണ്ട് വിസ്മരിക്കപ്പെടുമ്പോള്‍ ഇയാള്‍ രണ്ടായിരം വര്‍ഷം സ്മരിക്കപ്പെടും." എണ്‍പതുകളുടെ പാതിയോടെ ജീവിതത്തിലേക്കൊരു വാതില്‍ മലയാള കഥ തുറന്നുവെക്കുന്നുണ്ട്. പക്ഷേ, ജീവിതമല്ല ഭാഷയാണ് മുഖ്യം എന്ന അത്യന്താധുനിക മുദ്രാവാക്യം വലിയൊരു കൊടുവാളു പോലെ എല്ലാവരുടേയും ശിരസ്സുകള്‍ക്കു മേലെ തൂങ്ങിക്കിടന്നിരുന്നു. എഴുത്തിന്റെ കുറച്ചു കാലമെങ്കിലും ഭാഷാപരമായ മികവിനും വ്യത്യസ്തതക്കും വേണ്ടി വിട്ടുകളഞ്ഞതിനെക്കുറിച്ച് എനിക്കു കുറ്റബോധമുണ്ട്. അക്കാലത്ത് കെ പി അപ്പന്‍ 'അപാരമ്പര്യത്തിന്റെ ഊര്‍ജ്ജപ്രവാഹ'മായി വിലയിരുത്തിയ കഥാകൃത്തുക്കളായിരുന്നു താരങ്ങള്‍. അവസാന കാലത്ത് അപ്പന്‍ സാര്‍ എഴുതി: 'അതിസാങ്കേതികത മലയാള കഥയെ കൊല്ലുന്നു.' ഭാഷ എക്കാലത്തും എഴുത്തുകാരന്റെ പ്രതിസന്ധിയാണ്. മനസ്സില്‍ തിരയടിക്കുന്ന മഹാസമുദ്രങ്ങളെ പകര്‍ത്താന്‍ അതൊന്നേ മാര്‍ഗമുള്ളു. അതാകട്ടെ അതി പരിമിതമായ ഒരു അവലംബമാണ്. പ്രതിലോമ ആശയങ്ങള്‍ നിരന്തരം സംപ്രേഷണം ചെയ്ത് അങ്ങേയറ്റം സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു ഉപകരണം. വാക്ക് വെറും വാക്കല്ല. ഒരു പ്രതീകം കൂടിയാണ്. ഒരാശയമാണ്. നീതിബോധമാണ്. പുതിയ ലോകത്തെ നിര്‍മ്മിക്കുമ്പോള്‍ എഴുത്തുകാരന് പുതിയ വാക്ക് ഉണ്ടാക്കാനാവില്ലല്ലോ. പഴയ വാക്കുകള്‍ തന്നെ ശരണം. ചുരുക്കിപ്പറഞ്ഞാല്‍ വ്യവസ്ഥാപിതമായ ഭാഷയുപയോഗിച്ച് വ്യവസ്ഥയെ തകര്‍ക്കേണ്ടി വരുന്ന അങ്ങേയറ്റം വൈരുദ്ധ്യാത്മകമായ ഒരു സംഭവമാണ് എഴുത്ത്. പക്ഷേ ജീവിതം ഒരു സൂര്യനക്ഷത്രമാകുന്നു. പുതിയ ജീവിതം കടന്നുവരുമ്പോള്‍ ഭാഷ അതിന്റെ വ്യവസ്ഥാപിതമായ രൂപഘടന നഷ്ടപ്പെട്ട് ചേതോഹരമായ ഭാവം വീണ്ടെടുക്കാറുണ്ട്. ഭാഷ ജൈവാവസ്ഥയിലേക്കു തിരിച്ചുവരുന്നു. ബഷീറും, വി കെ എനും, മാധവിക്കുട്ടിയും അങ്ങനെ പുതിയ ഭാഷ നിര്‍മ്മിച്ചവരാണ് എന്നു പറയാറുണ്ട്. 