Tuesday, 25 December 2012

[www.keralites.net] ജനുവരി അവസാനം ജഗതി മ‌ടങ്ങിയെത്തും

 

പ്രാർത്ഥനകൾക്ക് ദൈവത്തിന്റെ മധുരസമ്മാനം, ജനുവരി അവസാനം ജഗതി മ‌ടങ്ങിയെത്തും
സി. മീര
 

  Fun & Info @ Keralites.net

കോഴിക്കോട്: പ്രാർത്ഥനകൾക്ക് ദൈവം നൽകിയ മധുരസമ്മാനമായി മലയാളത്തിന്റെ "അന്പിളിച്ചിരി' മടങ്ങിയെത്തുന്നു. ഒന്പതു മാസം മുന്പ്, സിനിമാലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ച വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെല്ലൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ജഗതി ശ്രീകുമാർ ജനുവരി അവസാനത്തോടെ നാട്ടിൽ തിരിച്ചെത്തും.

ഫിസിയോതെറാപ്പിയിലൂടെ ഓ‌ർമ്മശക്തിയും സംസാരശേഷിയും വീണ്ടെടുത്ത അദ്ദേഹത്തിന് തുട‌ർന്നുള്ള ആയുർവേദ ചികിത്സ തിരുവനന്തപുരത്തായിരിക്കും. ഭാര്യയെയും മകളെയും മറ്റു ബന്ധുക്കളെയും തിരിച്ചറിയുക മാത്രമല്ല, അവരുടെ പേരു വിളിക്കുകയും ചെയ്യുന്ന ജഗതി ഇപ്പോൾ അടുത്തിരുന്ന് ഭാര്യ ശോഭ പാടുന്ന പാട്ടുകളുടെ കുറച്ചുവരികൾ കൂടെപ്പാടും. ദു‌ർവിധിയുടെ ആഘാതത്തെ മനക്കരുത്തുകൊണ്ട് നേരിട്ട മഹാനടന്റെ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് മലയാളികൾക്കുള്ള ഏറ്റവും വലിയ പുതുവത്സര സമ്മാനമായി മാറും.

പിടിച്ചുനിൽക്കും, ചോറു കഴിക്കും
കോഴിക്കോട്ട് പാണന്പ്രയിൽ കഴിഞ്ഞ മാർച്ച് പത്തിനുണ്ടായ അപകടത്തെ തുടർന്ന് വെല്ലൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ജഗതി ശ്രീകുമാറിനെ നിരവധി ശസ്ത്രക്രിയകൾക്കും, വിദഗ്ദ്ധ ചികിത്സകൾക്കും ശേഷം രണ്ടുമാസം മുന്പാണ് ഫിസിയോ തെറാപ്പിക്ക് വിധേയനാക്കിത്തുടങ്ങിയത്. വെല്ലൂർ ആശുപത്രിയിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ആശുപത്രിയുടെ തന്നെ ഭാഗമായ റീഹാബിലിറ്റേഷൻ സെന്റർ. ഇവിടത്തെ ചികിത്സ ആരംഭിച്ചതു മുതൽ ജഗതിയുടെ ആരോഗ്യനില പടിപടിയായി മെച്ചപ്പെട്ടു. ഇപ്പോൾ പിടിച്ച് എഴുന്നേറ്റു നിൽക്കും. അല്ലാത്തപ്പോൾ വീൽചെയറിൽ. രാവിലെ ഇഡ്ഡലിയോ ദോശയോ പോലെ പെട്ടെന്ന് ദഹിക്കുന്ന പലഹാരങ്ങളാണ് ഭക്ഷണം. ഉച്ചയ്ക്ക് ചോറും കറികളും രാത്രിയിൽ ചാപ്പാത്തിയും. ഫിസിയോ തെറാപ്പിയുടെ സമയം കഴിഞ്ഞാൽ പൂർണ വിശ്രമം.
ജഗതി ശ്രീകുമാറിന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാർത്ത പുറത്തു വന്നപ്പോൾ മുതൽ മലയാളികൾ പ്രാർത്ഥനയിലായിരുന്നു. കേരളത്തിൽ മാത്രമല്ല, മലയാളികൾ ഉള്ളിടത്തെല്ലാം അദ്ദേഹത്തിനു വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥനകളും പൂജകളും നടന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന വിവരങ്ങൾ പുറത്തുവന്നെങ്കിലും വിധിയുടെ വെല്ലുവിളികളെയെല്ലാം ജഗതി അതിവേഗം അതിജീവിച്ചു.

