Wednesday, 6 June 2012

[www.keralites.net] മണിയെ വെറുതെ വിടുക‍

 

ബുദ്ധിമാനായ മണി കൊല്ലപ്പെട്ട ആരുടേയും പേരുകള്‍ പറഞ്ഞിട്ടില്ല. ആരു കൊന്നു എന്നും പറഞ്ഞിട്ടില്ല. തനിക്കു കിട്ടിയ ചില വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അങ്ങനെ പ്രസംഗിച്ചതാണെന്നും പിന്നീട്‌ ആ വസ്‌തുതകള്‍ ശരിയല്ല എന്നു ബോധ്യപ്പെട്ടുവെന്നും മണി പറഞ്ഞുകഴിഞ്ഞാല്‍ അവിടെത്തീരുന്നതേയുള്ളൂ നിസാരമായ ഈ പ്രസംഗവിവാദം. എന്നാല്‍, മണി നടത്തിയത്‌ പീനല്‍കോഡിന്റെ പരിധിയില്‍ വരുന്ന കുറ്റസമ്മതമാണെന്നും അതിനാല്‍ മണിയുടെ പേരില്‍ കേസെടുത്ത്‌ പഴയ കൊലക്കേസുകളെല്ലാം വീണ്ടും

അന്വേഷിക്കണമെന്നും ഒക്കെയാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം. ഒരു കാര്യത്തെച്ചൊല്ലി നാം ബഹളം വയ്‌ക്കുകയും പിന്നീട്‌ ആ ബഹളം നമ്മെത്തന്നെ നയിക്കുകയും ചെയ്യുന്ന അവസ്‌ഥയുണ്ട്‌. അവിടെയാണ്‌ കേരള സമൂഹം എത്തിപ്പെട്ടിരിക്കുന്നത്‌. ഇത്തരം

ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ അവസാനിച്ചതെങ്ങനെയാണെന്നു പരിശോധിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ഒച്ചപ്പാടിന്റെ അര്‍ഥശൂന്യത മനസിലാകും.

വിവാദങ്ങളില്‍ അഭിരമിക്കുന്ന മലയാളി സമൂഹത്തിന്‌ ഓര്‍ക്കാപ്പുറത്തു വീണുകിട്ടിയ ആഘോഷമാണ്‌ എം.എം. മണിയുടെ പ്രസംഗം. ഒരു കാതലുമില്ലാത്ത ഈ പ്രശ്‌നം ഊതിവീര്‍പ്പിച്ച്‌ ചര്‍ച്ചചെയ്‌ത് ഒടുവില്‍ ക്രിമിനല്‍ കേസുവരെ എത്തിക്കുന്ന അവസ്‌ഥയായി. പൊതുപ്രസംഗത്തില്‍ വെല്ലുവിളികളും ഭീഷണികളും വീമ്പുപറച്ചിലുകളും സ്വാഭാവികമാണ്‌. അവരവരുടെ പ്രസംഗവൈഭവം അനുസരിച്ച്‌ പുതിയ ശൈലികളും പുത്തന്‍ പ്രയോഗങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അങ്ങനെയുള്ള ഒരു പരുക്കന്‍ശൈലീവല്ലഭനാണ്‌ എം.എം. മണി. അദ്ദേഹത്തിന്റെ വിവാദപ്രസംഗത്തിന്റെ പൂര്‍ണരൂപം മേയ്‌ 27ലെ മംഗളം പത്രം പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രസംഗം സൂക്ഷ്‌മമായി പരിശോധിച്ചാല്‍ എം.എം. മണി ഒരു വാചോടാപം നടത്തി എന്നല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കഴിയുകയില്ല.

ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ തല്ലിക്കൊന്നു, ഒന്നിനെ കുത്തിക്കൊന്നു - ഇതാണ്‌ മണി പറഞ്ഞതിലെ ഏറ്റവും ഭീകരമായ വെളിപ്പെടുത്തലായി എല്ലാവരും ചിത്രീകരിക്കുന്നത്‌. എന്നാല്‍, ബുദ്ധിമാനായ മണി കൊല്ലപ്പെട്ട ആരുടേയും പേരുകള്‍ പറഞ്ഞിട്ടില്ല. ആര്‌ കൊന്നു എന്നും പറഞ്ഞിട്ടില്ല. തനിക്കു കിട്ടിയ ചില വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അങ്ങനെ പ്രസംഗിച്ചതാണെന്നും പിന്നീട്‌ ആ വസ്‌തുതകള്‍ ശരിയല്ല എന്നു ബോധ്യപ്പെട്ടുവെന്നും മണി പറഞ്ഞുകഴിഞ്ഞാല്‍ അവിടെത്തീരുന്നതേയുള്ളൂ നിസാരമായ ഈ പ്രസംഗവിവാദം. എന്നാല്‍, മണി നടത്തിയത്‌ പീനല്‍കോഡിന്റെ പരിധിയില്‍ വരുന്ന കുറ്റസമ്മതമാണെന്നും അതിനാല്‍ മണിയുടെ പേരില്‍ കേസെടുത്ത്‌ പഴയ കൊലക്കേസുകളെല്ലാം വീണ്ടും അന്വേഷിക്കണമെന്നും ഒക്കെയാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം. ഒരു കാര്യത്തെച്ചൊല്ലി നാം ബഹളം വയ്‌ക്കുകയും പിന്നീട്‌ ആ ബഹളം നമ്മെത്തന്നെ നയിക്കുകയും ചെയ്യുന്ന അവസ്‌ഥയുണ്ട്‌. അവിടെയാണ്‌ കേരള സമൂഹം എത്തിപ്പെട്ടിരിക്കുന്നത്‌. ഇത്തരം ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ അവസാനിച്ചതെങ്ങനെയാണെന്നു പരിശോധിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ഒച്ചപ്പാടിന്റെ അര്‍ഥശൂന്യത മനസിലാകും.

