Monday, 9 June 2014

[www.keralites.net] ചലച്ചിത്രഗാനത്തിന ്റെ ശരാശരി ആയുര്‍ദൈര് ‍ഘ്യം എത്രയാണ്?

 


ചലച്ചിത്രഗാനത്തിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം എത്രയാണ്? ഏറിവന്നാല്‍ ഒരു മാസം എന്നു പറയും പുതുതലമുറ. മിന്നാമിന്നികള്‍പോലെ അല്പായുസ്സുകളായ ഗാനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹത്തിനിടയ്ക്ക് ചിലതെങ്കിലും വിസ്മൃതിയെ അതിജീവിക്കുന്നു; അപൂര്‍വം ചിലത്.

അത്തരമൊരു ഗാനം പാടാനായതിന്റെ ആവേശത്തിലാണ് കെ.എസ്. ചിത്ര. ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിലെ ആ ഗാനം - 'ഒവ്വൊരു പൂക്കളുമേ സൊല്‍കിറതേ' ചിത്രയ്ക്ക് ആറാം തവണയും ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു.

'അവാര്‍ഡിനെക്കാളും എന്നെ ആഹ്ലാദിപ്പിച്ചത് ആ ഗാനം ശ്രോതാക്കളില്‍ ഉളവാക്കിയ പ്രതികരണങ്ങളാണ്,' ചിത്ര പറയുന്നു. 'സ്റ്റേജില്‍ അതു പാടുമ്പോള്‍ മുമ്പിലിരിക്കുന്നവര്‍ കണ്ണീരടക്കാന്‍ പാടുപെടുന്ന കാഴ്ച അത്യന്തം ഹൃദയസ്​പര്‍ശിയായിരുന്നു. ഒരു സിനിമാപ്പാട്ടിന് ആളുകളുടെ മനസ്സിനെ ഇത്രയേറെ സ്​പര്‍ശിക്കാന്‍ കഴിയുമെന്ന് തിരിച്ചറിയുക ഇത്തരം സന്ദര്‍ഭങ്ങളിലാണ്.' ചിത്ര പറയുന്നു.

അപൂര്‍വമായെങ്കിലും ഇതുപോലുള്ള അനുഭവങ്ങള്‍ ചിത്രയുടെ സംഗീതജീവിതത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്; ഗായികയും സദസ്സും ഗാനവുമെല്ലാം ഹൃദയംകൊണ്ട് ഒന്നായിത്തീരുന്ന അവസ്ഥ. ബോംബെയിലെ 'ഉയിരെ' നന്ദനത്തിലെ 'കാര്‍മുകില്‍വര്‍ണന്റെ ചുണ്ടില്‍' എന്നീ പാട്ടുകളും എനിക്ക് ഈ അനുഭവം തന്നിട്ടുണ്ട്. നമ്മള്‍ പാടുന്ന പാട്ട് ഏതൊക്കെയോ അപരിചിതരുടെ ഹൃദയത്തെ ചെന്നുതൊടുന്നു എന്നത് വലിയ കാര്യമല്ലേ? ഏത് അവാര്‍ഡിനെക്കാളും മഹത്തരമാണത്.'

ഓട്ടോഗ്രാഫില്‍ പി.വിജയ് എഴുതി ഭരദ്വാജ് ഈണം പകര്‍ന്ന ഗാനം ഒരു പടികൂടി മുന്നോട്ടുപോയി. തമിഴ്‌നാട്ടില്‍ ഒരു 'ദേശീയഗാന'ത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു ഈ ഗാനം. നാലഞ്ച് സ്‌കൂളുകളില്‍ പ്രാര്‍ഥനാഗാനമായി സ്വീകരിക്കപ്പെട്ട ഈ പാട്ട് ഒരു സര്‍വകലാശാലയുടെ സിലബസ്സിലും ഇടംനേടി. നൈരാശ്യത്തില്‍നിന്നും മാനസികമായ ഉണര്‍വിലേക്ക് ശ്രോതാവിനെ കൈപിടിച്ചുയര്‍ത്താന്‍പോന്ന വരികളാണ് ഗാനത്തെ ഇത്രയേറെ ജനപ്രിയമാക്കി മാറ്റിയത്.

ഗാനം ചലച്ചിത്രത്തില്‍ നിര്‍വഹിക്കുന്ന ധര്‍മവും ഇതുതന്നെ. നിരാശരായ ഒരുകൂട്ടം ചെറുപ്പക്കാര്‍ക്ക് ജീവിതത്തോടുള്ള സ്‌നേഹം വീണ്ടെടുത്തു കൊടുക്കുന്നു അത്. സ്റ്റേജില്‍ ഈ ഗാനം പാടി അഭിനയിക്കുന്ന ഗായികയ്ക്ക് അകമ്പടിസേവിക്കുന്നത് അന്ധകലാകാരന്മാരുടെ ഓര്‍ക്കസ്ട്രയാണെന്ന പ്രത്യേകതകൂടിയുണ്ട്.

'ലൈവ്' ആയിട്ടായിരുന്നു ഈ രംഗത്തിന്റെ ചിത്രീകരണമെന്ന് രാഗപ്രിയ ഓര്‍ക്കസ്ട്രയുടെ തലവന്‍ എം.സി. കോമഗന്‍ ഓര്‍ക്കുന്നു: 'തുടക്കത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ആദ്യമായിട്ടാണിങ്ങനെ സിനിമിയ്ക്കുവേണ്ടി സ്റ്റേജില്‍ ഓര്‍ക്കസ്ട്ര കണ്‍ഡക്ട് ചെയ്യുന്നത്. ഉപകരണങ്ങള്‍ സിംക്രണൈസ് ചെയ്യണമല്ലോ. ഭാഗ്യത്തിന് അധികം ടേക്കുകള്‍ ഒന്നും വേണ്ടിവന്നില്ല.

സാധാരണക്കാരില്‍നിന്ന് ഗാനത്തിനു ലഭിച്ച പ്രതികരണം തന്നെ കരച്ചിലിന്റെ വക്കുവരെ എത്തിച്ചുവെന്ന് പതിനെട്ടു വര്‍ഷംമുന്‍പ് തന്നെപ്പോലെ അന്ധരായ കലാകാരന്മാരെ വിളിച്ചുകൂട്ടി രാഗപ്രിയ ഓര്‍ക്കസ്ട്രയ്ക്ക് രൂപംകൊടുത്ത കോമഗന്‍ പറഞ്ഞു: 'ആത്മഹത്യയ്‌ക്കൊരുങ്ങിയ ഒരാള്‍ പാട്ടു കേട്ട് ആ സാഹസത്തില്‍നിന്നു പിന്തിരിഞ്ഞുവെന്നറിഞ്ഞപ്പോള്‍ മുന്‍പൊന്നുമില്ലാത്ത ആഹ്ലാദവും സംതൃപ്തിയും തോന്നി. പാട്ടിന്റെ പൂര്‍ണതയ്ക്കുവേണ്ടി സഹിച്ച ത്യാഗങ്ങളെല്ലാം ഞങ്ങള്‍ മറന്നു.' ഇത്തരം അനുഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല.
 

ജീവിതം എന്ന ഗാനം
ഗാനങ്ങളിലെ വൈകാരികാംശം എളുപ്പം ഉള്‍ക്കൊള്ളാറുള്ളത് തമിഴ് ജനതയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് പ്രശസ്ത ഗായകന്‍ ജയചന്ദ്രന്‍ പറയുന്നു. പല ഗാനങ്ങളും അവര്‍ എത്ര ആത്മാര്‍ഥമായാണ് നെഞ്ചോടു ചേര്‍ത്തുവെക്കാറുള്ളതെന്നോര്‍ത്ത് അദ്ഭുതപ്പെട്ടിട്ടുണ്ട്.

ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ടി. നഗറിലെ തന്റെ വീട്ടിലേക്കുള്ള ഒരു ഓട്ടോറിക്ഷായാത്ര ജയചന്ദ്രന്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. 'വീട്ടിനു മുന്നിലെത്തിയപ്പോള്‍ പോക്കറ്റിലുണ്ടായിരുന്ന നൂറു രൂപ നോട്ട് ഞാന്‍ ഡ്രൈവര്‍ക്കു നീട്ടി. ചില്ലറയില്ലായിരുന്നു. അദ്ഭുതത്തോടെ എന്റെ മുഖത്തു നോക്കി 'സാ...ര്‍' എന്നു പ്രതികരിക്കുകയാണ് അയാള്‍ ചെയ്തത്. പിന്നെ ഒരൊറ്റക്കരച്ചിലാണ്. കരച്ചിലിനിടെ അയാള്‍ എന്റെ കൈ മുറുകെപ്പിടിച്ചു.'
ജയചന്ദ്രന്‍ അമ്പരന്നുനില്‌ക്കേ വിതുമ്പിക്കൊണ്ട് ഡ്രൈവര്‍ പറയുന്നു: 'സാര്‍ പാടിയ ആ പാട്ടില്ലേ? വൈദേഹി കാത്തിരുന്താളിലെ കാത്തിരുന്ത് കാത്തിരുന്ത് കാലങ്കള്‍ പോവുതെടീ, പൂത്തിരുന്ത് പൂത്തിരുന്ത് പൂവിഴി നോവുതെടീ... അതിലെന്റെ ലൈഫുണ്ട് സാര്‍. വലിയൊരു കാത്തിരിപ്പാണ് എന്റെ ജീവിതം. ഇനിയൊരിക്കലും അവള്‍ തിരിച്ചുവരില്ല എന്നറിഞ്ഞുകൊണ്ടുതന്നെ...'