'പാത്തുമ്മയുടെ ആടി'ല്‍ ബഷീറിന്റെ ഉമ്മ സംസാരിക്കുമ്പോള്‍ മലയാളഭാഷ കിടുങ്ങി വിറക്കുന്നത് നമുക്ക് കാണാനാവും. അതുവരെ ഭാഷയോ, സംസ്കാരമോ എന്തിന് ജീവിതം പോലുമോ ആയി പരിഗണിക്കാത്ത ഒരു ശബ്ദം കടന്നു വരുന്നതിന്റെ ഉള്‍പുളകം മലയാളം അനുഭവിക്കുന്നു. ഇങ്ങനെയാവണം ജീവിതം ഭാഷയെ നവീകരിക്കുന്നത്. പുനര്‍നിര്‍മ്മിക്കുന്നത്. കുട്ടനാടന്‍ ജന്മിയുടെ 'കുടുംബപുരാണം' എത്ര ആധുനിക ഭാഷയില്‍ എഴുതിയാലും ക്ളാവു വിട്ടുപോവില്ല. പക്ഷേ പുലയന്റെ ജീവിതം പകര്‍ത്തിയാല്‍ ഭാഷ പൂത്തുലയും. അതി സാങ്കേതികതയുടെ കാല്‍നൂറ്റാണ്ടാണ് മലയാളസാഹിത്യം പിന്നിടുന്നത്. ഇപ്പോള്‍ തകഴി ജന്മശതാബ്ദി ആഘോഷിക്കുകയാണല്ലോ. തകഴിയെ വീണ്ടും വായിക്കുമ്പോള്‍ ഞാന്‍ അമ്പരന്നു പോകുന്നു. പ്രധാന കാര്യം ഞാന്‍ തകഴിയെ വേണ്ടവിധം വായിച്ചില്ല എന്ന കുറ്റബോധമാണ്. ഈ പഴയ നാട്ടുകാരണവരെ ഒന്നു ബഹുമാനിച്ച് ഉപേക്ഷിക്കുവാന്‍ 'ആധുനികത'യുടെ ഭാരം പേറുന്ന എഴുപതുകളിലെ സാഹിത്യ സംവേദനം എന്നോട് ആഹ്വാനം ചെയ്തിരുന്നു. വാക്കിന്റെയും ഭാഷയുടേയും അതീവ ശ്രദ്ധ തകഴിക്ക് കൈവശമുണ്ടായിരുന്നെങ്കില്‍ കൃഷിപ്പണിക്കാരന്റെയും തോട്ടിയുടേയും മുക്കുവന്റെയും ജീവിതം മലയാള സാഹിത്യത്തിന് ഇന്നും അന്യമാകുമായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിന്റെ സാമൂഹ്യജീവിതം അതിന്റെ വൈകാരികതയില്‍ പകര്‍ത്തുവാന്‍ മലയാളത്തിനു കഴിഞ്ഞിട്ടുണ്ടോ? സമരങ്ങള്‍, പ്രക്ഷോഭങ്ങള്‍, ആത്മാവിലും ശരീരത്തിലും മനുഷ്യന്‍ ഏറ്റുവാങ്ങിയ മുറിവുകള്‍. ആഗോള സാമ്പത്തിക കരാറുകളുടെ ഊരാക്കുടുക്കില്‍ പിടഞ്ഞ ജന്മങ്ങള്‍. വ്യക്തിബന്ധങ്ങളിലും പ്രണയത്തിലും സംഭവിച്ച അടിയൊഴുക്കുകള്‍. ശത്രുവിന്റെ ആയുധ താവളമായ ആത്മാവും പേറിക്കൊണ്ടുള്ള മനുഷ്യന്റെ നടപ്പ്. വയനാട്ടിലെ കുറേ കര്‍ഷകരുടെ ആത്മഹത്യയല്ലാതെ യാതൊരു വിധ ആവിഷ്കാരങ്ങളും ഇതു സംബന്ധമായി ഉണ്ടായിട്ടില്ല. ഇതു സമകാല സാഹിത്യം അതിന്റെ സ്വന്തം കാലത്തോടും ചരിത്രത്തോടും ചെയ്യുന്ന കൊടും വഞ്ചനയാണ്. ചരിത്ര രചനക്കുള്ളതിനേക്കാള്‍ വലിയ ചരിത്രദൌത്യമാണ് സാഹിത്യത്തിനുള്ളത്. കാലത്തെ അത് എക്കാലത്തും സാക്ഷ്യപ്പെടുത്താറുണ്ട്. സമകാലത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഉള്‍ക്കൊള്ളാനുള്ള ആറാമിന്ദ്രിയം കവിക്കാണുള്ളത്. ഇന്നത്തെ സാഹിത്യം നാളത്തെ നിയമമാണ്. തത്വചിന്തകര്‍ സ്വപ്നം കാണാത്ത തത്വശാസ്ത്രവും, ഏറ്റവും സമുന്നതമായ സാമ്പത്തിക വിശകലനവും, മനശാസ്ത്രവും, രാഷ്ട്രീയപാര്‍ടിക്കാര്‍ക്കു മനസ്സിലാവാത്ത