ഗോപാല്‍ ഗോഡ്‌സെ, വിഷ്‌ണു കര്‍ക്കരെ, മദന്‍ലാല്‍ പഹ്‌വാ എന്നിവര്‍ ഗാന്ധിവധക്കേസിലെ ശിക്ഷാ കാലാവധി കഴിഞ്ഞ്‌ 1964ല്‍ പുറത്തിറങ്ങി. പൂനയില്‍ അവര്‍ക്കായിട്ടൊരുക്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിച്ചത്‌ ബാലഗംഗാധര തിലകന്റെ കൊച്ചുമകനും തരുണ്‍ഭാരത്‌ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായിരുന്ന ഡോ. ജി.വി. കേത്‌കറാണ്‌. ഗാന്ധി വധിക്കപ്പെടുമെന്നു സംഭവത്തിന്റെ ആറുമാസം മുമ്പുതന്നെ തനിക്കറിയാമായിരുന്നുവെന്നും വിവരം അന്നുതന്നെ ബോംബെ പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന ബി.ജി. ഖേറിനെ അറിയിച്ചിരുന്നുവെന്നും കൊലപാതകം തടയാന്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും കേത്‌കര്‍ വെളിപ്പെടുത്തി. മഹാരാഷ്‌ട്ര നിയമസഭയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ ബഹളമായി. ആഭ്യന്തരമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഗാന്ധിവധത്തിന്റെ ഗൂഢാലോചന പുനരന്വേഷിക്കാന്‍ ആര്‍.എസ്‌. പാഠക്‌ എന്ന സുപ്രീംകോടതി വക്കീലിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു. കേത്‌കര്‍ അറസ്‌റ്റിലായി. താമസിയാതെ പാഠക്‌ കേന്ദ്ര നിയമമന്ത്രിയായി നിയമിതനായി. അങ്ങനെ 1966ല്‍ സുപ്രീംകോടതിയിലെ റിട്ടയേര്‍ഡ്‌ ജഡ്‌ജി ജീവന്‍ലാല്‍ കപൂര്‍ ഏകാംഗ കമ്മിഷന്റെ തലവനായി. 1969ല്‍ അദ്ദേഹം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍ മൊറാര്‍ജി ദേശായി അടക്കം 101 സാക്ഷികളെ വിസ്‌തരിച്ചു കഴിഞ്ഞിരുന്നു. നാനൂറില്‍പരം രേഖകള്‍ പരിശോധിച്ചുനോക്കിയ കമ്മിഷന്‌ പ്രത്യേകിച്ച്‌ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേത്‌കര്‍ പൊടിയുംതട്ടി പോകുകയും ചെയ്‌തു. സര്‍ക്കാര്‍ ഖജനാവില്‍നിന്നു ലക്ഷങ്ങള്‍ ചെലവായതു മിച്ചം. കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിച്ച വേറൊരു വെളിപ്പെടുത്തല്‍ നടത്തിയത്‌ ഇ.കെ. നായനാരായിരുന്നു. പ്രമുഖ ചാനലിനു കൊടുത്ത അഭിമുഖത്തില്‍ മലബാര്‍ ഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പനെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കൊലയില്‍നിന്നു കേളപ്പന്‍ രക്ഷപ്പെട്ടെന്നും നായനാര്‍ വെളിപ്പെടുത്തി. അന്നും കുറെ ബഹളമൊക്കെ നടന്നെങ്കിലും നായനാര്‍ക്കെതിരേ കേസോ നടപടികളോ ഗൂഢാലോചനയുടെ പുനരന്വേഷണമോ ഒന്നും നടന്നില്ല.