പ്രിയഗായകനെ റോഡരികില്‍ നിര്‍ത്തിക്കൊണ്ട് കണ്ണീരോടെ അയാള്‍ തന്റെ ജീവിതകഥ പറഞ്ഞു. പ്രേമനൈരാശ്യവും വഞ്ചനയുമെല്ലാം നിറഞ്ഞ കഥ. ഒടുവില്‍ കൈയിലുള്ള പത്തു രൂപ നോട്ടില്‍ തന്റെ ഓട്ടോഗ്രാഫും വാങ്ങിയാണ് അയാള്‍ തിരിച്ചുപോയതെന്ന് ജയചന്ദ്രന്‍ ഓര്‍ക്കുന്നു.

ചില ഗാനങ്ങള്‍ സ്വന്തം ജീവിതത്തിലെ അപൂര്‍വമായ ചില നിമിഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് നാം ഓര്‍മയില്‍ സൂക്ഷിക്കുക. അവയങ്ങനെ മനസ്സിന്റെ അടിത്തട്ടില്‍ കിടക്കും, ചിലപ്പോള്‍ മരണംവരെ.

തെക്കന്‍കേരളത്തില്‍ ഒരു ഗാനമേളയ്ക്കു പോയപ്പോഴുണ്ടായ അനുഭവവും ജയചന്ദ്രന്റെ ഓര്‍മയിലുണ്ട്. ഗാനമേള കഴിഞ്ഞ് രാത്രി റെയില്‍വേസ്റ്റേഷനില്‍ വണ്ടി കയറാന്‍ നില്ക്കുമ്പോള്‍ ഒരാള്‍ കിതച്ചു വിയര്‍ത്ത് മുന്നിലെത്തുന്നു. 'വന്നയുടന്‍ അയാള്‍ ചീത്തവിളി തുടങ്ങി. ക്ഷമയോടെ കാര്യം ചോദിച്ചപ്പോള്‍ അയാള്‍ പറയുകയാണ്. എടോ, തന്റെ 'കരിമുകില്‍ കാട്ടിലെ' എന്ന പാട്ടു കേള്‍ക്കാന്‍വേണ്ടി 40 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വന്നതാണു ഞാന്‍. ആ പാട്ടു പാടണമെന്ന് കുറിപ്പു കൊടുത്തയച്ചിട്ടുപോലും താന്‍ വഴങ്ങിയില്ല. താനെന്തു പാട്ടുകാരനാടോ?'

ആദ്യം നീരസം തോന്നിയെങ്കിലും പരാതിക്കാരന്റെ ഭാഗത്തുനിന്നു ചിന്തിച്ചപ്പോള്‍ അയാള്‍ പറഞ്ഞതില്‍ ന്യായമുണ്ടെന്നു തോന്നിയെന്ന് ജയചന്ദ്രന്‍. 'അയാളെ നിരാശനാക്കേണ്ടിവന്നതില്‍ ദുഃഖം തോന്നി. ക്ഷമ ചോദിച്ച് പാട്ടിന്റെ രണ്ടുവരി മൂളിക്കൊടുത്ത ശേഷമാണ് ഞാന്‍ ആ മനുഷ്യനെ പറഞ്ഞയച്ചത്.'

ഹൃദയസ്​പര്‍ശിയായ മറ്റൊരനുഭവം ഇളയരാജ വിവരിച്ചുകേട്ടതും ജയചന്ദ്രന്റെ ഓര്‍മയിലുണ്ട്. കഥാപാത്രങ്ങള്‍ മനുഷ്യരായിരുന്നില്ല എന്നുമാത്രം. 'തേനിയില്‍ രാജാസാറിന്റെ ഒരു വീടുണ്ട്. അതിനടുത്താണ് ആ പ്രദേശത്തെ ഏക സിനിമാ കൊട്ടക. വനപ്രദേശമായതുകൊണ്ട് മൃഗങ്ങളും കുറവല്ല. കൊട്ടകയില്‍ വൈദേഹി കാത്തിരുന്താള്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നു. പടത്തില്‍ 'രാസാത്തി ഉന്നൈ' എന്ന പാട്ടിന്റെ സന്ദര്‍ഭമെത്തുമ്പോള്‍ കാട്ടില്‍നിന്ന് ആനകള്‍ വരിവരിയായി ഇറങ്ങിവരും. പാട്ടു തീരുംവരെ കൊട്ടകയുടെ പരിസരത്ത് മേഞ്ഞശേഷം ആനക്കൂട്ടം തിരിച്ചു പോകുകയും ചെയ്യും.' തേനിയില്‍ വൈദേഹി കാത്തിരുന്താള്‍ പ്രദര്‍ശിപ്പിച്ച കാലം മുഴുവന്‍ ഈ പതിവ് ആവര്‍ത്തിച്ചിരുന്നുവെന്നും രാജാസാര്‍ പറഞ്ഞു. മൃഗങ്ങളെയും സംഗീതം സ്വാധീനിച്ചേക്കാം എന്നതിന് ഉദാഹരണമായാണ് അദ്ദേഹം ഈ അനുഭവം അയവിറക്കിയത്!

പ്രണയത്തിന്റെ ഈണം

സ്വയം അലിഞ്ഞു പാടുന്നതുകൊണ്ടാകാം തന്റെ പ്രണയഗാനങ്ങളോട് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് കൂടുതല്‍ മമതയെന്ന് ഗായിക സുജാത കരുതുന്നു.
'എത്രയോ ജന്മമായ്' എന്ന പാട്ടു കേട്ട് പല ആളുകളും കത്തെഴുതിയിട്ടുണ്ട്. ജീവിതത്തില്‍ നഷ്ടപ്പെട്ടുവെന്നു കരുതിയ പ്രണയം തിരിച്ചു കിട്ടി എന്നൊക്കെ. ഉന്നിടത്തില്‍ എന്നെ കൊടുത്തേന്‍ എന്ന ചിത്രത്തിലെ 'ഏതോ ഒരു പാട്ട്' സ്റ്റേജില്‍ പാടുമ്പോള്‍ സദസ്സില്‍ പലരും വികാരാധീനരാകുന്നതും കണ്ടിട്ടുണ്ട്. അര്‍ഥസമ്പുഷ്ടമായ വരികളാകാം കാരണം. പാട്ടിന്റെ ചരണത്തില്‍ അമ്മയുടെ സ്‌നേഹത്തെക്കുറിച്ചുള്ള ഒരു ഭാഗമുണ്ട്. ഈ ഭാഗമെത്തുമ്പോള്‍ എന്റെതന്നെ കണ്ണു നിറഞ്ഞുപോകാറുണ്ടെന്നതാണ് സത്യം.'

'മറ്റൊരു ഓര്‍മ പ്രിയമാന തോഴി എന്ന ചിത്രത്തിലെ 'മാന്‍കുട്ടിയേ' എന്ന ഗാനത്തെക്കുറിച്ചാണ്. ദക്ഷിണാഫ്രിക്കയില്‍ ഒരു ഗാനമേളയ്ക്കിടെ ആറു പ്രാവശ്യമാണ് ഈ പാട്ട് സദസ്സ് എന്നെക്കൊണ്ട് പാടിച്ചത്. പലരും പാട്ടു കേട്ട് ഒരുതരം ആത്മവിസ്മൃതിയുടെ തലത്തിലായിരുന്നു.'

ഏതു വ്യക്തിയുടെ ഉള്ളിലും ഒരു കാമുകനോ കാമുകിയോ ഉണ്ടാവുമെന്നു സുജാത പറയുന്നു: 'പ്രായം ഇക്കാര്യത്തില്‍ ഒരു ഘടകമാണെന്നു തോന്നുന്നില്ല. പ്രണയഗാനങ്ങള്‍ പ്രായഭേദമെന്യേ ആസ്വദിക്കപ്പെടുന്നത് ഈ കാമുകഹൃദയമുള്ളതുകൊണ്ടാണ്.'

നഷ്ടപ്പെട്ടുവെന്നു കരുതിയ പ്രണയം, 'ചന്ദനമണിവാതില്‍ പാതി ചാരി' എന്ന ഗാനത്തിലൂടെ വീണ്ടെടുക്കുകയും ഒടുവില്‍ വിവാഹിതരാകുകയും ചെയ്ത യുവമിഥുനങ്ങളെക്കുറിച്ചാണ് ജി. വേണുഗോപാലിന്റെ ഓര്‍മ. 'രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഈ ഗാനം ഫോണിലൂടെ പ്രണയിനിയെ കേള്‍പ്പിക്കുകയായിരുന്നു കാമുകന്‍. പാട്ടു തീര്‍ന്നപ്പോഴേക്കും ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നുവത്രേ. രണ്ടുപേരും ചേര്‍ന്ന് എനിക്ക് എഴുതിയ കത്തില്‍ ഗായകനു മാത്രമല്ല, വരികള്‍ എഴുതിയ ഏഴാച്ചേരി രാമചന്ദ്രനും സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്കുമെല്ലാമുണ്ട് നന്ദി.'
 

പൈങ്കിളി എന്നു പറഞ്ഞ് ഇത്തരം അനുഭവങ്ങളെ നിര്‍ദയം എഴുതിത്തള്ളാനായേക്കും നമുക്ക്. ഒന്നുമാത്രം ഓര്‍ക്കുക, ആരുടെയുള്ളിലാണ് ഒരിക്കലെങ്കിലും ഒരു കൊച്ചു പൈങ്കിളി ചിറകടിച്ചിട്ടില്ലാത്തത്?

(ഹൃദയഗീതങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] മോര്‍ച്ചറികളില്‍ ഉ റങ്ങുന്നവര്‍

 


കാണാതെപോയ സുഹൃത്തിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന അജ്ഞാതശവത്തെക്കുറിച്ചറിഞ്ഞത്. അതുവരെ മോര്‍ച്ചറി, വായനയില്‍ മാത്രം അറിഞ്ഞ, പരേതാത്മാക്കളുടെ ഊരിയെറിഞ്ഞുകളഞ്ഞ ശരീരങ്ങളുടെ കലവറയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ശീതീകരിച്ച മുറിയുടെ സുഖം അനുഭവിക്കാത്തവര്‍ മരിച്ചാല്‍, മോര്‍ച്ചറിയില്‍ കിടക്കാന്‍ ഭാഗ്യം ലഭിച്ചാല്‍ അതനുഭവിക്കാനാവുന്നു. തിളച്ചുമറിയുന്ന ഒരു വറവുചട്ടി മരണത്തെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളിലും അറിയാതെ കടന്നുവരുന്നു. ആത്മാവതില്‍ കിടന്ന് 'എരിപൊരി' കൊള്ളുന്നത് തികഞ്ഞ നിര്‍മമതയോടെ ഇടയ്‌ക്കൊക്കെ ആലോചിക്കാറുണ്ട്. ജീവിതത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങേണ്ട ശരീരത്തിന് സുഖശീതളമായ ഇത്തരമൊരു വാസഗൃഹം ഉണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ശവമുറി കാവല്‍ക്കാരന്‍ ഓരോ ശവത്തിന്റെയും മുഖക്കച്ച മാറ്റി പരേതാത്മാവിനെ പരിചയപ്പെടുത്തി. അവരുടെ നീണ്ട ഉറക്കത്തിനെ അലോസരപ്പെടുത്തുന്നതില്‍ എനിക്ക് കുണ്ഠിതമുണ്ടായിരുന്നു. എന്റെ സുഹൃത്തിനെ എനിക്ക് കണ്ടെത്താനായില്ല. അന്നല്ല, ഒരിക്കലും അവനെവിടെപ്പോയി മറഞ്ഞെന്ന് ഇടയ്‌ക്കൊക്കെ അതിശയിക്കാന്‍ വേണ്ടിമാത്രം ആ ശവമുറിയുടെ ഓര്‍മ ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. ശവമുറിയിലെ ശവങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന തട്ടുകള്‍ ഇടയ്ക്കിടെ എന്റെ ഓര്‍മയെ അലോസരപ്പെടുത്താറുണ്ട്.

എന്റെ മക്കള്‍ ചെറുപ്പത്തില്‍ മൂന്നു തട്ടുകളുള്ള ഒരു കട്ടിലിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഏതോ സിനിമയില്‍നിന്ന് അവര്‍ക്ക് വീണുകിട്ടിയ ഒരു ആശയമായിരുന്നു ഇത്. തീവണ്ടിയിലെ സ്ലീപ്പര്‍ ക്ലാസ്സില്‍ കുട്ടികള്‍ക്കൊപ്പം ഒരു യാത്ര നടത്തേണ്ടിവന്നപ്പോള്‍ ഈ ആഗ്രഹം ശക്തമായി. പക്ഷേ, എന്തുകൊണ്ടോ അതവര്‍ക്ക് സാധിച്ചുകൊടുക്കാന്‍ ആയില്ല. കുട്ടികള്‍ വളര്‍ന്നുകഴിഞ്ഞു. അവര്‍ക്കിന്ന് ആ ആഗ്രഹം കാണില്ല. കുട്ടികള്‍ക്കൊരുപാട് വാഗ്ദാനം നല്കലും അതൊക്കെ തെറ്റിക്കലും നിറഞ്ഞ ജീവിതമാണെന്റേത്. എന്റെ പ്രണയിനിയുടെ മനസ്സിലും ഞാന്‍ കൊടുത്ത ഒരുപാടു വാഗ്ദാനങ്ങള്‍ മരിച്ച് മരവിച്ചു കിടപ്പുണ്ടാവും. ഇത്തരം പാഴ്‌വാഗ്ദാനങ്ങള്‍ ആയിരിക്കണം എന്നെ ഇനിയും സ്‌നേഹിച്ചുകൊണ്ടിരിക്കാന്‍ അവരെ പ്രാപ്തരാക്കുന്നത്. വാഗ്ദാനങ്ങള്‍ കൊടുക്കാനും കിട്ടാനുമില്ലെങ്കില്‍ ഈ ജീവിതം എന്തിനു കൊള്ളും? ഒരു പ്രണയപ്രഖ്യാപനംപോലും മുഴുവനായി പാലിക്കാന്‍ കഴിയാത്ത വാഗ്ദാനമല്ലേ? ഈ കുറിപ്പെഴുതാന്‍ ആരംഭിക്കുമ്പോള്‍ ശവമുറിക്കൊപ്പം വാഗ്ദാനങ്ങളും സ്വപ്‌നങ്ങളും ചേര്‍ത്തുവെക്കാന്‍ ഞാന്‍ ആലോചിച്ചിരുന്നില്ല. പക്ഷേ, നിനച്ചിരിക്കാതെ കടന്നുവന്ന സ്വപ്‌നങ്ങള്‍ ശവമുറിയിലെ നിതാന്തസഹചാരികള്‍ ആണെന്ന് എനിക്കു തോന്നുന്നു.

ഇരുപതു കൊല്ലങ്ങള്‍ക്കു മുന്‍പുള്ള മരുഭൂമിയിലെ ആ രാത്രി ഞാനിന്നും ഓര്‍ക്കുന്നു. ഇതുപോലുള്ള ഒരുപാട് രാത്രികളില്‍ ഇതൊന്നുമാത്രം എന്തുകൊണ്ട് വേറിട്ടുനില്ക്കുന്നുവെന്ന് ഞാന്‍ പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സംഭവങ്ങളുടെ നൈരന്തര്യമായിരിക്കണം ഒരുകാലത്തെ മറ്റൊരു കാലത്തില്‍നിന്ന് വേര്‍തിരിക്കുന്നത്. ഒരു കാഴ്ചയെ മറ്റൊരു കാഴ്ചയുമായി മനസ്സ് അറിയാതെ ചേര്‍ത്തുവെക്കുന്നു. അന്ന് പകല്‍ സാദിനോടൊപ്പം അനുഭവിച്ച ഒട്ടകത്തിന്റെ പ്രശാന്തമരണം എന്നോടൊപ്പം കിടക്കയിലെത്തി. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്റെ മുറിയുടെ പുറത്ത് മരുഭൂമിയില്‍ നിലാവ് പൊഴിഞ്ഞുകൊണ്ടിരുന്നു. നിലാവിന് സ്വപ്‌നങ്ങളുടെ സുഗന്ധത്തിനൊപ്പം മരണത്തിന്റെ തീക്ഷ്ണഗന്ധവും ഉണ്ടെന്നു തോന്നി. മരുഭൂമിയില്‍ ആരുമറിയാതെ കാലം ചെയ്തുപോവുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ആത്മാവുകള്‍ സ്വര്‍ഗവാതിലും നരകവാതിലും തേടി ഈ നിലാവിലൂടെ ഉഴറിനടക്കുന്നുണ്ടാവണം.
അന്ന് തിരിച്ചുവരുന്ന വഴിയില്‍ സാദ് പറഞ്ഞു, മരുഭൂമിയില്‍ ശരീരം അഴുകുന്നില്ല. ഉണങ്ങി വരണ്ടുകിടക്കുന്നു. കാലം ചെല്ലുമ്പോള്‍ മണല്‍ക്കാറ്റില്‍ പൊടിഞ്ഞ് അകലങ്ങളിലേക്ക് ധൂളികളായി പരക്കുന്നു. ശരീരത്തിന്റെ വ്യാകരണനിയമങ്ങള്‍ മാത്രം പൊട്ടാതെ പൊളിയാതെ ഏറെക്കാലം കിടക്കുന്നു. ശരീരത്തിന്റെ സന്ധികളും സമാസങ്ങളും.

ഏറെനേരം ഉറങ്ങാന്‍ കഴിയാതെ കിടന്നപ്പോള്‍ ഞാന്‍ മുറിക്ക് പുറത്തിറങ്ങി. എന്റെ കാബിനോട് തൊട്ടുതന്നെയാണ് തൊഴിലാളികളുടെ താവളം. ചാരിയിരുന്ന വാതില്‍ പതുക്കെ തുറന്ന് ഞാനകത്തേക്ക് കടന്നു. ആ മുറി ജനലുകളിലൂടെ അരിച്ചെത്തുന്ന നിലാവില്‍ കുളിച്ചുകിടക്കുന്നു. പെട്ടെന്ന് അറിയാതെ ഞാന്‍ ആ പഴയ ശവമുറി ഓര്‍ത്തു. എന്താണ് അങ്ങനെ ഓര്‍ക്കാന്‍ കാരണമെന്ന് ഇന്നും എനിക്കറിയില്ല. പകലത്തെ മരണമാണോ, നിലാവാണോ, നിരത്തിയിട്ടിരിക്കുന്ന തട്ടുതട്ടായുള്ള കിടക്കകളാണോ? ആ നീണ്ട ശയനാഗാരത്തിന്റെ ഇരുവശവും മൂന്നു തട്ടുകളുള്ള കട്ടിലുകള്‍ നിരത്തിയിട്ടിരിക്കുന്നു. എല്ലാ തട്ടിലും ഓരോ മനുഷ്യശരീരം. ഒരു മനുഷ്യശരീരത്തിന് കിടക്കാനുള്ള ഇടമേ ഓരോ തട്ടിനുമുള്ളൂ. ഒരു മനുഷ്യനും അവന്റെ വേവലാതികള്‍ക്കുംകൂടി കിടക്കാനുള്ള സ്ഥലം ആ കിടക്കയ്ക്ക് ഇല്ല.

കട്ടിലുകള്‍ തീര്‍ത്ത ഇടനാഴിയിലൂടെ ഞാന്‍ നടന്നു. ആരെയോ തിരയുന്നതുപോലെ ഉറങ്ങുന്നവരുടെ മുഖങ്ങളിലേക്ക് ഞാനുറ്റുനോക്കി. ഉറക്കത്തില്‍ ആരെങ്കിലും ഉണര്‍ന്നാല്‍ ആ നിലാവില്‍ എന്നെക്കണ്ട് പേടിച്ചേനെ.

ഉറക്കത്തില്‍ അവരെല്ലാം സ്വപ്‌നങ്ങള്‍ കാണുന്നുണ്ടാവണം. ആ മുഖങ്ങളില്‍നിന്ന് ആ സ്വപ്‌നങ്ങള്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. അവരറിയാതെ അവരുടെ സ്വപ്‌നങ്ങളിലേക്ക് കടന്നുചെല്ലാന്‍ എനിക്കു കഴിഞ്ഞെങ്കില്‍.

ഈ ഓരോ തട്ടും ഓരോ കുടുംബമാണെന്ന് എനിക്കു തോന്നി. അവനൊറ്റയ്ക്കല്ല കിടക്കുന്നത്. അവനോടൊപ്പം അവന്റെ ജീവിതം മുഴുവനും കിടക്കുന്നു. ഓര്‍മകളും ആശകളും കാമനകളും നിറച്ച തലയണയില്‍ തലചായ്ച്ചാണ് ഓരോരുത്തനും ഉറങ്ങാന്‍ കിടക്കുന്നത്. പലപ്പോഴും ഓര്‍മകളില്‍ നല്കിട്ടാതെ അവന്‍ മുങ്ങിപ്പൊങ്ങി കിടക്കുന്നു. അവന്റെ മനസ്സും ശരീരവും പിടഞ്ഞുകൊണ്ടിരിക്കുന്നു. ആ പിടപ്പിന്റെ ശബ്ദം മുറി നിറയുന്നു. ഓരോ കിടക്കയും ജീവിതത്തിന്റെ ഒരു പിടപ്പാണ്. ഒടുങ്ങാത്ത പിടപ്പ്, ശമിക്കാത്ത ആശ.

ഇങ്ങനെ പിടഞ്ഞുപിടഞ്ഞ് ഒടുക്കം നാട്ടിലെത്തുമ്പോള്‍ അത്രയും കാലം സഹിച്ച വിങ്ങിപ്പൊട്ടലില്‍നിന്ന് രക്ഷപ്പെടാന്‍ അവന്‍ പൊങ്ങച്ചം നടിക്കുന്നു. ഒരു പാവം മനസ്സിന്റെ നൊമ്പരമാണ് ഈ മേനിനടിക്കലില്‍ ഉള്ളതെന്ന് അറിയാന്‍ ചുറ്റുമുള്ളവര്‍ വിസമ്മതിക്കുന്നു. പ്രവാസി മറ്റുള്ളവരുടെ കണ്ണില്‍ ഒരു നീചകഥാപാത്രമായി മാറുന്നത് അങ്ങനെയാണ്. അവനെ എല്ലാവര്‍ക്കും വേണം. പക്ഷേ, അവനെ ആര്‍ക്കും വേണ്ട. മരുഭൂമിയില്‍ അവന്‍ ഒറ്റയ്ക്കായിരുന്നു. അവന് ആശ്വാസം നല്കാന്‍ അവനോടൊപ്പം ഓര്‍മകള്‍ ഉണ്ടായിരുന്നു. തിരിച്ചുവരുന്ന പ്രവാസിക്ക് ആ ഓര്‍മകള്‍ പോലും കൈമോശം വരുന്നു.
അവന്‍ എന്നത്തെക്കാളും കൂടുതല്‍ ഒറ്റയാവുന്നു. ഒരു വിചിത്രകഥാപാത്രമായി അവന്‍ മാറുന്നു. വീണ്ടും തന്റെ മരുഭൂമികളിലേക്കുള്ള വഴി അവന്‍ തേടുന്നു. ഏറ്റവും കൂടുതല്‍ അവമതിക്കപ്പെട്ട മലയാളി പ്രവാസി ഗള്‍ഫുകാരനാണെന്ന് തോന്നുന്നു.

ഓരോ പ്രവാസിയും ഉത്പത്തിപുസ്തകത്തിലെ യോസേഫ് ആണ്. സഹോദരന്മാര്‍ യിശ്മായേലിയരായ സാര്‍ഥവാഹകര്‍ക്ക് ഇരുപതു ശേക്കല്‍ വെള്ളിക്ക് വില്ക്കപ്പെട്ടവര്‍.
യോസേഫ് സ്വപ്‌നങ്ങള്‍ കാണുന്നവനും വ്യാഖ്യാനിക്കുന്നവനും, അവന്റെ സ്വപ്‌നങ്ങളാണ് സഹോദരന്മാരുടെ പക വളര്‍ത്തിയത്. ഓരോ പ്രവാസിയെയും സ്വപ്‌നങ്ങളാണ് മരുഭൂമിയിലെത്തിച്ചത്.

ആ ഇടനാഴിയില്‍ വിവശനായി നില്ക്കുമ്പോള്‍ ഞാനിതൊക്കെയാണോ ആലോചിച്ചത്? ഓര്‍മയില്ല. പക്ഷേ, ആ മോര്‍ച്ചറിയെ ഞാന്‍ ഈ ശയനാഗാരത്തില്‍ അറിയാതെ പ്രതിഷ്ഠിച്ചുവെന്ന് ശരിക്കും ഓര്‍ക്കുന്നു.

വീടിനും വീട്ടുകാര്‍ക്കും വേണ്ടിയാണ് ഓരോരുത്തനും വീടിനെയും വീട്ടുകാരെയും ഉപേക്ഷിക്കുന്നത് എന്നതൊരു ദീനമായ സമസ്യയാണ്. ഈ ഉപേക്ഷിക്കല്‍ അവന്‍ സ്വയം നിരാകരിക്കുന്നതിനു തുല്യമാണ്. ഈ ഉപേക്ഷിച്ചതൊന്നും പിന്നീടൊരിക്കലും അവന് തിരിച്ചുപിടിക്കാന്‍ ആവുന്നില്ല എന്നതും സത്യം. ഈ വീട്ടിലേക്കും വീട്ടുകാര്‍ക്കിടയിലേക്കും അവന്‍ വീണ്ടും തിരിച്ചെത്തുമെങ്കിലും ആ സ്ഥലകാലങ്ങളില്‍ അവന്‍ തികച്ചും അന്യനാണ്. ആ കാണംകുഴിക്കൂറ് ചമയങ്ങളുടെ ഭാഗമല്ല അവന്‍. അവന്‍ കൊണ്ടുവരുന്ന അത്തര്‍ പൂശി അവന്റെ വിയര്‍പ്പുമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് ചുറ്റുമുള്ളവര്‍.

ഒരര്‍ഥത്തില്‍ കുടുംബത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി സ്വപ്‌നങ്ങളെ ശവമുറിയില്‍ കിടത്തിയവനാണ് ഗള്‍ഫ് മലയാളി. തന്റെ സ്വത്വത്തെ ഊരിയെറിഞ്ഞ് അവനും ശവമുറിയില്‍ ശയിക്കുന്നു. അവന് സ്വന്തമെന്നു പറയാന്‍ ആറടി നീളവും മൂന്നടി വീതിയുമുള്ള കിടപ്പിടം മാത്രം. ഈ ഇത്തിരിയിടത്തില്‍ അവനെത്തന്നെ നിറയ്ക്കാന്‍ അവന് സമയം കിട്ടുന്നുമില്ല. അവന്റെ കോട്ടും പാപ്പാസും സൂട്ടും കണ്ട് അവന്‍ സന്തുഷ്ടനാണെന്ന് ചുറ്റുമുള്ളവര്‍ നിനയ്ക്കുന്നു. ഈ ആലഭാരങ്ങള്‍കൊണ്ട് ഒളിപ്പിച്ച് അവന്‍ ജീവിതമാകുന്ന അനാഥശവത്തെ കാത്തുകിടക്കുന്നു.

(പ്രവാസിയുടെ കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
 

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___