അതിനിടെ പല തവണ ശസ്ത്രക്രിയകൾ. അത്രയ്ക്ക് കടുത്തതായിരുന്നു അപകടത്തിൽ ആന്തരാവയവങ്ങൾക്കേറ്റ ആഘാതം. ശ്വാസകോശത്തിലും മസ്തിഷ്കത്തിലും രക്തം കട്ടപിടിച്ചു കിടന്നു. ഓ‌ർമ്മശക്തി വീണ്ടുകിട്ടുന്നതിനെക്കുറിച്ച് ഡോക്‌ടർമാർക്ക് ഉറപ്പുനൽകാൻ കഴിയാത്ത വിധമായിരുന്നു കാര്യങ്ങൾ.

പ്രാർത്ഥനകളുടെ പുണ്യഫലം

അപകടഘട്ടം കഴിഞ്ഞതോടെ ജഗതിയുടെ ഓർമ്മശക്തിയും ചലനശേഷിയും വീണ്ടുകിട്ടണേ എന്നായി എല്ലാവരുടെയും പ്രാർത്ഥന. അഭിനയത്തികവിന്റെ കൊടുമുടിയും ചിരിയുടെ തിരയിളക്കവുമായി മനസ്സിൽ നിറയുന്ന അന്പിളിച്ചേട്ടനെ അങ്ങനെയല്ലാതെ ആരാധകർക്ക് ഒന്നു സങ്കല്പിക്കാൻ പോലും കഴിയുമായിരുന്നില്ല. ഭാര്യയും മകൾ പാ‌ർവതിയും ഭർത്താവ് ഷോണും മുഴുവൻ സമയവും ആശുപത്രിയിൽ കൂടെനിന്നു.

ദിവസവും ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽനിന്ന് ഫോൺകാളുകൾ, അന്വേഷണങ്ങൾ... പതിയെപ്പതിയെ ജഗതി ഓ‌ർമ്മകളിലേക്കു മടങ്ങിയെത്തുകയായിരുന്നു. മരുന്നുകൾ ഫലിക്കുന്നുണ്ടെന്നും ശരീരം നന്നായി പ്രതികരിക്കുന്നുണ്ടെന്നും അറിഞ്ഞതോടെ എല്ലാവ‌ർക്കും ധൈര്യമായി. പക്ഷേ, ഇത്രയും വലിയ ആഘാതത്തിൽ നിന്ന് ഇത്ര കുറഞ്ഞ കാലംകൊണ്ടുള്ള തിരിച്ചുവരവ് ആ മനോധൈര്യം ഒന്നുകൊണ്ടു മാത്രമാണെന്ന് മകൾ പാ‌ർവതിയുടെ ഭർത്താവ് ഷോൺ പറയുന്നു.

ഒരു വാക്കിനു കാതോർത്ത്...
വെല്ലൂരിലെ റീഹാബിലിറ്റേഷൻ സെന്ററിൽ ദിവസവും രണ്ടു തവണയായാണ് ഇപ്പോൾ ജഗതിക്ക് ഫിസിയോതെറാപ്പി. രാവിലെ എട്ടുമണി മുതൽ പത്തര വരെയും ഉച്ച കഴിഞ്ഞ് രണ്ടു മുതൽ നാലു വരെയും. ഓർമ്മശക്തി കുറേശ്ശെയായി തിരികെയെത്തിയപ്പോഴും വീട്ടുകാരുടെ പ്രാർത്ഥന, ആ നാവിൽ നിന്ന് ഒരു വാക്കെങ്കിലും ഉച്ചരിച്ചുകേൾക്കണേ എന്നായിരുന്നു. ആ പ്രാ‌ർത്ഥനകളുടെ സാഫല്യം പോലെ, ഒരുദിവസം ഫിസിയോതെറാപ്പിക്കിടെ ശരീരം വേദനിച്ചപ്പോൾ അദ്ദേഹം "അയ്യോ...' എന്നു വിളിച്ചു.

വേദനയോടെയാണ് വിളിച്ചതെങ്കിലും അതു നൽകിയ പ്രതീക്ഷയും മനോധൈര്യവും ചെറുതല്ലായിരുന്നുവെന്ന് ജഗതിയുടെ സന്തതസഹചാരിയായ ‌ഡ്രൈവർ വിജയൻ പറയുന്നു. അപകടം സംഭവിക്കുന്പോൾ വിജയനല്ല കാറോടിച്ചിരുന്നത്. ഇപ്പോൾ, റീഹാബിലിറ്റേഷൻ സെന്ററിൽ ജഗതിക്കൊപ്പം തന്നെയുണ്ട് വിജയനും.

ഫേസ്ബുക്കിലെ ആശ്വാസചിത്രം
കഴിഞ്ഞ ദിവസം ആരാധകർക്ക് ആഹ്ളാദം പക‌ർന്നുകൊണ്ടാണ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്നുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിച്ചത്. ആശുപത്രിയുടെ ഇടനാഴിയിൽ വീൽചെയറിൽ ഇരിക്കുന്ന ജഗതിക്കൊപ്പം മകൾ പാർവതിയും ഫിസിയോതെറാപ്പിസ്റ്റുകളായ മൂന്നു പെൺകുട്ടികളും നിൽക്കുന്നതായിരുന്നു ഫോട്ടോ. ചിത്രം പ്രചരിച്ചുതുടങ്ങിയതോടെ അതിന്റെ സത്യസ്ഥിതി അറിയാൻ പത്രം ഓഫീസുകളിലേക്കും മറ്റും ആരാധക‌ർ വിളി തുടങ്ങി. ഷോണിന്റെ ഫോണിന് രണ്ടുദിവസത്തേക്ക് വിശ്രമമേ ഉണ്ടായിരുന്നില്ല. ജഗതി എന്നു തിരിച്ചെത്തും? അതു മാത്രമാണ് വിളിക്കുന്നവർക്കെല്ലാം അറിയാനുണ്ടായിരുന്നത്.

ഫിസിയോതെറാപ്പി ഒരു മാസം കൂടി
ഇപ്പോഴത്തെ ഫിസിയോ തെറാപ്പി ചികിത്സ ഒരുമാസം കൂടി കഴിഞ്ഞാൽ പൂർത്തിയാകും. ഈ നിലയിലാണെങ്കിൽ അടുത്ത ഒരുമാസംകൊണ്ട് അദ്ദേഹത്തിന് പൂർണവാചകങ്ങൾ സംസാരിക്കാനും മറ്റൊരാളുടെ സഹായമില്ലാതെ നടക്കാനും കഴിയും. എങ്കിലും ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെടാൻ കുറേനാളത്തെ ആയുർവേദ ചികിത്സ കൂടി വേണ്ടിവരും.

ജനുവരി അവസാനത്തോടെ അദ്ദേഹത്തെ വെല്ലൂരിൽ നിന്നു നാട്ടിലെത്തിച്ച് തിരുവനന്തപുരത്ത് ആയുർവേദ ചികിത്സ തുടരാനാണ് വീട്ടുകാരുടെ തീരുമാനം. കുടുംബാംഗങ്ങളെ തിരിച്ചറിയാനും ചെറിയ വാക്കുകൾ ഉച്ചരിക്കാനും തുടങ്ങിയതിനു ശേഷം മകൾ പാർവതിയെ "പാറൂ' എന്നു വിളിക്കും. ഭാര്യ ശോഭയെ വിളിക്കുന്ന "ശോഭിച്ചി' എന്ന ഓമനപ്പേരും അദ്ദേഹം ഓർമ്മകളിൽ നിന്നു വീണ്ടെടുത്തു.