ഇതിലും സംഭ്രമജനകമായിരുന്നു വര്‍ഗീസ്‌ വധത്തിന്റെ കുറ്റം ഏറ്റുപറഞ്ഞുകൊണ്ടുള്ള കോണ്‍സ്‌റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍. 1998 ലായിരുന്നു ആ സംഭവം. സംസ്‌ഥാന സര്‍ക്കാര്‍ കേസ്‌ പുനരന്വേഷിക്കാന്‍ മടിച്ചപ്പോള്‍ കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജികളുടെ പ്രവാഹമായിരുന്നു. അങ്ങനത്തെ ഒരു ഹര്‍ജിയില്‍ 1999 ജനുവരി 11-ാം തീയതി രാമചന്ദ്രന്‍ നായര്‍ കുറ്റമേറ്റു പറഞ്ഞുകൊണ്ടും ശിക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടും ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. ജനുവരി 27ന്‌ വര്‍ഗീസ്‌ വധക്കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്നു ഹൈക്കോടതി വിധിച്ചു.

എന്നാല്‍, സി.ബി.ഐ. അന്വേഷണം പൂര്‍ത്തിയാകും മുമ്പ്‌ രാമചന്ദ്രന്‍ നായര്‍ മരിച്ചുപോയി. പക്ഷേ, 1977ല്‍ തന്നെ തന്റെ പ്രിയസുഹൃത്തായ ജയദേവന്‍ എന്നയാളെക്കൊണ്ട്‌ വര്‍ഗീസിനെ വധിച്ചത്‌ താനാണെന്നുള്ള കുറ്റസമ്മതം രാമചന്ദ്രന്‍ നായര്‍ കത്തിന്റെ രൂപത്തില്‍ തയാറാക്കുകയും അതു ഗ്രോ വാസുവിന്‌ എത്തിക്കുകയും ചെയ്‌തിരുന്നു. അങ്ങനെ ഗ്രോ വാസുവും ജയദേവനും ഈ കേസില്‍ സാക്ഷികളായി. കൂടാതെ കെ. വേലായുധന്‍ എന്ന ഒരാളും ഈ സംഭവം രാമചന്ദ്രന്‍ നായര്‍ തന്നോട്‌ പറഞ്ഞിരുന്നതായി വെളിപ്പെടുത്തി. മുഹമ്മദ്‌ ഹനീഫ എന്ന കോണ്‍സ്‌റ്റബിള്‍ കൃത്യം നടക്കുമ്പോള്‍ രാമചന്ദ്രന്‍ നായരുടെ കൂടെ താനുണ്ടായിരുന്നു എന്നു കോടതിയെ ബോധ്യപ്പെടുത്തി. അങ്ങനെ രാമചന്ദ്രന്‍ നായരുടെ സ്വന്തം സത്യവാങ്‌മൂലവും ശക്‌തരായ മറ്റു സാക്ഷികളും ഉള്ളതുകൊണ്ട്‌ മാത്രമാണ്‌ അന്നു തലശേരി ഡിവൈ.എസ്‌.പി. ആയിരുന്ന ലക്ഷ്‌മണ ശിക്ഷിക്കപ്പെട്ടത്‌. അപ്പോള്‍പോലും കേസിലെ മൂന്നാംപ്രതിയായിരുന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ പി. വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വിട്ടയച്ചു. ലക്ഷ്‌മണ സുപ്രീംകോടതി വരെ അപ്പീല്‍ പോയെങ്കിലും രക്ഷപ്പെട്ടില്ല. അതിനു കാരണം രാമചന്ദ്രന്‍ നായരുടെ സത്യവാങ്‌മൂലവും കോണ്‍സ്‌റ്റബിള്‍ മുഹമ്മദ്‌ ഹനീഫയുടെ ദൃക്‌സാക്ഷിമൊഴിയും ഗ്രോ വാസുവിന്റേയും ജയദേവന്റേയും വേലായുധന്റേയും പഴുതടച്ചുള്ള സാക്ഷിമൊഴികളുമായിരുന്നു.

എം.എം. മണിയുടെ കാര്യത്തില്‍ ഇങ്ങനെയുള്ള സത്യവാങ്‌മൂലമോ ദൃക്‌സാക്ഷിയോ മറ്റു സാക്ഷികളോ ഇല്ല. പൊതുപ്രസംഗത്തില്‍ അണികളുടെ ആവേശം കൂട്ടാന്‍ മാത്രം ഉതകിയ ഒരു അസത്യകഥനമാണ്‌ എം.എം. മണിയുടെ പ്രസംഗം എന്നുവേണം കരുതാന്‍. അതല്ല എം.എം. മണിയുടെ പ്രസംഗം സത്യമാണ്‌ എന്നു കരുതുക. അങ്ങനെയാണെങ്കില്‍ പ്രസംഗത്തില്‍ മണി പറഞ്ഞ മറ്റുകാര്യങ്ങളും സത്യമാണ്‌ എന്നുവരും. മൂന്നെണ്ണത്തെ കൊന്നു എന്നു പറഞ്ഞ മണിതന്നെയാണ്‌ ടി.പി. ചന്ദ്രശേഖരനെ ഞങ്ങള്‍ കൊന്നില്ല എന്നും പറയുന്നത്‌. അപ്പോള്‍ അതും സത്യമാണെന്നു വരില്ലേ? അതേ ശ്വാസത്തില്‍, അനീഷ്‌ രാജ്‌ എന്ന പയ്യനെ കൊന്നതു പി.ടി. തോമസിന്റെ ഗുണ്ടകളാണ്‌ എന്നും മണി പ്രസംഗിക്കുന്നു. ഇതും സത്യമാണെന്നു വരുമോ? അങ്ങനെയെങ്കില്‍ പി.ടി. തോമസിന്റെ പേരിലും കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം ആരംഭിക്കേണ്ടതല്ലേ? ഒരു പൊതുപ്രസംഗത്തിലെ അതിഭാവുകത്വം ക്രിമിനല്‍ കേസാക്കി മാറ്റിയാല്‍ നാം ചാടുന്നത്‌ അബദ്ധങ്ങളില്‍നിന്ന്‌ അബദ്ധങ്ങളിലേക്കായിരിക്കും. ഇത്തരം കേസുകളൊന്നുംതന്നെ ഒരു മജിസ്‌ട്രേറ്റ്‌ കോടതിയുടെ വരാന്തയില്‍ പോലും നിലനില്‍ക്കുകയില്ല.

കൈയില്‍ പോലീസും നാട്ടില്‍ പീനല്‍കോഡും ഉള്ളപ്പോള്‍ ആഭ്യന്തരവകുപ്പിന്‌ ആരെയും അറസ്‌റ്റ് ചെയ്യാം. അതിന്‌ ഒരു പ്രസംഗത്തിന്റെ പോലും ആവശ്യമില്ല. കൊലപാതകക്കേസിലോ മറ്റെന്തെങ്കിലും വിഷയത്തിലോ സംശയമുണ്ട്‌ എന്നുപറഞ്ഞ്‌ ഒരു പൗരനെ സ്‌റ്റേഷനിലേക്കു വിളിപ്പിക്കാനും ചോദ്യംചെയ്യാനും വേണ്ടിവന്നാല്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങാനും എല്ലാം പോലീസിന്‌ അധികാരമുണ്ട്‌. എന്നു കരുതി തൊട്ടതിനും പിടിച്ചതിനുമെല്ലാം ആ അധികാരം ദുരുപയോഗം ചെയ്യരുത്‌.

പൊതുയോഗങ്ങളിലും ജാഥകളിലും മറ്റും സ്‌ഥിരം മുഴങ്ങിക്കേള്‍ക്കാറുള്ള മുദ്രാവാക്യങ്ങളാണ്‌ - പകരം ഞങ്ങള്‍ ചോദിക്കും, അമ്മേക്കണ്ടു മരിക്കില്ല, ഇല്ലം കണ്ടുമരിക്കില്ല, ചോരച്ചാലുകള്‍ നീന്തിക്കയറും - ഇങ്ങനെയൊക്കെയുള്ളവ. ഇതെല്ലാം വധഭീഷണിയാണെന്നും അതിനാല്‍ മുദ്രാവാക്യം വിളിച്ചവരും വിളിപ്പിച്ചവരും ജാഥയ്‌ക്കു ശേഷമുള്ള യോഗത്തില്‍ പ്രസംഗിച്ചവരും മറ്റും വധോദ്യമം, ഗൂഢാലോചന, തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്‌തവരാണെന്നും വന്നാല്‍ ഈ നാട്ടില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം ആര്‍ക്കെങ്കിലും നടത്താന്‍ പറ്റുമോ?

ഇതിലും ഗൗരവമുള്ള ക്രിമിനല്‍ സംഭവങ്ങളും മൊഴിമാറ്റങ്ങളും അടുത്തകാലത്തുതന്നെ നടന്നിട്ടുണ്ട്‌ എന്നു ബന്ധപ്പെട്ടവരെ വിനയപൂര്‍വം അറിയിക്കട്ടെ. ഇറ്റാലിയന്‍ കപ്പലില്‍നിന്നു വെടിയേറ്റുമരിച്ചവരുടെ കേസില്‍പ്പെട്ട സെന്റ്‌ ആന്റണീസ്‌ എന്ന ബോട്ടിന്റെ ഉടമ ഫ്രെഡി 17 ലക്ഷം രൂപ വാങ്ങിച്ച്‌ യേശുവിന്റെ നാമത്തില്‍ കുറ്റവാളികള്‍ക്കു മാപ്പു കൊടുക്കുകയും അവരെപ്പറ്റി എങ്ങും യാതൊരു പരാതിയും ഉന്നയിക്കുകയില്ലെന്നും പറഞ്ഞത്‌ ആഴ്‌ചകള്‍ക്കു മുമ്പാണ്‌. തുടര്‍ന്ന്‌ ബോട്ട്‌ അതിവേഗത്തിലായിരുന്നെന്നും അതോടിക്കുന്ന ആളിന്‌ ലൈസന്‍സ്‌ ഉണ്ടായിരുന്നില്ലെന്നും കപ്പലില്‍നിന്നു നിരന്തരം ലൈറ്റും സൈറണും അടിച്ചുകൊണ്ടേയിരുന്നു എന്നും വെടിയുണ്ടകള്‍ എവിടെനിന്നു വന്നു എന്നറിയില്ല എന്നും മറ്റും ഫ്രെഡി പത്രക്കാരോട്‌ പറഞ്ഞു.