രാഷ്ട്രീയവും അതിലാണുള്ളത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഒരു പ്രവണത മാലയാളത്തിലെ ആനുകാലിക മേഖലയില്‍ കാണാനാവുന്നു. പത്രങ്ങളുടേയും വാരികകളുടേയും ഓണപ്പതിപ്പുകളായിരുന്നുവല്ലോ കുറേ കാലമായി മലയാളത്തിലെ സാഹിത്യോത്സവങ്ങള്‍. കഥകള്‍ക്കായിരുന്നു ഇത്തരം പതിപ്പുകളില്‍ പ്രാമുഖ്യം. ഓരോന്നിലും മുപ്പതോ നാല്‍പ്പതോ കഥകള്‍ കാണുമായിരുന്നു. ഓണക്കാലത്ത് എട്ടും പത്തും കഥകള്‍ ഇരുന്നെഴുതിയിരുന്ന കഥാകൃത്തുക്കള്‍ ഉണ്ടായിരുന്നു. ജൂണ്‍, ജൂലായ് മാസങ്ങളില്‍ കഥാകൃത്തുക്കളെ പുറത്തുകാണാറില്ല. സിഗരറ്റ് വാങ്ങാനോ മറ്റോ പുറത്തിറങ്ങിയാല്‍ ഒരു കഥാകൃത്ത് മറ്റേയാളിനോട് ചോദിക്കും: "എത്രയായി?" പക്ഷേ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇറങ്ങുന്ന വിശേഷാല്‍ പ്രതികളില്‍ കഥകളില്ല. ഉണ്ടെങ്കില്‍തന്നെ ഒന്നോ രണ്ടോയെണ്ണം മാത്രം. ജീവിതസ്മരണകളാണ് പകരം. ആത്മകഥകളും ജീവചരിത്രങ്ങളും മലയാളത്തിനു പുതിയതല്ല. അവ പണ്ടും ധാരാളമായി ഉണ്ടായിരുന്നു. പ്രശസ്തരുടേയും പ്രഗത്ഭരുടേയും ജീവിതങ്ങള്‍. പക്ഷേ സമീപകാലത്തെ ജീവിതമെഴുത്ത് വേറൊന്നാണ്. വഴിയരുകിലേക്ക് തള്ളിമാറ്റപ്പെട്ടവരുടെ ജീവിതമാണ് കുത്തിയൊഴുകി വരുന്നത്. അരാജകവാദിയുടേയും, മദ്യപാനിയുടേയും, കള്ളന്റേയും, തെരുവുപെണ്ണിന്റെയും ജീവിതം. മാന്യനും മഹാത്മാവുമായ ഒരാളുടെ ജീവിതകഥ മാത്രമേ അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തി കണ്ടുള്ളു. ശ്രീ. ആര്‍.ബാലകൃഷ്ണപ്പിള്ളയുടേത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ജീവിതമെഴുത്ത്? ഒരാള്‍ എന്തിനാണ് സാഹിത്യം വായിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു. അനുഭവങ്ങള്‍ ജീവിതയാത്രയിലെ പാഥേയമാണ്. സഹജീവിയുടെ ആത്മാവിലേക്ക് ഒരു വാതില്‍ അവന്‍ സ്വപ്നം കാണുന്നു. തന്റെ ആത്മീയവും ഭൌതീകവുമായ പ്രതിസന്ധികളെ തരണം ചെയ്യാന്‍ അവനത് ആവശ്യമുണ്ട്. സാമൂഹ്യപ്രതിസന്ധി മറികടക്കാനുള്ള ആയുധമാണത് . അശോകന്‍ ചരുവില്‍
കാട്ടൂര്‍.പി.ഒ
തൃശ്ശൂര്‍ ജില്ല
ഫോണ്‍ : 9447755401
ashokancharuvil@gmail.com
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment