കൊച്ചി: വനപാലകരെ മര്‍ദ്ദിച്ച കേസില്‍ സിനിമാ താരം കലാഭവന്‍ മണിക്കെതിരേ പോലീസ് ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു. തൃശൂര്‍ പോലീസാണ് സത്യവാംഗ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. മണിക്ക് മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നാണ് പോലീസ് നിലപാട്. ജാമ്യം നല്‍കിയാല്‍ മണി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും. ഇതോടെ കേസ് അട്ടിമറിക്കപ്പെടുമെന്നും പോലീസ് സത്യവാംഗ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്ന സാഹചര്യത്തിലാണ് പോലീസ് നിലപാട്. കേസില്‍ അറസ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മണിയുടെ ഹര്‍ജി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റര്‍ ചെയ്തതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി മണി മൈസൂരിലേക്ക് മുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് മണി പോലീസിനെ തല്ലിയ കേസ് റദ്ദാക്കിയതില്‍ വ്യാപകം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പോലീസ് നിലപാട്. കഴിഞ്ഞ 15-ന് അതിരപ്പിള്ളിയില്‍ നിന്നുള്ള യാത്രയ്ക്കിടെ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട വനപാലകരെ മര്‍ദിച്ചെന്നും അവരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്. സുഹൃത്തായ ഡോ.ഗോപിനാഥനോടും അദ്ദേഹത്തിന്റെ ഭാര്യയോടുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്.
Deepika |