ഈ ഒത്തുതീര്‍പ്പില്‍ ക്ഷുഭിതരായി ഇതിനെ ചോദ്യംചെയ്‌തത്‌ സാമാന്യക്കാരല്ല. രാജ്യത്തെ അത്യുന്നത നീതിപീഠമായ സുപ്രീം കോടതിയിലെ ജഡ്‌ജിമാരാണ്‌. പരിഭ്രമിച്ചുപോയ കേരളത്തിന്റെ പ്രശസ്‌തനായ വക്കീല്‍ ഗോപാല്‍ സുബ്രഹ്‌മണ്യം ഈ ഒത്തുതീര്‍പ്പ്‌ സര്‍ക്കാര്‍ ചോദ്യംചെയ്യുമെന്നും മൊഴിമാറ്റിയവരുടെ പേരില്‍ തക്കതായ നിയമനടപടി എടുക്കുമെന്നും സുപ്രീംകോടതിയെ ബോധിപ്പിച്ചു. ഇറ്റലിയുടെ വക്കീലായിരുന്ന ഹരീഷ്‌ സാല്‍വെയും ഭയന്നുപോയി. തങ്ങള്‍ ക്രിമിനല്‍ കേസ്‌ തീര്‍പ്പാക്കിയതല്ലെന്നും ജീവകാരുണ്യപരമായ ഒരു പ്രവൃത്തിമാത്രമായിരുന്നു ആ പണം കൈമാറ്റമെന്നും കോടതിയെ ബോധിപ്പിച്ചു. കേരളാ സര്‍ക്കാരിനോട്‌ വകുപ്പും ചട്ടവും ഉദ്ധരിച്ച്‌ കേസെടുക്കാന്‍ ഗോപാല്‍ സുബ്രഹ്‌മണ്യം ആവശ്യപ്പെടുകയും ചെയ്‌തു. ഇന്നും ആ നിര്‍ദേശം നടപ്പായിട്ടില്ല.

എന്റിക്ക ലെക്‌സി വെടിവെയ്‌പു കേസ്‌ കൈവിട്ടുപോകാതിരിക്കാന്‍ താന്‍ കെ.വി. തോമസിനോടും കേരളാ നിയമസഭയിലെ കത്തോലിക്കാ മന്ത്രിമാരോടും ആവശ്യപ്പെട്ടു എന്ന്‌ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി വെളിപ്പെടുത്തിയിരുന്നു. നാലുപാടുനിന്നും വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന്‌ അദ്ദേഹം നടത്തിയ വിശദീകരണത്തില്‍ താന്‍ മധ്യസ്‌ഥനാവാന്‍ ആഗ്രഹിച്ചിട്ടില്ല എന്നുമാത്രമാണു പറഞ്ഞിട്ടുള്ളത്‌. കേസില്‍ ഇടപെടുകയില്ലെന്നോ കത്തോലിക്കാ മന്ത്രിമാരെ വിളിച്ചിട്ടില്ലെന്നോ കര്‍ദിനാള്‍ ഇതുവരെ പറഞ്ഞിട്ടില്ല.

ഫിദെസ്‌ എന്ന വാര്‍ത്താ ഏജന്‍സി തന്റെ അഭിമുഖം പിന്‍വലിച്ചെന്നും അവര്‍ തന്നോട്‌ മാപ്പുപറഞ്ഞു എന്നും മാര്‍ ആലഞ്ചേരി അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും ആ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ അദ്ദേഹത്തിന്റെ അഭിമുഖം തിളങ്ങിനില്‍ക്കുന്നു. ഈ ഗൂഢാലോചനയിലും കേരള സര്‍ക്കാര്‍ നടപടി എടുത്തുകാണുന്നില്ല. പകരം അല്‍പം അശാന്തനായി എം.എം. മണി സംസാരിച്ചതാണ്‌ സര്‍ക്കാരിനേയും പോലീസിനേയും പൊതുസമൂഹത്തേയും ആശങ്കപ്പെടുത്തുന്ന വിഷയം! മണിയെ അറസ്‌റ്റ് ചെയ്യാം. മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി അധികാരത്തിലില്ലാത്തതുകൊണ്ട്‌ അവര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുകയുമില്ല. ഒരു ശല്യക്കാരനായ വ്യവഹാരിയായിട്ടും ദുര്‍വാശിക്കുവേണ്ടി പൊതുപണം ദുരുപയോഗം ചെയ്യുന്ന കരുതലില്ലാത്ത ഭരണാധികാരിയായിട്ടും അറിയപ്പെടാനാണ്‌ ഉമ്മന്‍ചാണ്ടിയുടെ തീരുമാനമെങ്കില്‍ അദ്ദേഹത്തെ ദൈവം സഹായിക്കട്ടെ.

ടി.ജി. മോഹന്‍ദാസ്‌ (കൊച്ചിയിലെ റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ ഫൗണ്ടേഷന്‍ ഡയറക്‌ടറാണ്‌ ലേഖകന്‍)

 

 

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] പൊറോട്ട യുദ്ധം

 

പൊറോട്ട യുദ്ധം

മുരളി തുമ്മാരുകുടി


 



കേരളത്തിലെ പ്രശസ്തരും പ്രഗത്ഭരും ആയ പല ട്രേഡ് യൂണിയന്‍ നേതാക്കളും പയറ്റിത്തെളിഞ്ഞത് ഉദ്യോഗമണ്ഡല്‍ വ്യവസായ മേഖലയില്‍ ആണ്. അതുകൊണ്ടു തന്നെ പല തൊഴിലാളി സമരങ്ങളുടെയും കഥ അവിടെ ഉണ്ടാകുമല്ലോ. ഇന്ത്യന്‍ റെയര്‍ എര്‍ത്തിലെ കാന്റീനിലെ പപ്പടത്തിന്റെ അളവോ വലിപ്പമോ മാറ്റിയതിനെ ചൊല്ലി ഉണ്ടായ പപ്പടസമരം തൊഴിലാളി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അച്ഛന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. എന്തിനും ഏതിനും സമരം ചെയ്യുന്ന കാലം എല്ലാം പോയി. ഉദ്യോഗമണ്ഡല്‍ മേഖലയില്‍ ഇപ്പോള്‍ കാര്യമായ തൊഴില്‍ കുഴപ്പങ്ങള്‍ ഒന്നും കേള്‍ക്കാറില്ല. 

ഇതു ഞാന്‍ ഓര്‍ക്കാന്‍ കാരണം, ഫേസ്ബുക്കില്‍ ഇപ്പോള്‍ ഒരു പൊറോട്ടയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തു, അതു ശുദ്ധീകരിക്കുന്ന രീതി അതിനുപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ എന്നിങ്ങനെ പലതും ആരോഗ്യത്തിന് ഹാനികരമാണെന്നും അതുകൊണ്ടുതന്നെ പൊറോട്ട വര്‍ജ്ജിക്കേണ്ടതോ നിരോധിക്കേണ്ടതോ ആണെന്നാണ് ഒരു പക്ഷം. പൊറോട്ടക്കെതിരെയുള്ള ആരോപണങ്ങള്‍ തികച്ചും ശാസ്ത്രീയം അല്ലെന്നു മറുപക്ഷം.

കെന്റക്കി ഫ്രൈഡ് ചിക്കനെതിരെയും അജിനോമോട്ടോക്കെതിരെയും ഒക്കെയുള്ള ലോകവ്യാപകമായ ചില ക്യാമ്പയിനുകള്‍ പണ്ട് മലയാളികള്‍ ഏറ്റു പിടിച്ചിട്ടുണ്ടെങ്കിലും അവിയലിനോ ഉടുപ്പിഹോഡട്ടലുകള്‍ക്കോ എതിരെ ഒന്നും ഒരു കാലത്തും ക്യാമ്പയിന്‍ ഉണ്ടായിട്ടില്ല. അതു കൊണ്ടുതന്നെ നമ്മുടെ ഭക്ഷണലോകത്തും സോഷ്യല്‍ മീഡിയയിലെ തനതുക്യാമ്പയിന്‍ രംഗത്തും ഈ പൊറോട്ടയുദ്ധം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

പൊറോട്ട, അത് ബീഫിന്റെ കൂടെ ആയാലും മട്ടന്‍ ചാപ്‌സിന്റെ കൂടെ ആയാലും വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. പക്ഷെ ജീവിതത്തില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ള ഒരു പാഠം നമുക്ക് ഇഷ്ടപ്പെടുന്ന പ്രവര്‍ത്തികളും സ്വഭാവരീതികളും ഭക്ഷണങ്ങളും എല്ലാം പൊതുവെ സാമൂഹ്യപരമായി തെറ്റോ ആരോഗ്യത്തിനുഹാനികരമോ ആയിട്ടാണ് കണക്കാക്കപ്പെടാറ്. മഴയില്‍ കുടയില്ലാതെ നടക്കുന്നത്, പ്രേമിക്കുന്നത്, എരിവുള്ള മിക്‌സ്ചറും കൂട്ടി ഒരു സ്മാള്‍ അടിക്കുന്നത് എല്ലാം ഇതുപോലെ സന്തോഷദായകവും എന്നാല്‍ മറ്റുള്ളവര്‍ തെറ്റു പറയുന്നവയും ആണ്.

ലോകത്തെ പ്രധാനമായ പല ഭക്ഷണപാനീയങ്ങളും ആരോഗ്യത്തിനു നല്ലതോ ചീത്തയോ എന്ന് ഗവേഷണങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. ചായ, കാപ്പി, ബിയര്‍, വൈന്‍ എന്നീ പാനീയങ്ങള്‍ . പ്രത്യേകിച്ചും ഇവയില്‍ ചായ പൊതുവെ ആരോഗ്യത്തിനു നല്ലതും (പ്രത്യേകിച്ച് ഗ്രീന്‍ ടീ) കാപ്പി മോശവും ആണെന്നാണ് ഒരു പൊതുധാരണ. മദ്യത്തിന്റെ കാര്യം ഞാന്‍ മുമ്പുപറഞ്ഞിട്ടുണ്ട്.

എന്നാല്‍ സംഭവം അത്ര സ്‌ട്രെയിറ്റ് ഫോര്‍വാര്‍ഡ് അല്ല. പ്രമേഹത്തെ പ്രതിരോധിക്കുന്നതുള്‍പ്പെടെയുള്ള പല ഗുണങ്ങളും കാപ്പിയില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുന്നതുപോലുള്ള ദൂഷ്യങ്ങളും. പണ്ട് ചെറുപ്പത്തില്‍ രാവിലെ ഒരു നേരം ആണ് വീട്ടില്‍ കാപ്പിയുണ്ടായിരുന്നത്. എന്നാല്‍ യൂറോപ്പിലെ പല ഓഫീസുകളിലും ഫ്രീയായി ഏതു സമയത്തും ഉപയോഗിക്കാവുന്ന കോഫി മെഷീന്‍ ഉണ്ട്. ദിവസം പത്തോ അതിലധികമോ കാപ്പി കുടിക്കുന്നവര്‍ അപൂര്‍വമല്ല. ഭക്ഷണമോ പാനീയമോ ഏതുമാകട്ടെ ധാരാളം കഴിച്ചാല്‍ പാരയാകാനാണു വഴി. അതു പാവക്കയോ കുമ്പളങ്ങ ജൂസോ ആയാല്‍ പോലും.

നല്ലവനായ ചായയുടെ കാര്യത്തിലും നമ്മള്‍ മലയാളികള്‍ ശ്രദ്ധിക്കണം. ചായയെപ്പറ്റിയുള്ള ഗവേഷണം മുഴുവന്‍ ചൂടുവെള്ളത്തില്‍ ചായപ്പൊടി മാത്രം ഇട്ടു ചായയുണ്ടാക്കുന്ന നാട്ടില്‍ നിന്നാണ്. വെള്ളമോ പാലോ തിളപ്പിച്ച് അതില്‍ ചായപ്പൊടിയും പഞ്ചസാരയും ആവശ്യത്തിനോ കൂടുതലോ ഇട്ട് ദിവസം ആറുനേരം കുടിച്ച് പ്രമേഹം വരികയോ ബ്ലഡ്പ്രഷര്‍ കുറയാതിരിക്കുകയോ ചെയ്താല്‍ പാവം ചായയുടെ മെക്കിട്ട് കയറരുത്.

ചായയാണോ കാപ്പിയാണോ നല്ലത് എന്ന് ശാസ്ത്രീയമായി അറിയണമെങ്കില്‍ ഒരു പോലുള്ള കുറേ ആളുകളെ ചായ മാത്രവും മറ്റുള്ളവരെ കാപ്പി മാത്രവും കൊടുത്ത് ശീലിപ്പിക്കുക. എന്നിട്ട് അവരുടെ ആരോഗ്യം എവിടെ എത്തുന്നു എന്നു കണ്ടു പിടിക്കുക. ഇങ്ങനെ ഒരു പരീക്ഷണം പണ്ട് റഷ്യയിലെ ഏതോ ചക്രവര്‍ത്തി നടത്തിയത്രെ. ജയില്‍പുള്ളികള്‍ ആയിരുന്നു പരീക്ഷണത്തിലെ ഗിനി പന്നികളായി ഉപയോഗിച്ചിരുന്നത്. പക്ഷെ ചായയോ കാപ്പിയോ കുടിക്കാതിരുന്ന ചക്രവര്‍ത്തി തന്നെ ആദ്യം വടിയായിപ്പോയതുകൊണ്ട് പരീക്ഷണം അന്ത്യം കണ്ടില്ല.

മക്‌ഡൊണാള്‍സിലെ ഭക്ഷണം ആരോഗ്യത്തിന് നല്ലതോ ചീത്തയോ എന്നറിയാന്‍ അമേരിക്കക്കാരനായ ഒരു വിദ്വാന്‍ ഒരു പരീക്ഷണം നടത്തി. ഒരു മാസത്തേക്ക് മൂന്നു നേരവും മക്‌ഡൊണാള്‍ഡിലെ ഭക്ഷണം മാത്രം കഴിക്കുക. എന്നിട്ട് വണ്ണവും തൂക്കവും ലിവര്‍ ഫങ്ഷനും മറ്റ് രക്ത പരിശോധനകളും ബ്ലഡ്പ്രഷറും ഒക്കെ നോക്കുക ഇതായിരുന്ന അദ്ദേഹത്തിന്റെ പരീക്ഷണം. ഒരു മാസം കൊണ്ട് അദ്ദേഹത്തിന് പതിനൊന്ന് കിലോ കൂടി. മടിയും ഡിപ്രഷനും ലൈംഗിക പ്രശ്‌നങ്ങളും ഉള്‍പ്പെടെ പല ശാരീരിക മാനസിക പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായി എന്നാണ് 'സൂപ്പര്‍ സൈസ് മി' എന്ന ഡോക്യുമെന്ററിയില്‍ മോര്‍ഗന്‍സ് പര്‍ലോക്ക് വെളിപ്പെടുത്തിയത്. 

പൊറോട്ടയുടെ കാര്യത്തില്‍ ഇങ്ങനെ വേണമെങ്കില്‍ ഒരു പരീക്ഷണം നടത്തിനോക്കാവുന്നതാണ്. ഒരു മാസത്തേക്ക് എല്ലാ ദിവസവും രാവിലെ പൊറോട്ടയും മുട്ടക്കറിയും (കോഴിക്കോട്ടെ പോലെ), ഉച്ചക്ക് പൊറോട്ടയും മട്ടന്‍ ചാപ്‌സും (പെരുമ്പാവൂരിലെ പോലെ) രാത്രി പൊറോട്ടയും ബീഫും (തട്ടുകടയിലെ പോലെ). എന്നിട്ട് ശാരീരിക മാനസിക ആരോഗ്യം പരിശോധിക്കുക.

ഇങ്ങനെയൊരു പരീക്ഷണം നടത്താന്‍ വളണ്ടിയര്‍മാരെ അനവധികിട്ടുമെങ്കിലും അത് ശാസ്ത്രീയമല്ല എന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. മക്‌ഡൊണാള്‍ഡിനെപ്പറ്റിയുണ്ടാക്കിയ ഡോക്യുമെന്ററി സൂപ്പര്‍ ഹിറ്റായി സ്പര്‍ലോക്ക് കോടീശ്വരനും ആയി. പക്ഷെ എല്ലാ നേരവും പൊറോട്ട തിന്ന് ആരോഗ്യം മോശമായി എന്നു പറഞ്ഞാല്‍ അതു വല്യ സംഭവം ആയി എടുക്കാനോ സിനിമ കാണാനോ മലയാളികളെ കിട്ടില്ല. ഡോക്യുമെന്ററിക്കാരനെ ഊളന്‍പാറയില്‍ അയക്കുകയും ചെയ്യും. 

അപ്പോള്‍ പ്രധാനമായ കാര്യം എന്തുകഴിക്കുന്നു എന്നതല്ല. എത്രമാത്രം കഴിക്കുന്നു എന്നതും ഭക്ഷണം എങ്ങനെ പാചകം ചെയ്യുന്നു എന്നതും ഒക്കെയാണ്. വെജിറ്റേറിയന്‍ ഭക്ഷണം പൊതുവെ നല്ലതാണെന്ന് നാമൊക്കെ പറയാറുണ്ടെങ്കിലും വടക്കേ ഇന്ത്യയില്‍ കശുവണ്ടിപ്പരിപ്പിന്റെ കറിയില്‍ പാല്‍ക്കട്ടി മുറിച്ചിട്ട് മസാലയും ചേര്‍ത്ത് നെയ്യില്‍ വറുത്തുണ്ടാക്കുന്ന പനീര്‍ മഖന്‍ മസാല കഴിച്ചിട്ട് ആരോഗ്യം നന്നായില്ല എന്നു പറയുന്നത് വെജിറ്റബിളിന്റെ കുറ്റം ആണോ?

നല്ല ഭക്ഷണശീലത്തേയും ആരോഗ്യപരിപാലനത്തേയും പറ്റി പറയാന്‍ തൊണ്ണൂറിലേറെ കിലോ തൂക്കവും കുടവയറും ഹൈപ്പര്‍ ടെന്‍ഷനും ഉള്ള മുരളി സാറിന് എന്ത് അവകാശം എന്ന് ചിലര്‍ക്കെങ്കിലും തോന്നാം. പക്ഷെ അവര്‍ ശ്രീ.സന്തോഷ് പണ്ഡിറ്റിന്റെ സൂപ്പര്‍ ഹിറ്റ് ഡയലോഗ് ഓര്‍ക്കുക.
'ഒരു കോഴിയുടെ നിറം കറുപ്പാണെന്നു കരുതി അതിടുന്ന മുട്ട വെളുത്തതാകാന്‍ പാടില്ല എന്നു നിര്‍ബന്ധം പിടിക്കരുത്'.

Mathrubhumi Web Edition

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___