മടങ്ങിയെത്തുന്ന ഓർമ്മച്ചിത്രങ്ങൾ

മാർച്ച് പത്തിന് ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ കോഴിക്കോട് തേഞ്ഞിപ്പലത്തിനടുത്ത് പാണന്പ്രയിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു കേരളത്തെ നടുക്കിയ അപകടം. ഡിവൈഡറിലിടിച്ച് മറിഞ്ഞ ഇന്നോവ കാറിൽ, പിൻസീറ്റിലായിരുന്നു ജഗതി. ഇടിയുടെ ആഘാതത്തിൽ പിന്നോട്ടു തെറിച്ച അദ്ദേഹത്തിന്റെ നട്ടെല്ലിനും മസ്തിഷ്കത്തിനുമായിരുന്നു ഏറ്റവും കൂടുതൽ പരിക്കുകൾ. അപകടശേഷം ആശുപത്രിയിലെത്തിക്കുന്നതുവരെ പൂർണബോധമുണ്ടായിരുന്ന അദ്ദേഹം തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചത്. പക്ഷേ, പിന്നീട് അബോധാവസ്ഥയിലായ ജഗതിയുടെ ആരോഗ്യനില അനുനിമിഷം വഷളായി. ഇപ്പോൾ, ഒന്പതു മാസങ്ങൾക്കിപ്പുറം മലയാളത്തിന്റെ ജഗതിച്ചേട്ടൻ ചിരിയുടെ അനുഗ്രഹമായി തിരിച്ചെത്തുന്നു- ഒരിക്കലും മറക്കാനാവാത്തെരു പുതുവത്സരസമ്മാനം പോലെ!


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] സൗദിയിലെ പുതിയ നിയമ വ്യവസ്ഥ

 

സൗദിയിലെ പുതിയ നിയമ വ്യവസ്ഥ : രാജ്യം വിടുന്നവരുടെ എണ്ണത്തില്‍ മലയാളികള്‍ ഒന്നാമത്

 

ദമ്മാം ; സൗദി അറേബ്യയിലെ പുതിയ തൊഴില്‍ നിയമ വ്യവസ്ഥ നിലവില്‍ വന്നതോടെ രാജ്യം വിടുന്ന വിദേശികളില്‍ മലയാളികളാണ് കൂടുതലെന്നു റിപ്പോര്‍ട്ട്. സൗദിയിലെ പുതിയ വ്യവസ്ഥ പ്രകാരം 2400 റിയാല്‍ ലെവി ഇനത്തില്‍ വര്‍ഷംതോറും നല്‍കുകയും ഇഖാമ പുതുക്കാന്‍ സ്‌പോണ്‍സര്‍ക്ക് നല്‍കുന്ന തുകയും നല്‍കിയാല്‍ ഇവിടെ നിന്നും ലഭിക്കുന്ന ശമ്പളം ഇവിടെ തന്നെ ചിലവാകും എന്നുള്ള ഭീതിയാലാണ് ഫ്രീ വിസാക്കാരായ മലയാളികള്‍ കൂടുതലും സൗദി അറേബ്യയോട് വിട പറയുന്നത് .

കഴിഞ്ഞ രണ്ടു മാസമായി ഇവിടെ നിന്നും എക്‌സിറ്റില്‍ നാട്ടിലേക്ക് ആയിരക്കണക്കിനു മലയാളികളാണ് പോയത് . ദിനംപ്രതി മാറി വരുന്ന നിയമങ്ങള്‍ , തങ്ങളില്‍ നിന്ന് സ്‌പോണ്‍സര്‍മാര്‍ അമിതമായി കഫാലത്തിനായി ഈടാക്കുന്ന പണം, പുറം പണിക്ക് നല്ല പ്രതിഫലം ലഭിക്കുന്നില്ല എന്നുള്ള കാരണങ്ങളാണ് മലയാളികള്‍ കൂട്ടത്തോടെ സൗദി വിടുന്നത് .ചില സ്‌പോന്‍സര്‍മാര്‍ അവര്‍ ആവശ്യപ്പെടുന്ന ഭീമമായ തുക നല്‍കാന്‍
വിസമ്മതിച്ചാല്‍ തൊഴിലാളികളെ ഒളിച്ചോട്ടക്കരനായി (ഹുറുബ് ) പ്രഖാപിച്ച് കേസ്സ് കൊടുക്കുകയാണ് പതിവ് .

ഇത്തരം തൊഴിലാളികള്‍ക്ക് പിന്നീട് മറ്റു വിസയില്‍ അഞ്ചു വര്‍ഷത്തേക്ക് സൗദിയിലേക്ക് വരാന്‍ സാധിക്കില്ല . എന്നാല്‍ രണ്ടു വര്‍ഷ കാലാവധി .തീര്‍ന്നാല്‍ തങ്ങളില്‍ നിന്നും മാറണമെന്നും ,ഇനിയും ഇഖാമ പുതിക്കി നല്‍കില്ലെന്ന് ഫ്രീ വിസാക്കാരോട് പറയുന്നസ്‌പോണ്‍സര്‍മാരും ഉണ്ട് . ഇവരുടെ കീഴില്‍ 75000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ മുടക്കി ഗള്‍ഫ് സ്വപ്നം കണ്ട് എത്തിയവരുള്‍പ്പെടെയുള്ളവരാണ് ഉള്ളത്.

ജോലി ഉപേക്ഷിച്ച് രാജ്യം വിടുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഡ്രൈവര്‍ , പാചകക്കാര്‍ , സെയില്‍സ്മാന്‍ ,ഇലക്ട്രിഷന്‍ ,എ.സി .മെക്കാനിക് തുടങ്ങിയ ജോലിക്ക് ആളിനെ കിട്ടാതെയായി .പുതിയ വേതന സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വരും ദിനങ്ങളില്‍ കൂടുതല്‍ ഫ്രീ വിസക്കാര്‍ നാടു പിടിക്കാനാണ് സാധ്യത .ഫ്രീ വിസ്സക്കാരായ തൊഴിലാളികള്‍ ചിലര്‍ റിലീസ് വാങ്ങി സ്ഥാപനങ്ങളില്‍ കയറിപ്പറ്റാനും ശ്രമിക്കുന്നുണ്ട് .എന്നാല്‍ ഇതില്‍ ഭൂരിഭാഗം തൊഴിലാളികളും തങ്ങളുടെ ഇഖാമ കാലാവധി തീരുന്നത് അനുസരിച്ച് എക്‌സിറ്റ് വാങ്ങി നാട്ടില്‍ പോകാനാണ് ആഗ്രഹിക്കുന്നത് .ഇപ്പോള്‍ നാട്ടിലും നല്ല ജോലി സാധ്യത ഉള്ളതിനാല്‍ ആണ് ഇവരെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് .

സൗദിയില്‍ ജോലിനോക്കുന്നത് 22 ലക്ഷം ഇന്ത്യാക്കാരാണ് . അതില്‍ 12 ലക്ഷം മലയാളികളാണ് .ഇതില്‍ ഒരു ലക്ഷം തൊഴിലാളികള്‍ ഫ്രീ വിസയില്‍ ജോലി നോക്കുന്നവരാണെന്ന് കണക്കാക്കുന്നു . ഇഖാമ കാലാവധി അവസ്സാനിക്കുന്നത് കാത്ത് നാട്ടില്‍ എക്‌സിറ്റില്‍ പോകാന്‍ നൂറു കണക്കിന് തൊഴിലാളികള്‍ തങ്ങളുടെ ക്യാമ്പില്‍ ഉള്ളതായി കോട്ടയം ജില്ലക്കാരനായ നവാസ് മംഗളത്തോട് പറഞ്ഞു .


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഈ അശ്ലീലം എനിക്കിഷ്ടമാണ്

 

ഈ അശ്ലീലം എനിക്കിഷ്ടമാണ്

ഡി.ധനസുമോദ്

'ഞാന്‍ എന്റെ കാലുകള്‍ പുറത്ത് കാണിക്കും.അത് സ്‌റ്റൈല്‍ ആണ്. അല്ലാതെ കാമപ്രകടനമല്ല'' ബലാല്‍സംഗത്തിന് ഉപയോഗിച്ച ലൈംഗികാവയവം ഛേദിക്കുക' ഓടികൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂരപീഡനത്തിനും ഇരയായ പെണ്‍കുട്ടിയോട് സഹതാപവും കുറ്റവാളികളോടുളള പകയും പ്രകടമാക്കിയ ചെറുപ്പക്കാരുടെ പ്രതിഷേധത്തില്‍ പെണ്‍കുട്ടികള്‍ ഉയര്‍ത്തിപിടിച്ച പ്‌ളക്കാര്‍ഡുകളാണിവ. ഇന്ത്യയിലെ പ്രതിഷേധത്തിന്റെ ഭാവവും രൂപവും അടിമുടി മാറുകയാണ്.

കണ്ണീര്‍വാതകത്തിനും ലാത്തിചാര്‍ജ്ജിനും കീഴ്‌പ്പെടുത്താനാവാത്ത വിധം അണപൊട്ടിയൊഴുകിയ അമര്‍ഷം രാഷ്ട്രപതിഭവനിലേയ്ക്ക് ഒഴുകി പടര്‍ന്നപ്പോള്‍ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും അമ്പരന്ന് പോയി. പാര്‍ലമെന്റിന് ഒരു കിലോമീറ്ററോളം അകലെ സമരം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലമായ ജന്തര്‍മന്ദറില്‍ നടക്കുന്ന 'പാര്‍ലമെന്റ് മാര്‍ച്ച്'കളെ മാത്രം കൈകാര്യം ചെയ്ത് ശീലിച്ച ഡല്‍ഹിപോലീസ് ചെറുപ്പക്കാരുടെ പ്രതിഷേധ തിരമാലയ്ക്ക് മുന്നില്‍ പകച്ചുപോയി.

12,000 ത്തിലധികം വരുന്ന സമരക്കാരില്‍ ഏറ്റവും ആവേശം കണ്ടത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ വന്നവര്‍ക്കാണ്. തീവ്ര ഇടതുപക്ഷ യൂണിയനായ'ഐസ' പ്രവര്‍ത്തകര്‍ രാജ്പഥിലുടെ തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ മുദ്രാവാക്യം വിളികളുമായിട്ടാണ് നോര്‍ത്ത്-സൗത്ത് ബ്‌ളോക്കുകളുടെ അടുത്തേയ്ക്ക് എത്തിയത്. ബാരിക്കേഡുകളെ തളളിമാറ്റി മുന്നോട്ട് പോയ ഇവരെ തടയുന്നതിനായി രണ്ട് ബസുകള്‍ കുറുകെയിട്ടു. ബസിന് മുകളിലേയ്ക്ക് കയറിയതോടെ പോലീസ് ലാത്തിചാര്‍ജ്ജ് തുടങ്ങി. സമരക്കാര്‍ക്ക് നേരേ എറിഞ്ഞ കണ്ണീവാതക ഷെല്ലുകള്‍ ഷാളുകളില്‍ പൊതിഞ്ഞ് തിരിച്ചെറിഞ്ഞതോടെ പോലീസ് തിരിഞ്ഞോടി. പത്ത് മിന്നിറ്റുകള്‍ക്കുളളില്‍ ഇരട്ടിയിലധികം ചെറുപ്പക്കാര്‍ വീണ്ടും തടിച്ചുകൂടി.

അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതീകമായി കറുത്തപൊട്ട് പ്‌ളക്കാര്‍ഡുമായി എത്തിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഉയരമേറിയ വിളക്കുകാലുകളിലേയ്ക്ക് കയറാനായി അടുത്ത ശ്രമം. വിളക്കുകാലുകളില്‍ മുറുകെ പിടിച്ച ആണ്‍കുട്ടികളുടെ കൈകളില്‍ ചവുട്ടി രണ്ട് പെണ്‍കുട്ടികള്‍ മുകളിലേയ്ക്ക് കയറി. പടിയില്‍ ചവിട്ടി രണ്ട് പേരും നിന്നു. ഒരാള്‍ വളകള്‍ ഊരി നീട്ടികാണിച്ചു. രണ്ടാമത്തെയാള്‍ നാല് വിരലുകളും ചുരുട്ടി നടുവിരല്‍ മാത്രം നീട്ടി, വളയ്ക്കുളളിലേയ്ക്ക് പ്രവേശിപ്പിക്കുകയും പുറത്തേയ്ക്കടുക്കുകയും ചെയ്തു. നിരയായി നിന്ന പോലീസ് സേനക്ക് നേരേ വളകള്‍ എറിഞ്ഞു. പുരുഷ ലിംഗത്തിന്റെ പടം ഉയര്‍ത്തികാട്ടിയിട്ട് പെണ്‍കുട്ടികള്‍ '' പെണ്‍കുട്ടിയെ കുത്തിയ ഇരുമ്പ് കമ്പി ഞങ്ങള്‍ക്ക് തരൂ....' അവന്റെ ഈ സ്ഥാനത്ത് ഞങ്ങള്‍ കുത്തിയിറക്കട്ടെ'' എന്ന് വിളിച്ചു പറഞ്ഞു. സൗത്ത്-നോര്‍ത്ത് ബ്‌ളോക്കുകള്‍ക്ക് നേരേ ഇരുവരും നടുവിരല്‍ ഉയര്‍ത്തികാട്ടിയപ്പോള്‍ താഴെ നിന്ന സമരക്കാര്‍' വീ വാണ്ട് ജസ്റ്റിസ്' മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു.

സാധാരണ പാശ്ചാത്യ സമരത്തിലാണ് പ്രതിഷേധം അണപൊട്ടുമ്പോള്‍ സ്ത്രീകള്‍ മേലുടുപ്പ് അഴിച്ച് പ്രതിഷേധം നടത്താറുളളത്. പട്ടാളംഅമേരിക്കയില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിനിടയില്‍ ഒരു പെണ്‍കുട്ടി ഉയര്‍ത്തിയ പ്‌ളക്കാര്‍ഡില്‍' ഞാന്‍ കന്യകയല്ല, എന്നെ സര്‍ക്കാര്‍ റേപ്പ് ചെയ്തിരിക്കുന്നു' എന്നാണ് എഴുതിയിരുന്നത്. സര്‍ക്കാരിനെതിരേയുളള വെറുപ്പ് തടഞ്ഞ് നിര്‍ത്താനാവാത്ത വിധം ശക്തമാകുമ്പോഴാണ് തുണിയുരിഞ്ഞും അശ്ലീലം പ്രകടിപ്പിച്ചും സമരം നടത്തുന്നത്. ക്ഷമയുടെ നെല്ലിപ്പലകയും തകര്‍ന്ന് കഴിയുമ്പോഴാണ് സമരമുറകളുടെ ഭാവം മാറുന്നത്. ആണ്‍കുട്ടിയുടെ സംരക്ഷണമുണ്ടായിട്ടും തലസ്ഥാന നഗരിയിയില്‍ പെണ്‍കുട്ടി പിച്ചി ചീന്തപ്പെട്ടു. ഒരു നാട് സുരക്ഷിതമാണോ എന്നറിയാന്‍ അവിടുത്തെ സ്ത്രീകള്‍ എത്രകണ്ട് സുരക്ഷിതരാണെന്ന് നോക്കിയാല്‍ മതി എന്ന ആപ്തവാക്യം ശരിയാണെങ്കില്‍ ഡല്‍ഹി ജീവിക്കാന്‍ കൊളളാത്ത നഗരമായി മാറി.

സ്ത്രീപീഡനകേസുകളില്‍ പ്രതിയായവര്‍ നിയമത്തിന്റെ താക്കോല്‍ പഴുതിലൂടെ രക്ഷപെടുകയും വി.ഐ.പി കളുടെ മക്കള്‍ പെണ്‍വാണിഭ കേസുകളില്‍ നിന്ന് തലയൂരുകയും, സ്ത്രീപീഡകരെ കയ്യാമം ചെയ്യുമെന്ന് വീമ്പിളക്കുന്നവര്‍ അത് ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ ചെയ്യുമ്പോള്‍ സാധാരണക്കാരുടെ മനസില്‍ വ്യവസ്ഥയോട് ഒരു തരം അസ്വസ്ഥത ഉറവെടുക്കാറുണ്ട്. ഫേസ്ബുക്കില്‍ പോസ്‌ററ് ഇട്ടതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയും ലൈക് ചെയ്തതിന് മറ്റൊരു പെണ്‍കുട്ടിയേയും അറസ്റ്റ് ചെയ്ത പോലീസ് 'ധീരത പ്രകടിപ്പിച്ച് ഏതാനും ആഴ്ചകള്‍ക്ക് ഉളളിലാണ് മൂന്ന് പോലീസ് വാനുകള്‍ക്ക് മുന്നിലൂടെ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ നരാധമന്മാര്‍ കടിച്ച് കീറിയത്.
ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞ് നിര്‍ത്തി ഫൈനടിപ്പിക്കുന്നതിന്റെ തിരക്കില്‍ ഏമാന്മാര്‍ക്ക് ഈ നിലവിളി കേള്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല.

ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം അനുവദിച്ച സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്നരതിനായി പ്രധാനമന്ത്രി രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തു. 23 കാരിയുടെ യോനിയിലൂടെയും പൊക്കിളിലൂടെയും ഇരുമ്പ് കമ്പി പല തവണ കയറ്റിരസിച്ച കൊടുംക്രൂരതയ്ക്ക് എതിരേയോ ജനക്കൂട്ടത്തിന്റെ പ്രതിഷേധം ഡല്‍ഹിയെ സ്തംഭിപ്പിച്ചപ്പോഴോ പ്രധാനമന്ത്രി ഒട്ടകപക്ഷിയെപോലെ തലതാഴ്ത്തി നിന്നു. അമേരിക്കയില്‍ പിഞ്ച്കുട്ടികള്‍ വെടിയേറ്റ് വീണപ്പോള്‍ പത്രപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പൊട്ടിക്കരഞ്ഞ പ്രസിഡന്റ് ബാരക്ക് ഒബാമ യെ ടി.വിയിലൂടെ ഇന്ത്യക്കാരും കണ്ടതാണ്. ഒടുവില്‍ എന്തുനടപടിയാണ് സ്വകീരിക്കുന്നത് എന്ന് പറയാതെ വിഷമത്തില്‍ പങ്ക് ചേരുന്നതായി ഡോ.മന്‍മോഹന്‍ സിംഗ് എഴുതി വായിക്കുകയാണ് ഇന്നലെയുണ്ടായത്.

അണുബാധയേറ്റതിനാല്‍ കുടല്‍ മുറിച്ച് മാറ്റിയ വേദന 23 കാരി കടിച്ചമര്‍ത്തുമ്പോഴും ' അമ്മേ, എനിക്ക് ജീവിക്കണം' എന്നാണ് ആവശ്യപ്പെട്ടത്. ഈ കുട്ടിയെ പഠിപ്പിക്കാന്‍ വേണ്ടിയാണ് ബീഹാറില്‍ നിന്ന് വീടും ഭൂമിയും വിറ്റ് അന്യനാട്ടിലേയ്ക്ക് കുടുംബം കുടിയേറിയത്. ഈ കുട്ടിയ്ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___